ഒമാൻ കൺവെൻഷൻ സെൻററിനോട് ചേർന്ന് പുതിയ നഗരം വികസിപ്പിക്കുന്നു
text_fieldsമസ്കത്ത്: മദീനത്ത് അൽ ഇർഫാൻ പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിന് ഒമാൻ ടൂറിസം ഡെവലപ്മെൻറ് കമ്പനിയും (ഒംറാൻ) ‘മെന’ മേഖലയിലെ മുൻനിര റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ മാജിദ് അൽ ഫുതൈം ഗ്രൂപ്പും കരാർ ഒപ്പിട്ടു. അഞ്ചു ശതകോടി റിയാൽ ചെലവുവരുന്ന സംയുക്ത സംരംഭത്തിെൻറ ഭാഗമായി മദീനത്ത് അൽ ഇർഫാെൻറ പടിഞ്ഞാറ് ഭാഗമാണ് വികസിപ്പിച്ചെടുക്കുക. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിനോട് ചേർന്നുള്ള ഭാഗത്ത് പദ്ധതിയുടെ ഭാഗമായി താമസ, വാണിജ്യ, വിനോദ കേന്ദ്രങ്ങൾ പടുത്തുയർത്തുകയാണ് ചെയ്യുക.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ കഴിഞ്ഞദിവസം നടന്ന ചടങ്ങിലാണ് പദ്ധതിയുടെ ധാരണപ്പത്രം ഒപ്പുവെച്ചത്. വ്യവസായ വാണിജ്യ മന്ത്രി ഡോ. അലി ബിൻ മസൂദ് അൽ സുനൈദിയടക്കം പ്രമുഖർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. അൽ മൗജ് മസ്കത്തിന് സമാനമായി വിവിധോദ്ദേശ്യ കമ്യൂണിറ്റി കേന്ദ്രമാണ് ആലോചനയിലുള്ളത്. നിർമാണം പൂർത്തിയാകുേമ്പാൾ തലസ്ഥാന ഗവർണറേറ്റിലെ പുതിയ വ്യാപാര കേന്ദ്രം കൂടിയായി ഇവിടം മാറും. മസ്കത്തിലെ പുതിയ ആകർഷണ കേന്ദ്രമായി മദീനത്ത് അൽ ഇർഫാനെ മാറ്റുംവിധമാണ് പദ്ധതിയെന്ന് വ്യവസായ മന്ത്രി ഡോ. അലി അൽ സുനൈദി പറഞ്ഞു. ഒമാനി സമ്പദ്ഘടനയുടെ വൈവിധ്യവത്കരണമെന്ന സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ ആശയത്തിലൂന്നിയുള്ളതാണ് പദ്ധതിയെന്നും ഒംറാെൻറ ചെയർമാൻ കൂടിയായ അദ്ദേഹം പറഞ്ഞു. ഒമാനിലെ ഏറ്റവും വലിയ നഗര വികസന പദ്ധതിയാണ് ഇതെന്ന് ചടങ്ങിൽ സംസാരിച്ച ഒംറാൻ സി.ഇ.ഒ പീറ്റർ വലിച്ച്നോവ്സ്കി പറഞ്ഞു. പദ്ധതിയുടെ കിഴക്കുഭാഗം അഥവാ ആദ്യഘട്ടം ഒംറാൻ തനിയെയാണ് വികസിപ്പിച്ചെടുക്കുന്നത്.
പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേർന്നുള്ള ഇൗ ഭാഗത്ത് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻറർ, രണ്ടു പഞ്ചനക്ഷത്ര ഹോട്ടലുകൾ, ഒാഫിസ് കേന്ദ്രങ്ങൾ തുടങ്ങിയവയാണ് ഉള്ളത്. ഇവയിൽ ചിലത് നിർമാണ ഘട്ടത്തിലാണ്. പടിഞ്ഞാറ് ഭാഗത്തായുള്ള 4.5 ദശലക്ഷം സ്ക്വയർ മീറ്റർ സ്ഥലമാണ് പുതിയ ധാരണ പ്രകാരം വികസിപ്പിച്ചെടുക്കുക. 20 വർഷ കാലാവധിയിലാണ് പദ്ധതി പൂർത്തിയാവുക. ഇതോടെ, നേരിട്ടും അല്ലാതെയും 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് സി.ഇ.ഒ പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായിട്ടാകും പദ്ധതി പൂർത്തീകരിക്കുക. ആദ്യഘട്ടത്തിന് 2023ലാണ് പരിധി നിശ്ചയിച്ചിട്ടുള്ളത്.
നിർമാണം പൂർത്തിയാകുേമ്പാൾ വില്ലകളും ടൗൺഹൗസുകളും അപ്പാർട്ട്മെൻറുകളും അടങ്ങുന്ന 11000 താമസ കേന്ദ്രങ്ങൾ, ഒരു ലക്ഷം സ്ക്വയർ മീറ്റർ വ്യാപാര കേന്ദ്രം, ഏഴുലക്ഷം സ്ക്വയർ മീറ്റർ ഒാഫിസ് കേന്ദ്രങ്ങൾ എന്നിവ ഉണ്ടാകും. ഇതോടൊപ്പം സാംസ്കാരിക, വിനോദ കേന്ദ്രങ്ങളും ഉണ്ടാകുമെന്ന് സി.ഇ.ഒ പറഞ്ഞു. ഇൗ വർഷം അവസാനത്തോടെ പദ്ധതിയുടെ നിർമാണം തുടങ്ങാനാണ് പദ്ധതിയെന്ന് മാജിദ് അൽ ഫുതൈം ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ അലൈൻ ബെജ്ജാനി പറഞ്ഞു. പദ്ധതിയുടെ നിക്ഷേപമടക്കം വിവരങ്ങളിൽ ഒംറാനുമായി വൈകാതെ ധാരണയിലെത്തും. ഒമാനെ സംബന്ധിച്ച് വലിയ മാറ്റത്തിന് വഴിയൊരുക്കുന്നതാകും പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. സുസ്ഥിരതയിലും നഗര വികസനത്തിലുമെല്ലാം പുതിയ മാനദണ്ഡങ്ങൾക്ക് രൂപം കൊടുക്കുന്നതാകും പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
