ഒമാൻ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ അടുത്തവർഷം പ്രവർത്തനസജ്ജമാകും
text_fieldsമസ്കത്ത്: സുൽത്താനേറ്റിന്റെ സാമ്പത്തിക മേഖലക്ക് വൻ കുതിപ്പേകുന്ന ഒമാൻ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ 2027-ഓടെ പൂർണതോതിൽ പ്രവർത്തനസജ്ജമാകും. ഇതോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. സെന്ററിലേക്കുള്ള കമ്പനികളുടെ രജിസ്‌ട്രേഷൻ നടപടികൾ ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ, ലൈസൻസിങ്, സാമ്പത്തിക സേവനങ്ങളുടെ നിയന്ത്രണം, തർക്ക പരിഹാരങ്ങൾ എന്നിവക്കായി ഒരു സ്വതന്ത്ര ചട്ടക്കൂടിന് കീഴിൽ പുതിയ നിയമങ്ങൾ തയാറാക്കി വരികയാണ്. ഈ നിയമങ്ങളായിരിക്കും സെന്ററിന്റെ പ്രധാന അടിത്തറ. ഡിജിറ്റൽ രംഗത്ത്, കമ്പനികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള ഡിജിറ്റൽ രജിസ്‌ട്രേഷൻ സംവിധാനം ഉടൻ തന്നെ പരീക്ഷണ ഘട്ടത്തിലേക്ക് കടക്കും.
നിയമപരമായ ചട്ടക്കൂടുകളും ആവശ്യമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും പൂർത്തിയാക്കുന്ന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഒമാൻ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാൻ മഹ്മൂദ് ബിൻ അബ്ദുള്ള അൽ അവൈനി പറഞ്ഞു. ഒമാന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനവും ശക്തമായ അന്താരാഷ്ട്ര ബന്ധങ്ങളും പ്രയോജനപ്പെടുത്തി ലോകമെമ്പാടുമുള്ള ബിസിനസുകൾക്കും നിക്ഷേപകർക്കും സുസ്ഥിരവും മത്സരക്ഷമതയുള്ളതുമായ അന്തരീക്ഷം ഒരുക്കാൻ സെന്ററിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്ലോബൽ മാർക്കറ്റുകളിലെ കമ്പനികൾ, നിക്ഷേപകർ, പ്രഫഷനൽ സർവിസ് സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങൾ സെന്റർ ഇതിനകം തന്നെ ശക്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പങ്കാളിത്തങ്ങളുമായാണ് ഒമാൻ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ മുന്നോട്ട് നീങ്ങുന്നത്. കഴിഞ്ഞ സെപ്തംബറിൽ ബുസാനിൽ നടന്ന വാർഷിക യോഗത്തിൽ, വേൾഡ് അലയൻസ് ഓഫ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റേഴ്സിൽ ഒമാൻ ഫിനാൻഷ്യൽ സെന്റർ അംഗത്വം നേടിയിരുന്നു. ഹോങ്കോങ്ങിൽ നടന്ന ബെൽറ്റ് ആൻഡ് റോഡ് സമ്മിറ്റ്, അസ്താന ഫിനാൻസ് ഡേയ്‌സ് എന്നിവയിലെ സജീവ പങ്കാളിത്തത്തിന് പുറമെ, ആഗോള ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബറിൽ ലണ്ടനിലും പ്രത്യേക ചർച്ചകൾക്ക് സെന്റർ വേദിയൊരുക്കുന്നുണ്ട്. അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്), വേൾഡ് ബാങ്ക് എന്നിവയുടെ വാർഷിക യോഗങ്ങളോടനുബന്ധിച്ച് ആഗോള ധനകാര്യ സ്ഥാപനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സെന്ററിൽ നിന്നുള്ള പ്രതിനിധി സംഘം അടുത്ത ആഴ്ച ബാങ്കോക്ക് സന്ദർശിക്കാനിരിക്കുകയാണ്.
കോമൺ ലോ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യക്തമായ നിയമപരമായ ചട്ടക്കൂടിലൂടെ ധനകാര്യ സ്ഥാപനങ്ങൾക്കും നിക്ഷേപകർക്കും സുതാര്യമായ ബിസിനസ്സ് അന്തരീക്ഷം ഒരുക്കുകയാണ് ഒമാൻ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ലക്ഷ്യമിടുന്നത്. രജിസ്‌ട്രേഷൻ, ലൈസൻസിങ്, തർക്ക പരിഹാരം എന്നിവക്കായുള്ള ലളിതമായ നടപടിക്രമങ്ങൾ ഈ സംവിധാനത്തിന് പൂർണ പിന്തുണ നൽകും. സ്വകാര്യ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സാമ്പത്തിക വൈവിധ്യവൽക്കരണം ശക്തമാക്കുന്നതിലൂടെയും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ‘ഒമാൻ വിഷൻ 2040’ ന്റെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതാണ് പദ്ധതി. ഈ വർഷം അവസാനം കമ്പനി രജിസ്‌ട്രേഷൻ ആരംഭിച്ചതിന് ശേഷം, ലൈസൻസിങ് നടപടിക്രമങ്ങൾ 2027-ഓടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

