ഇന്ന് ലോക പ്രമേഹ ദിനം: കരുതിയിരിക്കാം ഈ നിശ്ശബ്ദ കൊലയാളിയെ
text_fieldsകരുതലോടെ ജീവിച്ചാല്‍ അകറ്റിനിര്‍ത്താന്‍ സാധിക്കുന്ന നിശ്ശബ്ദ കൊലയാളിയായ പ്രമേഹം ഇന്ന് ഇന്ത്യയില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. മുമ്പ് മുതിര്‍ന്നവരിലും മധ്യവയസ്കരിലുമായി മാത്രം കണ്ടിരുന്ന പ്രമേഹം ഇന്ന് കൗമാരക്കാരിലും യുവാക്കളിലും വ്യാപകമായി കണ്ടുവരുന്നു. നിശ്ശബ്ദമായി തുടങ്ങി സാവധാനം സങ്കീര്‍ണതകളിലേക്ക് നീങ്ങുന്നതാണ് പ്രമേഹത്തിന്‍െറ ശൈലി. വൃക്കകള്‍, രക്തക്കുഴലുകള്‍, ഹൃദയം, നാഡികള്‍, കണ്ണുകള്‍ തുടങ്ങി ഒട്ടുമിക്ക അവയവങ്ങളും ഈ നിശ്ശബ്ദ കൊലയാളിയുടെ ആക്രമണത്തിന് ഇരയാകും.
നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പ്രമേഹത്തിന്‍െറ സാന്നിധ്യമുണ്ടായിരുന്നതായാണ് ചരിത്രം പറയുന്നത്. മൂത്രത്തില്‍ അമിതമായ പഞ്ചസാര കലരുന്ന അവസ്ഥയെ മധുമേഹ അഥവാ ‘ഹണി യൂറിന്‍’ എന്നാണ് വിളിച്ചിരുന്നതെന്ന് ബി.സി 230ലെ ചരിത്രരേഖകളിപ കാണാം. ഇന്ന് പ്രമേഹ ചികിത്സാരംഗത്ത് വൈദ്യശാസ്ത്രം ഒരുപാട് വളര്‍ന്നുകഴിഞ്ഞു. മതിയായ ചികിത്സക്കൊപ്പം ഭക്ഷണശീലങ്ങളില്‍ മാറ്റംവരുത്തി ജീവിതശൈലി ചിട്ടപ്പെടുത്തിയാല്‍ പ്രമേഹത്തെയും അതുമൂലമുണ്ടാകുന്ന അപകടാവസ്ഥകളെയും പ്രതിരോധിക്കാന്‍ കഴിയും. പാന്‍ക്രിയാസ് ഗ്രന്ഥിയില്‍നിന്നുള്ള ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്‍െറ ഉല്‍പാദന കുറവുകൊണ്ടോ അല്ളെങ്കില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍െറ പ്രവര്‍ത്തനശേഷി കുറവുകൊണ്ട് ശരീര കോശങ്ങള്‍ അതിനോട് പ്രതികരിക്കാത്തതോ ആയ അവസ്ഥയാണ് പ്രമേഹം.
ഇടയ്ക്കിടെ മൂത്രം ഒഴിക്കല്‍, രാത്രി കൂടുതല്‍ തവണ മൂത്രമൊഴിക്കാനായി എഴുന്നേല്‍ക്കുക, അമിതദാഹം, അമിത വിശപ്പ്, മധുരം അധികം കഴിക്കാന്‍ തോന്നുക, ഭക്ഷണം അധികം കഴിച്ചിട്ടും ഭാരം കുറയുക, മുറിവുകള്‍ ഉണങ്ങാനുള്ള കാലതാമസം, കാഴ്ചമങ്ങല്‍, അകാരണമായ ക്ഷീണം, വരണ്ട തൊലി, കൈകളിലെയും കാലുകളിലെയും മരവിപ്പ് എന്നിവയാണ് പ്രമേഹത്തിന്‍െറ പ്രധാന ലക്ഷണങ്ങള്‍.
പ്രമേഹം പ്രധാനമായും മൂന്നുതരം
a. ടൈപ് ഒന്ന് പ്രമേഹം -കുട്ടികളിലും കൗമാരക്കാരിലുമാണ് ഇത്തരം പ്രമേഹം കൂടുതലായും കണ്ടുവരുന്നത്. ആഗ്നേയ ഗ്രന്ഥിയില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന കോശങ്ങള്‍ ചില കാരണങ്ങളാല്‍ നശിക്കുകയും തല്‍ഫലമായി ഇത്തരക്കാരില്‍ ഇന്‍സുലിന്‍ ഉല്‍പാദനം നടക്കാതിരിക്കുകയും ചെയ്യുന്നു.
പാരമ്പര്യമോ, രോഗബാധയോ ആകാം ഇത്തരം അവസ്ഥക്ക് കാരണമായി വരുക.
അതുകൊണ്ടുതന്നെ ദിവസവും സാധാരണയിലും അധികം ഇന്‍സുലിന്‍ കുത്തിവെപ്പുകള്‍ ഇവര്‍ക്ക് വേണ്ടിവരും. മൊത്തം പ്രമേഹ രോഗികളില്‍ ഏകദേശം അഞ്ചുശതമാനംമാത്രമാണ് ഇത്തരം രോഗികള്‍.
b. ടൈപ് രണ്ട് പ്രമേഹം - 95 ശതമാനം പ്രമേഹരോഗികളിലും കാണപ്പെടുന്നത് ഈ വിഭാഗത്തില്‍പെടുന്ന പ്രമേഹമാണ്. ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍െറ അളവ് കുറയുകയോ ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിനോട് ശരീരകോശങ്ങള്‍ പ്രതികരിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. അമിതവണ്ണം, മരുന്നുകളുടെ ഉപയോഗം, പാരമ്പര്യം തുടങ്ങിയവയാണ് ഇതിന് കാരണം.
ഷുഗര്‍ നിയന്ത്രിക്കുന്നതിനായി ഈ അവസ്ഥയിലുള്ളവര്‍ പ്രതിദിനം ഗുളിക കഴിക്കേണ്ടിവരും.
c. ഗര്‍ഭകാല പ്രമേഹം -ചില സ്ത്രീകളില്‍ ഗര്‍ഭകാലത്ത് താല്‍ക്കാലികമായി പ്രത്യക്ഷപ്പെടുന്ന ഈ പ്രമേഹം അമ്മയെയും കുഞ്ഞിനെയും ഒരുപോലെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതാണ്. മറുപിള്ളയില്‍നിന്നുള്ള ഹോര്‍മോണുകളാണ് ഇതിന് പ്രധാന കാരണം. പ്രസവശേഷം സാധാരണ ഇത് സുഖപ്പെടാറുണ്ട്. രണ്ടുമുതല്‍ പത്തു ശതമാനം വരെ ഗര്‍ഭിണികളിലാണ് ഇത് കണ്ടുവരുന്നത്. ഇന്‍സുലിന്‍ അല്ളെങ്കില്‍ ടാബ്ലെറ്റുകള്‍ കൊണ്ട് മാത്രമാണ് ഇവര്‍ക്ക് ചികിത്സ നടത്തേണ്ടത്.
സൂക്ഷിക്കേണ്ടവര്‍
ആരൊക്കെ
a. പ്രമേഹബാധിതരായ രക്തബന്ധുക്കള്‍ ഉള്ളവര്‍
b. വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണശീലവും ഉള്ളവര്‍. ശീതളപാനീയങ്ങള്‍ കുടിക്കുന്നവരും ജാഗ്രത
c. അമിതവണ്ണവും കുടവയറുമുള്ളവര്‍
d. അടിവയറിന്‍െറ ചുറ്റളവ് (പൊക്കിളിന് ചുറ്റുമുള്ള അളവ്) 37 ഉള്ള പുരുഷന്മാര്‍, 31.5ല്‍ അധികമുള്ള സ്ത്രീകള്‍.
പ്രമേഹ നിയന്ത്രണത്തിന് -രക്തത്തിലെ ഗ്ളൂക്കോസിന്‍െറ അളവ് സാധാരണനിലയിലാക്കി നിര്‍ത്തുകയാണ് പ്രമേഹരോഗികള്‍ ചെയ്യേണ്ടത്.
ഇതുവഴി പ്രമേഹം അധികമായാല്‍ ഉണ്ടാകുന്ന കാഴ്ചപ്രശ്നങ്ങള്‍, വൃക്കരോഗം, ഹൃദ്രോഗം, ഞരമ്പുകളുടെ ബലക്ഷയം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതാക്കുകയോ പ്രതിരോധിക്കുകയോ ചെയ്യാം.
ആരോഗ്യകരമായ
ഭക്ഷണശീലം
a. മൂന്നുമുതല്‍ നാലുമണിക്കൂര്‍ വരെ ഇടവേളകളില്‍ സാധാരണ ഭക്ഷണം കഴിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായകമാണ്.
b. കൊഴുപ്പ് കുറവുള്ള ഭക്ഷണം കഴിക്കുക. വറുത്ത ഭക്ഷണം ഒഴിവാക്കുക. കുറഞ്ഞ കൊഴുപ്പുള്ള പാല്‍ ഉല്‍പന്നങ്ങള്‍ ശീലമാക്കുക.
c. പഞ്ചസാര കുറക്കുക. നാരുകള്‍ ഉയര്‍ന്ന തോതില്‍ ഉള്ള ഭക്ഷണത്തിനൊപ്പം ധാരാളം വെള്ളം കുടിക്കുക.
d. ഉപ്പിന്‍െറ അളവ് കുറക്കുക. ഭക്ഷണം തയാറാക്കുമ്പോള്‍ കുറച്ച് ഉപ്പ് ഉപയോഗിക്കുക. സംസ്കരിച്ച ഭക്ഷണം ഒഴിവാക്കുക. മദ്യപാനം രക്തത്തില്‍ ഊര്‍ജത്തിന്‍െറ അളവ് വര്‍ധിപ്പിക്കുകയല്ലാതെ ശരീരത്തിന് ഒരു പോഷണവും നല്‍കുകയില്ല.
കഴിക്കുന്ന മരുന്നുകള്‍ ആല്‍ക്കഹോളുമായി പ്രതിപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. രക്തത്തിലെ ഗ്ളൂക്കോസിന്‍െറ നില താഴാനും ആല്‍ക്കഹോള്‍ വഴിയൊരുക്കും. വ്യായാമവും പ്രമേഹ നിയന്ത്രണത്തിന് അനിവാര്യമാണ്. ദിവസവും 30 മുതല്‍ 40 മിനിറ്റ് വരെ പ്രമേഹബാധിതര്‍ നടക്കുന്നത് നല്ലതാണ്.
പ്രമേഹത്തിന് മരുന്നുകഴിക്കുന്നവര്‍ സമയത്തിന് മരുന്ന് കഴിക്കാന്‍ ശ്രദ്ധിക്കണം. ഇതോടൊപ്പം, ഡോക്ടര്‍ നിര്‍ദേശിക്കാത്ത പച്ചമരുന്നുകള്‍ അടക്കമുള്ളവ കഴിക്കാതിരിക്കുക. മരുന്നുകളില്‍ അധികം സൂര്യപ്രകാശവും അധികം ചൂടും തണുപ്പുമേല്‍ക്കരുത്. ഇന്‍സുലിന്‍ ഡോക്ടര്‍ നിര്‍ദേശിച്ച താപനിലയില്‍ വെക്കാനും ശ്രദ്ധിക്കണം.
ക്ഷീണം തോന്നുകയോ, ഞരമ്പുകള്‍ക്ക് തളര്‍ച്ച തോന്നുകയോ ചെയ്താല്‍ ഉടന്‍ പ്രമേഹനിര്‍ണയ പരിശോധന നടത്തുക.
പ്രമേഹ ബാധിതരാണെങ്കില്‍ കണ്ണുകളും വൃക്കയും ഹൃദ്രോഗ പരിശോധനയുമെല്ലാം കൃത്യമായ ഇടവേളയില്‍ നടത്തിയിരിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
