ഒമാൻ സാംസ്കാരിക സമുച്ചയത്തിന് പേരുമാറ്റം
text_fieldsഒമാൻ സാംസ്കാരിക സമുച്ചയത്തിന്റെ മാതൃക സുൽത്താൻ ഹൈതം ബിൻ താരിഖ് നോക്കിക്കാണുന്നു
മസ്കത്ത്: ഒമാൻ സാംസ്കാരിക സമുച്ചയ പദ്ധതിക്ക് പേരുമാറ്റത്തിന് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉത്തരവ്. ‘സയ്യിദ് താരിക് ബിൻ തൈമൂർ സാംസ്കാരിക സമുച്ചയം’ എന്ന പേര് നൽകാനാണ് സുൽത്താന്റെ ഉത്തരവ്.
ഇതുസംബന്ധിച്ച് വ്യാഴാഴ്ച രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ആധുനിക ഒമാന്റെ നിർമാണത്തിൽ നിർണായക പങ്കുവഹിച്ച അന്തരിച്ച സയ്യിദ് താരിക് ബിൻ തൈമൂറിന്റെ ദീർഘകാല സംഭാവനകളോടുള്ള സുൽത്താന്റെ ആഴത്തിലുള്ള ആദരവ് പ്രതിഫലിപ്പിക്കുന്നതാണ് ഈ പുനർനാമകരണ നടപടി. സാംസ്കാരിക സമൃദ്ധിയും നാഗരികതയും ദേശീയഅഭിമാനവുമൊക്കെ പ്രതീകവത്കരിക്കുന്നതാണ് പുതിയ നാമമെന്നും ദേശീയവും അന്തർദേശീയവുമായി സാംസ്കാരികരംഗത്ത് പ്രധാന കേന്ദ്രമായി മാറാൻ ഉദ്ദേശിക്കുന്ന സാംസ്കാരിക സമുച്ചയത്തിന് ഇൗ പേരാണ് ഏറ്റവും അനുയോജ്യമെന്നും അധികൃതർ വ്യക്തമാക്കി.
സയ്യിദ് താരിക് ബിൻ തൈമൂർ അംഗരക്ഷകർക്കൊപ്പം
ഔദ്യോഗിക സന്ദർശനത്തിനിടെ (ഫയൽ ചിത്രം)
ആധുനിക ഒമാന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്നു സയ്യിദ് താരീഖ് ബിന്‍ തൈമൂര്‍ ബിന്‍ ഫൈസല്‍ ബിന്‍ തുര്‍ക്കി ബിന്‍ സയീദ് ബിന്‍ സുൽത്താന്‍ ബിന്‍ അഹ്മദ് ബിന്‍ സയീദ് അൽ ബുസൈദി. ഒമാന്റെ നവോത്ഥാനത്തിന് പാതയൊരുക്കിയ നേതാവ് എന്ന നിലയിലാണ് ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം കണക്കാക്കപ്പെടുന്നത്. തുര്‍ക്കിയിലും ജര്‍മനിയിലും വിദ്യാഭ്യാസം നേടിയ അദ്ദേഹം അറബിക്കൊപ്പം തുർക്കി, ജർമൻ ഭാഷകളും നന്നായി വശത്താക്കിയിരുന്നു. ഇന്ത്യയില്‍ സൈനികപരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ഒമാനിലേക്ക് മടങ്ങിയ അദ്ദേഹം 1940കളിൽ മസ്കത്ത് മത്ര മുനിസിപ്പാലിറ്റി മേധാവിയായി ചുമതലയേറ്റു. ശാസ്ത്രീയവും രാഷ്ട്രീയവും സൈനികവുമായ അദ്ദേഹത്തിന്റെ പരിചയസമ്പത്ത്, സഹോദരനായ സുൽത്താന്‍ സയ്യിദ് ബിന്‍ തൈമൂറിന്റെ കാലത്ത് രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരതക്കും ശാക്തീകരണത്തിനും ഉയോഗപ്പെടുത്താനായി. തുടർന്ന്, പരേതനായ സുൽത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ഭരണകാലത്ത് ഒമാനിലെ നവോത്ഥാനത്തിന്റെ അടിസ്ഥാനഘടകങ്ങൾ രൂപപ്പെടുത്തുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.
അന്താരാഷ്ട്രരംഗത്തും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. 1971ൽ ഒമാന്‍ ഐക്യരാഷ്ട്രസഭയിലെ അംഗത്വം നേടുന്നതിനുള്ള ദൗത്യത്തിന് നേതൃത്വം വഹിക്കുകയും അവിടെ ഒമാന്റെ ചരിത്രപ്രസിദ്ധമായ ആദ്യ പ്രസംഗം നടത്തുകയും ചെയ്തു. ഈ പ്രസംഗം ഒമാന്റെ അന്താരാഷ്ട്ര നിലപാട് ഉജ്ജ്വലമായി ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയും ഇത് ആധുനിക ഒമാനി നയതന്ത്രത്തിന്റെയും വിദേശനയത്തിന്റെയും അടയാളപ്പെടുത്തലായി മാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

