ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ; ഒമാനിൽ ഒക്ടോബർ ഒന്ന് മുതൽ 0% വാറ്റ്
text_fieldsമസ്കത്ത്:ജീവിതച്ചെലവ് കുറക്കുന്നതിനും ആരോഗ്യം, കൃഷി, കന്നുകാലി മേഖലകൾക്ക് പിന്തുണ നൽകുന്നതിനുമായി ഒമാനിൽ കൂടുതൽ ഉൽപന്നങ്ങൾക്ക് പൂർണമായും വാറ്റ് ഒഴിവാക്കുന്നു. ഭക്ഷ്യവസ്തുക്കൾ, മനുഷ്യരുടെ ഉപയോഗത്തിനുള്ള മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും, മൃഗങ്ങൾക്കുള്ള മരുന്നുകളും മെഡിക്കൽ സാമഗ്രികളുമാണ് പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബർ ഒന്ന് മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും.പൗരന്മാർക്കും താമസക്കാർക്കും സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനും അവശ്യ മേഖലകൾക്ക് പിന്തുണ നൽകുന്നതിനുമുള്ള നടപടികളുടെ ഭാഗമാണിതെന്ന് ടാക്സ് അതോറിറ്റി അറിയിച്ചു.
അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്ക് 0% വാറ്റ്
പുതിയ തീരുമാനപ്രകാരം നിരവധി അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്ക് പൂർണമായും വാറ്റ് ഉണ്ടാകില്ല. പശു, ആട്, ചെമ്മരിയാട്, ഒട്ടകം, കോഴി തുടങ്ങിയ വളർത്തുന്നതിനും അറുക്കുന്നതിനും പാൽ ഉൽപാദനത്തിനുമായി ഉപയോഗിക്കുന്ന ജീവികളും പട്ടികയിൽ ഉൾപ്പെടും. ബീഫ്, ആട്ടിൻമാംസം, ഒട്ടകമാംസം, കോഴിയിറച്ചി എന്നിവയുടെ ഫ്രഷ്, ശീതീകരിച്ച, ഫ്രീസുചെയ്ത,കട്ട് രൂപങ്ങൾക്കും ഇളവ് ലഭിക്കും.
വിവിധതരം മത്സ്യങ്ങളും കടൽവിഭവങ്ങളും, ദീർഘകാലം സൂക്ഷിക്കാവുന്ന പാൽ, ബാഷ്പീകരിച്ച പാൽ, തൈര്, ലബൻ, വെണ്ണ, വിവിധതരം ചീസ് എന്നിവയും പട്ടികയിലുണ്ട്.ഭക്ഷ്യവസ്തുക്കളുടെ പട്ടികയിൽ മുട്ട, വിരിയിക്കുന്നതിനുള്ള മുട്ട, ഫ്രഷ് പഴങ്ങളും ഉണക്കിയ പഴങ്ങളും, പച്ചക്കറികൾ, പയറുവർഗങ്ങൾ, കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷണത്തിൽ ഉപയോഗിക്കുന്ന വിവിധ മസാലകൾ എന്നിവയും ഉൾപ്പെടുന്നു.ഇതോടെ 2021ലെ അഡ്മിനിസ്ട്രേറ്റീവ് തീരുമാനം നമ്പർ 65/2021 റദ്ദാക്കുകയും പുതിയ തീരുമാനം പ്രാബല്യത്തിൽ വരികയും ചെയ്യും.
മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും ഇളവ്
ആരോഗ്യമേഖലയിലെ ചെലവ് കുറക്കുന്നതിന്റെ ഭാഗമായി മരുന്നുകൾ, ഔഷധസസ്യങ്ങളിൽ നിന്നുള്ള ചികിത്സാ ഉൽപന്നങ്ങൾ, ജൈവ-ആരോഗ്യ ഉൽപന്നങ്ങൾ, മെഡിക്കൽ ആവശ്യങ്ങൾക്കുള്ള ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവക്കും വാറ്റുണ്ടാകില്ല. ഇതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ റിലീസ് പെർമിറ്റ് ലഭിച്ചിരിക്കണം.
അംഗീകൃത കസ്റ്റംസ് ടാരിഫ് കോഡുകളിൽ ഉൾപ്പെട്ട ഉൽപന്നങ്ങൾക്കാണ് ഇളവ് ലഭിക്കുക.ആന്റിബയോട്ടിക്കുകൾ, ഹോർമോണുകൾ, വാക്സിനുകൾ, രക്തസീറം, കുട്ടികൾക്കുള്ള ഫോർമുല ഭക്ഷണം, പ്രത്യേക രോഗാവസ്ഥകൾക്കായി ഉപയോഗിക്കുന്ന ഭക്ഷണം, മെഡിക്കൽ സൊല്യൂഷനുകൾ, ഓക്സിജൻ ഗ്യാസ്, ദന്തചികിത്സാ ഉൽപന്നങ്ങൾ എന്നിവ പട്ടികയിൽ ഉൾപ്പെടുന്നു.
പുകവലി നിർത്താൻ ഉപയോഗിക്കുന്ന പാച്ചുകളും ഇൻഹേലറുകളും ഇതിൽ ഉൾപ്പെടും.ഇതോടെ 2021ലെ അഡ്മിനിസ്ട്രേറ്റീവ് തീരുമാനം നമ്പർ 59/2021ന് പകരം പുതിയ തീരുമാനം നിലവിൽ വരും.
വെറ്ററിനറി മരുന്നുകളും വാറ്റിൽ നിന്നും ഒഴിവാവും
കൃഷി, കന്നുകാലി മേഖലകളിലെ ചെലവ് കുറക്കുന്നതിനായി നിശ്ചിത വെറ്റിനറി മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും വാറ്റുണ്ടാകില്ല.കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിന്റെ റിലീസ് പെർമിറ്റ് ലഭിച്ച ഉൽപന്നങ്ങൾക്കാണ് ഇളവ്. വാക്സിനുകൾ, സീറം, ജൈവവിഷവസ്തുക്കൾ, പെനിസിലിൻ, സ്ട്രെപ്റ്റോമൈസിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, പോഷക സപ്ലിമെന്റുകൾ എന്നിവ പട്ടികയിലുണ്ട്.
മൃഗങ്ങളുടെ പരിശോധനക്കും ചികിത്സക്കുമായി ഉപയോഗിക്കുന്ന വിവിധ സൊല്യുഷനുകൾ, ജെല്ലുകൾ, ഉപകരണങ്ങൾ എന്നിവക്കും പൂർണമായും വാറ്റ് ഉണ്ടാകില്ല.മൂന്ന് തീരുമാനങ്ങളിലും ഉൾപ്പെട്ട ഉൽപന്നങ്ങളുടെ വിശദമായ പട്ടിക ഏകീകൃത കസ്റ്റംസ് താരിഫ് കോഡുകളുടെ അടിസ്ഥാനത്തിൽ അനുബന്ധമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൂർണമായും വാറ്റില്ലാത്ത അർഹമായ ഉൽപന്നങ്ങൾ വ്യക്തമായി തിരിച്ചറിയാനും പുതിയ സംവിധാനം നടപ്പാക്കാനും സാധിക്കും.പുതിയ തീരുമാനങ്ങൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

