ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നടപ്പാക്കുന്നത് നവംബർ ഒന്നിലേക്ക് നീട്ടി
text_fieldsമസ്കത്ത്: ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് നവംബർ ഒന്നിലേക്ക് നീട്ടിയതായി ഒമാൻ നികുതി അതോറിറ്റി അറിയിച്ചു.നവംബർ ഒന്നുമുതൽ ഡിജിറ്റൽ ടാക്‌സ് സ്റ്റാംപ് ( ഡി.ടി.എസ്) ഇല്ലാത്ത ശീതളപാനീയങ്ങൾ വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ല. ഇറക്കുമതിക്കാർക്കും, നിർമാതാക്കൾക്കും, ചില്ലറ വ്യാപാരികൾക്കും ഡി.ടി.എസ് ആവശ്യകതകൾ പൂർണമായി പാലിക്കുന്നതിനാണ് അധിക സമയം നൽകിയിരിക്കുന്നത്. സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, മറ്റ് എക്സൈസ് പാനീയങ്ങൾ തുടങ്ങിയ എക്സൈസ് ഉൽപന്നങ്ങൾക്ക് ഈ സംവിധാനം ബാധകമാണ്.
മധുരമുള്ള പാനീയങ്ങൾ ഒഴികെ. ഈ വിഭാഗത്തിലുള്ള എല്ലാ ഉൽപ്പന്നങ്ങളും ആഭ്യന്തര വിപണിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അംഗീകൃത ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ വഹിക്കണം. നവംബർ ഒന്നു മുതൽ സ്റ്റാമ്പ് ചെയ്യാത്ത ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കും. എക്‌സൈസ് നികുതി നടത്തിപ്പിൽ സുതാര്യതയും നിയമപാലനവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഡി.ടി.എസ് നടപ്പാക്കൽ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ നടപടി. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം ബോധവൽക്കരണ വർക്ക്‌ഷോപ്പുകൾ, ഫീൽഡ് പരിശോധനകൾ, കാമ്പയിനുകൾ എന്നിവ ടാക്സ് അതോറിറ്റി നടത്തിയിരുന്നു. പുതിയ നിയമങ്ങൾ ഇറക്കുമതിക്കാർ അവരുടെ ഉൽപന്നങ്ങളിൽ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. 2019 ന്റെ മധ്യത്തിലാണ് രാജ്യത്ത് എക്സൈസ് നികുതി നിയമം പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച് സിഗരറ്റ്, പുകയില ഉൽപന്നങ്ങൾ, മദ്യം, സ്പിരിറ്റുകൾ, കാർബണേറ്റഡ്, എനർജി ഡ്രിങ്കുകൾ തുടങ്ങിയ ചില ഉൽപന്നങ്ങളിൽ 50 മുതൽ 100 ശതമാനം വരെ എക്സൈസ് നികുതി ചുമത്താൻ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

