ഐ.സി. ജെയിൽ ഇസ്രായേൽ അനീതികൾ തുറന്നുകാട്ടി ഒമാൻ
text_fieldsഅന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നെതർലൻഡിലെ ഒമാൻ അംബാസഡർ ഡോ. ശൈഖ് അബ്ദുല്ല ബിൻ സലേം അൽ ഹാരിതി
മസ്കത്ത്: 75 വർഷത്തിലേറെയായി ഫലസ്തീൻ ജനത സഹിച്ചുവരുന്ന ഗുരുതരമായ അനീതികൾ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) അവതരിപ്പിച്ച് ഒമാൻ. നെതർലൻഡിലെ ഒമാൻ അംബാസഡർ ഡോ. ശൈഖ് അബ്ദുല്ല ബിൻ സലേം അൽ ഹാരിതിയാണ് ഫലസ്തീനികൾ ഇസ്രായേലികളുടെ അധിനിവേശത്തിനും അടിച്ചമർത്തലിനും അനീതിക്കും ദൈനംദിന അപമാനത്തിനും കീഴിൽ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് അവതരിപ്പിച്ചത്.
ഫലസ്തീനികൾക്ക് സ്വതന്ത്രരാഷ്ട്രം നൽകി അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ അവരെ സഹായിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ആധുനികകാലത്തെ ഏറ്റവും നികൃഷ്ടമായ ക്രൂരതകളിലൊന്നാണ് നാലുമാസമായി ഗസ്സയിൽ അരങ്ങേറുന്നത്. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും 68,000ത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ദശലക്ഷക്കണക്കിനാളുകൾ വളരെ അസഹനീയമായ സാഹചര്യങ്ങളിൽ ജീവിക്കുന്നു. ഇസ്രായേലിന്റെ ലംഘനങ്ങളെയും അവയുടെ പ്രത്യാഘാതങ്ങളെയും കുറിച്ച് ഉപദേശക അഭിപ്രായം ആവശ്യപ്പെടുന്ന 2022 ഡിസംബർ 30ലെ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി പ്രമേയത്തിന് (77/247) ഒമാന്റെ പിന്തുണ ഡോ. അൽ ഹരിതി ആവർത്തിച്ചു.
ജറൂസലം അടക്കമുള്ള പ്രദേശങ്ങളിലെ കൈയേറ്റം അവസാനിപ്പിച്ച് ഫലസ്തീനികൾക്ക് സ്വയം നിർണയാവകാശം നൽകുക, ഇസ്രായേലിന്റെ തുടർച്ചയായ നയവ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്നിങ്ങനെ രണ്ടു വിഷയങ്ങളായിരുന്നു ഒമാന്റെ ഹരജിയിലെ പ്രധാന മർമം.
ഇസ്രായേൽ കുടിയേറ്റങ്ങൾ, കൈയേറ്റങ്ങൾ, നിയമവിരുദ്ധമായി പൗരന്മാരെ കൈമാറ്റം ചെയ്യൽ എന്നിവയുടെ ദോഷകരമായ ആഘാതം ഊന്നിപ്പറഞ്ഞ ഒമാൻ സാഹചര്യങ്ങൾ കൂടുതൽ ഗൗരവത്തോടെ പരിഗണിക്കണമെന്നും കോടതിയോട് അഭ്യർഥിച്ചു. അധിനിവേശം തടയുന്നതിനും നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കാനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും സുൽത്താനേറ്റ് സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

