മസ്കത്ത്: മലേഷ്യയിൽ നടക്കുന്ന ഏഷ്യാ കപ്പ് യോഗ്യത മത്സരത്തിൽ തോൽവിയറിയാതെ ഒമാൻ ക്രിക്കറ്റ് ടീം മുന്നേറുന്നു. ആദ്യ മൂന്നു മത്സരങ്ങളിൽ നേപ്പാൾ, മലേഷ്യ, സിംഗപ്പൂർ ടീമുകളോട് ജയിച്ചുകയറിയ ഒമാൻ ഞായറാഴ്ച നടന്ന മത്സരത്തിൽ മഴ വില്ലനായപ്പോൾ ഹോങ്കോങ്ങിനോട് പോയൻറ് പങ്കുവെച്ചു.
ഇന്ന് നടക്കുന്ന നിർണായകമത്സരത്തിൽ യു.എ.ഇയെ തോൽപ്പിച്ചാൽ ഒമാൻ ഫൈനലിലേക്ക് യോഗ്യത നേടും. ഫൈനലിൽ വിജയം കൊയ്താൽ സെപ്റ്റംബർ 15ന് യു.എ.ഇയിൽ ആരംഭിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരത്തിൽ കളിക്കാൻ അർഹത നേടും. ഇന്ത്യ, പാകിസ്താന്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന് എന്നീ ടീമുകളാണ് ഏഷ്യാകപ്പിലേക്ക് ഇതുവരെ നേരിട്ട് യോഗ്യത നേടിയിട്ടുള്ളത്. യോഗ്യത മത്സരത്തിൽ ഫൈനലിൽ വിജയം നേടുന്നവർ ആറാമത്തെ ടീമായാണ് പ്രവേശനം നേടുക.