ഹല്ലാനിയാത്ത് ദ്വീപിന് സമീപം കപ്പലപകടം: എണ്ണച്ചോർച്ചയില്ലെന്ന് സ്ഥിരീകരിച്ച് ഒമാൻ പരിസ്ഥിതി അതോറിറ്റി
text_fieldsമസ്കത്ത്: ദോഫാറിൽ ഷാലിം-ഹല്ലാനിയാത്ത് ദ്വീപ് വിലായത്തിലെ ഖിബ്ലിയ ദ്വീപിന് സമീപം വിദേശ ചരക്കുകപ്പൽ മണലിൽ ഉറച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ നിലവിൽ സമുദ്രത്തിൽ എണ്ണച്ചോർച്ചയോ മലിനീകരണമോ ഇല്ലെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. പാരിസ്ഥിതിക പ്രാധാന്യമുള്ള ഹല്ലാനിയാത്ത് ദ്വീപുകളുടെ ബഫർ സോണിലാണ് അപകടം നടന്നത്.
സംഭവത്തെ തുടർന്ന് ബുധനാഴ്ച ദോഫാർ ഗവർണറേറ്റിലെ പരിസ്ഥിതി ഡയറക്ടറേറ്റ് ജനറലിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം കപ്പൽ സന്ദർശിക്കുകയും പരിസര പ്രദേശങ്ങളിൽ നിന്ന് ജലസാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ഈ പരിശോധനയിലാണ് എണ്ണച്ചോർച്ചയുടെ സാന്നിധ്യമില്ലെന്ന് വ്യക്തമായത്. നാഷനൽ എമർജൻസി മാനേജ്മെന്റ് കമ്മിറ്റിയുമായി ചേർന്ന് പരിസ്ഥിതി അതോറിറ്റി സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
എണ്ണച്ചോർച്ചയോ മറ്റ് പാരിസ്ഥിതിക ആഘാതങ്ങളോ ഉണ്ടായാൽ ഉടനടി നേരിടുന്നതിനായി പ്രത്യേക മുൻകരുതൽ പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിലും ഊഹാപോഹങ്ങളിലും ജനങ്ങൾ വഞ്ചിതരാകരുതെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

