ബിദിയയിൽ ഒമാൻ ഡെസർട്ട് മാരത്തണിന് നാളെ തുടക്കം
text_fieldsബിദിയയിൽ ഒമാൻ ഡെസർട്ട് മാരത്തണിലെ നടത്ത മത്സരത്തിൽനിന്ന് (ഫയൽ), ഒമാൻ ഡെസർട്ട് മാരത്തൺ ജനറൽ സൂപ്പർവൈസർ
സഈദ് മുഹമ്മദ് അൽ ഹജ്രി വാർത്തമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ ബിദിയ വിലായത്തിൽ ഒമാൻ ഡെസർട്ട് മാരത്തണിന്റെ 11ാം പതിപ്പിന് ശനിയാഴ്ച തുടക്കമാകും. 35ലേറെ രാജ്യങ്ങളിൽ നിന്നായി 1,200ലേറെ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
അഞ്ചു ദിവസം നീളുന്ന ഈ കായികോത്സവത്തിൽ ആദ്യദിനം വരെ രജിസ്ട്രേഷൻ നടത്താമെന്ന് ഒമാൻ ഡെസേർട്ട് മാരത്തണിന്റെ ജനറൽ സൂപ്പർവൈസറും ഒമാൻ അത് ലറ്റിക്സ് അസോസിയേഷൻ ചെയർമാനുമായ സഈദ് മുഹമ്മദ് അൽ ഹജ്രി പറഞ്ഞു. ഇതോടെ മത്സരാർഥികളുടെ എണ്ണം 1300 കടക്കുമെന്നാണ് പ്രതീക്ഷ.
ബിദിയയിലെ അൽ വാസിൽ ഗ്രാമത്തിൽ നിന്ന് ആരംഭിക്കുന്ന മാരത്തൺ, അശ്ശർഖിയ മണൽത്തിട്ടകളിലെ പ്രശസ്തമായ മണൽക്കുന്നുകളിലൂടെ സഞ്ചരിച്ച്, തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅ്ലാൻ ബാനി ബു ഹസൻ വിലായത്തിലെ ഖാഹിദ് ഗ്രാമത്തിൽ അറബിക്കടലിന്റെ തീരത്ത് സമാപിക്കും.
പ്രധാന മത്സരമായി 165 കിലോമീറ്റർ ദൈർഘ്യമുള്ള മരുഭൂമി റേസ് പാതയും, 100 കിലോമീറ്റർ മരുഭൂമി നടത്തപാതയും ഉൾപ്പെടുത്തിയിട്ടുണ്ട്. ശാരീരിക ശേഷിയുടെയും മാനസിക കരുത്തിന്റെയും പരമാവധി പരീക്ഷിക്കുന്ന വിധത്തിൽ അഞ്ച് ഘട്ടങ്ങളായാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം, രണ്ടു കിലോമീറ്റർ കുട്ടികളുടെ മത്സരം, അഞ്ചു കിലോമീറ്റർ സമൂഹ–കുടുംബ റേസ്, 10 കിലോമീറ്റർ ക്രോസ്-കൺട്രി റേസ്, 21 കിലോമീറ്റർ ഹാഫ് മാരത്തൺ, 42 കിലോമീറ്റർ ഫുൾ മാരത്തൺ എന്നിവയും പ്രഫഷനൽ -അമേച്വർ താരങ്ങൾക്ക് ഒരുക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര അംഗീകാരം നേടിയ ഈ മാരത്തൺ, ഒമാനിന്റെ വന്യമായ സാഹസികതയും കായിക ചൈതന്യവും ഒന്നിക്കുന്ന അപൂർവ വേദികൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

