ഒമാൻ ലോക്ഡൗൺ ശനിയാഴ്ച ഒഴിവാക്കും; രാത്രി സഞ്ചാര വിലക്ക് തുടരും
text_fieldsമസ്കത്ത്: കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായുള്ള രാജ്യവ്യാപക ലോക്ഡൗൺ ആഗസ്റ്റ് എട്ട് ശനിയാഴ്ച മുതൽ ഒഴിവാക്കാൻ ബുധനാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ജൂലൈ 25 മുതൽ ആഗസ്റ്റ് എട്ട് ശനിയാഴ്ച വരെയാണ് ലോക്ഡൗൺ തീരുമാനിച്ചിരുന്നത്.
സുപ്രീം കമ്മിറ്റിയുടെ പുതിയ തീരുമാനപ്രകാരം ശനിയാഴ്ച പുലർച്ചെ ആറു മണി മുതൽ ഗവർണറേറ്റുകൾക്കിടയിലെ യാത്രാ വിലക്ക് ഒഴിവാക്കും. അതേസമയം രാത്രി സഞ്ചാര വിലക്ക് ആഗസ്റ്റ് 15 വരെ തുടരുകയും ചെയ്യും. രാത്രി സഞ്ചാര വിലക്കിെൻറ സമയം കുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആഗസ്റ്റ് എട്ട് മുതൽ 15 വരെ രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ചുമണി വരെയാകും സഞ്ചാര വിലക്ക് പ്രാബല്ല്യത്തിലുണ്ടാവുക. ദോഫാർ ഗവർണറേറ്റിെൻറ അടച്ചിടൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരാനും സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

