സാന്ത്വനവുമായി ഒമാൻ പ്രതിനിധി സംഘം ഇറാനിലെത്തി
text_fieldsസാന്ത്വനം പകർന്ന് ഒമാൻ ഔദ്യോഗിക പ്രതിനിധി സംഘം ഇറാനിലെത്തിയപ്പോൾ
മസ്കത്ത്: ഹെലികോപ്ടർ അപകടത്തിൽ മരിച്ച പ്രസിഡൻറ് ഡോ. ഇബ്രാഹിം റഈസിയുടെയും പ്രതിനിധിസംഘത്തിന്റെയും നിര്യാണത്തിൽ സാന്ത്വനവാക്കുകളുമായി ഒമാൻ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന ഔദ്യോഗിക പ്രതിനിധിസംഘം ഇറാനിലെത്തി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശപ്രകാരമെത്തിയ സംഘം ഇറാൻ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിന് സുൽത്താനേറ്റിന്റെ അനുശോചനവും അറിയിച്ചു.
ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല നാസർ അൽ ഹറാസി, ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മമാരി, വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹർത്തി, ഇറാനിലെ ഒമാൻ അംബാസർ ഇബ്രാഹിം അഹമ്മദ് അൽ മുഅയ്നി എന്നിവരായിരുന്നു ഒമാൻ സംഘത്തിലുണ്ടായിരുന്നത്. ദാരുണ സംഭവത്തിൽ ഇറാൻ നേതൃത്വത്തിനും ജനതക്കും സുൽത്താന്റെ ആത്മാർഥമായ അനുശോചനവും അഗാധമായ ദുഃഖവും അറിയിക്കുകയാണെന്ന് പ്രതിനിധി സംഘം പറഞ്ഞു. സുൽത്താന്റെ അനുശോചനത്തിനും വികാരങ്ങൾക്കും ഡോ. മുഹമ്മദ് മുഖ്ബർ നന്ദി അറിയിക്കുകയും ചെയ്തു.
ഇറാന്റെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ച പ്രസിഡൻറ് ഡോ. ഇബ്രാഹിം റഈസിയുടെയും പ്രതിനിധി സംഘത്തിന്റെയും നിര്യാണത്തിൽ അനുശോചിച്ച് നിരവധി ഒമാൻ മന്ത്രിമാർ മസ്കത്തിലെ ഇറാൻ എംബസിയിലുമെത്തി. ഇറാൻ അംബാസഡർ മൂസ ഫർഹാങ്ങും നയതന്ത്ര ദൗത്യത്തിലെ അംഗങ്ങളും ചേർന്ന് മന്ത്രിമാരെ സ്വീകരിച്ചു.
ഇറാൻ സർക്കാറിനോടും ജനങ്ങളോടും ആത്മാർഥമായ അനുശോചനവും സഹതാപവും മന്ത്രിമാർ അറിയിച്ചു. ഒമാനുമായുള്ള സാഹോദര്യബന്ധം ശക്തിപ്പെടുത്തുന്നതിൽ അന്തരിച്ച പ്രസിഡന്റും വിദേശകാര്യ മന്ത്രിയും വഹിച്ച പങ്കിനെ അവർ അനുസ്മരിക്കുകയും ചെയ്തു. എംബസി സന്ദർശിച്ച് സാന്ത്വനവാക്കുകൾ നൽകിയ മന്ത്രിമാർക്കും ഇറാൻ അംബാസഡർ നന്ദി അറിയിക്കുകയും ചെയ്തു. അനുശോചന രജിസ്റ്ററിൽ ഇറാനോട് അഗാധ അനുഭാവവും അനുകമ്പയും രേഖപ്പെടുത്തിയാണ് മന്ത്രിമാർ മടങ്ങിയത്. ചൊവ്വാഴ്ച വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാരിതിയുടെ നേതൃത്വത്തിലുള്ള സംഘവും ആശ്വാസവാക്കുകളുമായി എത്തിയിരുന്നു.
സംഭവത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും അനുശോചിച്ചിരുന്നു. അപകടത്തിൽ ദഃഖം രേഖപ്പെടുത്തി സുൽത്താൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈക്ക് കേബ്ൾ സന്ദേശവും അയച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെയുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും (63) വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനും (60) കൊല്ലപ്പെടുന്നത്.
പ്രസിഡന്റും വിദേശകാര്യ മന്ത്രിയും അപകടത്തിൽ കൊല്ലപ്പെട്ടതായി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഇവരെ കൂടാതെ, ഇറാന്റെ ഭാഗമായ കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, ഹെലികോപ്ടർ പൈലറ്റ് എന്നിവരും കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

