പണം വാങ്ങി മുങ്ങുന്ന ഡ്രൈവിങ് ഇൻസ്ട്രക്ടർമാർക്ക് തടവും പിഴയും
text_fieldsമസ്കത്ത്: ഡ്രൈവിങ് പഠിക്കാനെത്തുന്നവരിൽനിന്ന് മുൻകൂട്ടി പണം വാങ്ങിയശേഷം മുങ്ങുന്ന ഡ്രൈവിങ് ഇൻസ്ട്രക്ടർമാർക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഇൻസ്ട്രക്ടർമാരുടെ വഞ്ചനയിൽ കുടുങ്ങി നിരവധി പേർക്ക് പണം നഷ്ടമായതായ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂഷെൻറ ഇടപെടൽ. പഠിതാക്കളുമായുള്ള ധാരണ തെറ്റിക്കുന്നവർക്ക് ഒരു വർഷം വരെ തടവുശിക്ഷയും രണ്ടായിരം റിയാൽ വരെ പിഴയും ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിൽ അറിയിച്ചു.
വഞ്ചനകൾക്കിരയാകുന്നവർക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയെ സമീപിക്കാനും സാധിക്കും. പത്തു ദിവസം മുതൽ ഒരു വർഷം വരെ തടവും നൂറു റിയാൽ മുതൽ രണ്ടായിരം റിയാൽ വരെ പിഴയുമാണ് സേവനത്തിൽ വീഴ്ച വരുത്തുന്ന ഡ്രൈവിങ് ഇൻസ്ട്രക്ടർമാരിൽനിന്ന് ഇൗടാക്കാൻ വ്യവസ്ഥയുള്ളത്. വ്യക്തിഗത ഇൻസ്ട്രക്ടർമാരെ ഡ്രൈവിങ് പഠിക്കാൻ സമീപിക്കുന്നവരാണ് പ്രധാനമായും വഞ്ചനക്ക് ഇരയാകുന്നത്. പണം മുൻകൂർ വാങ്ങിയ ശേഷം വരാതിരിക്കുകയാണ് ഇവർ. പ്രവാസികളാണ് കൂടുതലും ഇരയാക്കപ്പെടുന്നത് എന്നതിനാൽ അധികമാരും പരാതികൾ നൽകാത്തതും ഇവർക്ക് വളമായി തീരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
