മസ്കത്ത്: വൈദ്യുതി നിരക്കിലെ വർധന വൻകിട ഉപയോക്താക്കളിൽ ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ച് പഠനം നടത്താൻ സർക്കാർ ഒരുങ്ങുന്നു. ഇലക്ട്രിസിറ്റി റെഗുലേഷൻ അതോറിറ്റിയുടെ കീഴിൽ ഉപയോക്താക്കൾക്കിടയിൽ സർവേ നടത്തിയാകും ഇതുസംബന്ധിച്ച റിപ്പോർട്ട് തയാറാക്കുക.
2017 ജനുവരി ഒന്നുമുതലാണ് വൻകിട ഉപയോക്താക്കൾക്കുള്ള വൈദ്യുതി സബ്സിഡി സർക്കാർ എടുത്തുകളഞ്ഞത്. പ്രതിവർഷം 150 മെഗാവാട്ടിന് മുകളിൽ ഉപയോഗിക്കുന്ന വ്യവസായ, വാണിജ്യ ഉപയോക്താക്കളും സർക്കാർ സ്ഥാപനങ്ങളുമാണ് വൻകിടക്കാരുടെ പട്ടികയിലുള്ളത്. ഇവരിൽനിന്ന് കഴിഞ്ഞ 18 മാസമായി ഉൽപാദന, വിതരണ ചെലവിന് അനുസരിച്ച നിരക്ക് (കോസ്റ്റ് റിഫ്ലക്ടിവ് താരിഫ്) ആണ് ഇൗടാക്കിവരുന്നത്.
കഴിഞ്ഞ 30 വർഷത്തിനിടെ ആദ്യമായാണ് വൈദ്യുതിനിരക്കിൽ വർധന വരുത്തിയത്.
നിരക്ക് മാറ്റത്തോടുള്ള ഉപഭോക്താക്കളുടെ പ്രതികരണമാണ് പഠനത്തിലൂടെ വിലയിരുത്തുക. ഇതോടൊപ്പം ഉയർന്ന വൈദ്യുതിനിരക്ക് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലുണ്ടാക്കിയ ആഘാതം മറികടക്കാൻ ദീർഘകാല, ഹ്രസ്വകാല അടിസ്ഥാനത്തിൽ കൈക്കൊണ്ട നടപടികളും സർവേയിൽ അവലോകനം ചെയ്യും.
വൈദ്യുതി സബ്സിഡിയിലെ പ്രതീക്ഷിക്കുന്ന വർധന ക്രമീകരിക്കുന്നതിനായാണ് നിരക്ക് വർധന പ്രാബല്യത്തിൽ വരുത്തിയതെന്ന് വൈദ്യുതി റെഗുലേറ്ററി അതോറിറ്റി പറഞ്ഞു.
2017 ജനുവരിയിലെ കണക്കനുസരിച്ച് ആകെ ഉപഭോക്താക്കളുടെ ഒരുശതമാനം മാത്രമായ പതിനായിരത്തോളം പേരെയാണ് നിരക്കുവർധന ബാധിച്ചത്. രാജ്യത്തെ രണ്ട് പ്രധാന വൈദ്യുതി ഗ്രിഡുകളിലൂടെ നൽകുന്ന വൈദ്യുതിയുടെ മൂന്നിൽ ഒന്നും അതിലധികവും ഇൗ ‘വൻകിട’ക്കാരാണ് ഉപയോഗിച്ചിരുന്നത്.
സർവേ നടത്തുന്നതിനായി വൈദ്യുതി റെഗുലേറ്ററി അതോറിറ്റി കൺസൾട്ടൻറുമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഒക്ടോബർ ഏഴിനുള്ളിൽ അപേക്ഷ നൽകണം. സർവേയും പഠനവും നടത്തുന്നതിനുള്ള രീതികളും അപേക്ഷയിൽ വിശദമായി പ്രതിപാദിക്കണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2018 11:56 AM GMT Updated On
date_range 2019-03-24T10:59:59+05:30വൈദ്യുതി നിരക്കുവർധന : ആഘാതം പഠിക്കാൻ സർക്കാർ ഒരുങ്ങുന്നു
text_fieldsNext Story