Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് ടൂറിസം മേഖലയിൽ സംയുക്ത നീക്കങ്ങൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ

text_fields
bookmark_border
ഗൾഫ് ടൂറിസം മേഖലയിൽ സംയുക്ത നീക്കങ്ങൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ
cancel
camera_alt

ജബൽ അഖ്ദർ ടൂറിസം മേഖല

മനാമ/ മസ്കത്ത്: ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ടൂറിസം സഹകരണം കൂടുതൽ ഏകോപിതവും ഫലപ്രദവുമായ ഘട്ടത്തിലേക്ക് ഉയർത്തണമെന്ന് ഒമാൻ. വ്യക്തമായ സമയക്രമത്തോടെയുള്ള സംയുക്ത പദ്ധതികളും നിർവഹണ പരിപാടികളും നടപ്പാക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു.

മനാമയിൽ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ പത്താമത് യോഗത്തിലാണ് ഒമാൻ നിലപാട് വ്യക്തമാക്കിയത്. പൈതൃക-ടൂറിസം മന്ത്രി സയ്യിദ് ഇബ്രാഹിം സഈദ് അൽ ബുസൈദിയുടെ നേതൃത്വത്തിലുള്ള ഒമാൻ പ്രതിനിധിസംഘം യോഗത്തിൽ പങ്കെടുത്തു. മിഡിൽ ഈസ്റ്റ് മേഖലയിൽ ഏറ്റവും വേഗത്തിൽ തിരിച്ചുവരികയും വളരുകയും ചെയ്യുന്ന മേഖലയാണ് ഗൾഫ് ടൂറിസമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഗൾഫ് മേഖലയെ ഏകീകൃത ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന് സംയുക്ത പദ്ധതികളും ടൂറിസം പാക്കേജുകളും റൂട്ടുകളും വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംയോജിത ടൂറിസം വികസനത്തിന്റെ മാതൃകയായി ജബൽ അഖ്ദറിന്റെ അനുഭവവും മന്ത്രി അവതരിപ്പിച്ചു. ഇവിടെ 95 ഹോട്ടൽ സ്ഥാപനങ്ങളിലായി 1,060-ലധികം മുറികളുണ്ട്. 2024ൽ 2,03,629 ആയിരുന്ന സന്ദർശകരുടെ എണ്ണം 2025ൽ 2,22,151 ആയി ഉയർന്നു; ഒമ്പതു ശതമാനം വർധന.

ടൂറിസം മേഖലയുടെ വീണ്ടെടുപ്പ് പദ്ധതി, ഏകീകൃത അന്താരാഷ്ട്ര പ്രചാരണം, ഗൾഫ് ടൂറിസം ഡാറ്റാ സംവിധാനം, ഡിജിറ്റൽ പരിവർത്തനം, നൂതന ആശയങ്ങൾ, മനുഷ്യവിഭവ വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാനും യോഗത്തിൽ ധാരണയായി.

ജബൽ അഖ്ദറിന് ഗൾഫ് ടൂറിസം കാപിറ്റൽ പദവി

ദാഖിലിയ ഗവർണറേറ്റിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ജബൽ അഖ്ദറിനെ 2027-ലെ ഗൾഫ് ടൂറിസം കാപിറ്റലായി തെരഞ്ഞെടുത്തു. ബഹ്റൈനിൽ നടന്ന ജി.സി.സി ടൂറിസം മന്ത്രിതല സമിതിയുടെ പത്താമത് യോഗത്തിലാണ് പ്രഖ്യാപനം. പ്രകൃതിസൗന്ദര്യം, സമ്പന്നമായ സാംസ്കാരിക-കാർഷിക പൈതൃകം, വൈവിധ്യമാർന്ന വിനോദസഞ്ചാര അനുഭവങ്ങൾ എന്നിവ പരിഗണിച്ചാണ് ജബൽ അഖ്ദറിന് ഈ അംഗീകാരം നൽകിയത്.

ഒമാനിലെയും ഗൾഫ് മേഖലയിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ജബൽ അഖ്ദറിന്റെ പ്രാധാന്യം കൂടുതൽ ഉയർത്തുന്നതാണ് ഈ പദവി. പ്രദേശത്തിന്റെ പ്രകൃതി, സംസ്കാരം, കാർഷിക പാരമ്പര്യം എന്നിവ ലോകത്തിന് മുന്നിൽ കൂടുതൽ പരിചയപ്പെടുത്താനും അംഗീകാരം വഴിയൊരുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman Declares for joint efforts in Gulf tourism sector
Next Story