ചരക്കുനീക്കം വേഗത്തിലാക്കാൻ പാലറ്റുകൾ നിർബന്ധമാക്കി ഒമാൻ കസ്റ്റംസ്; ജൂലൈ 15 മുതൽ പ്രാബല്യത്തിൽ
text_fieldsമസ്‌കത്ത്: ഒമാനിലെ അതിർത്തി പോസ്റ്റുകൾ വഴിയുള്ള ചരക്ക് നീക്കം വേഗത്തിലാക്കുന്നതിന്റെയും കസ്റ്റംസ് പരിശോധനകൾ ലളിതമാക്കുന്നതിന്റെയും ഭാഗമായി കരമാർഗം എത്തുന്ന ചരക്കുകൾക്ക് പാലറ്റുകൾ നിർബന്ധമാക്കാൻ ഒമാൻ കസ്റ്റംസ് തീരുമാനം. ഈ വർഷം ജൂലൈ 15 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
റോയൽ ഒമാൻ പൊലീസിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ് ആണ് ജി.സി.സി ഏകീകൃത കസ്റ്റംസ് നിയമത്തിലെ ആർട്ടിക്കിൾ 44 അടിസ്ഥാനമാക്കി പുതിയ നിർദേശം പുറപ്പെടുവിച്ചത്. ആദ്യ ഘട്ടത്തിൽ അതിർത്തികൾ വഴി കരമാർഗം എത്തുന്ന ട്രക്കുകൾക്കാണ് ഇത് ബാധകമാവുക. തുടർന്ന് സെപ്റ്റംബർ 15 മുതൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി എത്തുന്ന ഇറക്കുമതി ചരക്കുകൾക്കും ഈ നിയമം നിർബന്ധമാക്കും.
പുതിയ നിബന്ധന പ്രകാരം കയറ്റിറക്കുമതി സുഗമമാക്കേണ്ട എല്ലാത്തരം ഉൽപന്നങ്ങളും മരം, പ്ലാസ്റ്റിക് അല്ലെങ്കിൽ ലോഹം കൊണ്ടുള്ള പാലറ്റുകളിൽ കൃത്യമായി അടുക്കി വേണം എത്തിക്കാൻ. എന്നാൽ ദ്രാവകങ്ങൾ, കനത്ത യന്ത്രസാമഗ്രികൾ, പൈപ്പുകൾ, ഫൈബറുകൾ, വലിയ കല്ലുകൾ, മാർബിളുകൾ തുടങ്ങി പാലറ്റുകളിൽ വെക്കാൻ സാധിക്കാത്ത പ്രത്യേകതരം ചരക്കുകളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പുതിയ നിയമം കർശനമായി പാലിക്കാൻ എല്ലാ ഇറക്കുമതി വ്യാപാരികളോടും ലോജിസ്റ്റിക്സ് ഓപറേറ്റർമാരോടും അധികൃതർ ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ പാലിക്കാതെ എത്തുന്ന ചരക്കുകൾ അതിർത്തികളിൽ നിന്ന് തന്നെ തിരിച്ചയക്കുമെന്നും ഒമാൻ കസ്റ്റംസ് മുന്നറിയിപ്പ് നൽകി. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ചരക്കുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും സമയലാഭത്തിനും ഈ പുതിയ പരിഷ്‌കാരം വഴി സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

