ഒമാൻ ഗ്രാൻഡ് പ്രിക്സ് ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ എട്ട് മുതൽ
text_fieldsഒമാൻ ഗ്രാൻഡ് പ്രിക്സ് ബാഡ്മിന്റൺ ടൂർണമെന്റുമായി ബന്ധപ്പെട്ട് സംഘാടകർ നടത്തിയ
വാർത്തസമ്മേളനം
മസ്കത്ത്: ഒമാൻ ഗ്രാൻഡ് പ്രിക്സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ മൂന്നാം പതിപ്പിന് മസ്കത്ത് ഗാലയിലെ എ.എം.എം സ്പോർട്സ് അരീന വേദിയാകുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഒമാനികൾക്കും വിദേശികൾക്കും ഒരുപോലെ മത്സരത്തിന്റെ ഭാഗമാകാൻ അവസരം ലഭിക്കും.
നവംബർ എട്ട്, ഒമ്പത്, 15, 16 തീയതികളിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെയായിരിക്കും മത്സരം. 32 വിഭാഗങ്ങളിലായി നടക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ 11 വയസ്സുള്ള കുട്ടികൾ മുതൽ മുതിർന്നവരെ വരെ പങ്കാളിയാകും.
മത്സരാർഥികൾക്കും ചുരുങ്ങിയത് 500 കാണികൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് സംഘാടകർ പറഞ്ഞു. ടൂർണമെന്റിനായി രജിസ്റ്റർ ചെയ്യുന്ന എല്ലാ കളിക്കാർക്കും സൗജന്യമായി ടി ഷർട്ടുകൾ അനുവദിക്കും.
പ്രാദേശിക-അന്തർദേശീയ താരങ്ങളെ മത്സരത്തിന്റെ ഭാഗമാക്കി കാണികൾക്ക് മികച്ച ബാഡ്മിന്റൺ അനുഭവം സാധ്യമാക്കുകയാണ് ഇവന്റിലൂടെ ലക്ഷ്യമിടുന്നത്. ഒമാനിലെയും ഗൾഫ് മേഖലയിലെയും വളർന്നുവരുന്ന പ്രതിഭകൾക്ക് ലോകമെമ്പാടുമുള്ള മികച്ച കളിക്കാർക്കെതിരെ മത്സരിക്കാൻ അവസരമുണ്ടാകുമെന്നതാണ് പ്രത്യേകത.
നിരവധി ഒമാനി പ്രതിഭകളെ വാർത്തെടുക്കാനും അവരുടെ കഴിവുകളെ അടയാളപ്പെടുത്താനും കഴിഞ്ഞ സീസണുകൾക്കായെന്നും സംഘാടകർ വ്യക്തമാക്കി. മുഹമ്മദ് ഹാറൂസ്, രംഗരാജൻ, രാഹുൽ, നിഷാർ മുഹമ്മദ്, അക്ബർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

