വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റ പ്രവർത്തനങ്ങളെ അപലപിച്ച് ഒമാൻ
text_fieldsമസ്കത്ത്: അധിനിവിഷ്ട ഫലസ്തീനിലെ വെസ്റ്റ് ബാങ്ക് മേഖലയിൽ ഇസ്രായേൽ നടത്തുന്ന കുടിയേറ്റ പ്രവർത്തനങ്ങള അപലപിച്ച് ഒമാൻ . ഇസ്രായേലിന്റെ ഏകപക്ഷീയമായവും അനധികൃതവുമായ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഒമാൻ സുൽത്താനേറ്റ് കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര നിയമങ്ങളോടുള്ള ആദരവിലൂടെയും ഫലസ്തീൻ ജനതയുടെ സ്വയംഭരണാവകാശം സംരക്ഷിച്ചുകൊണ്ടും മാത്രമേ മേഖലയിൽ നീതിപൂർവവും ശാശ്വതവുമായ സമാധാനം കൈവരിക്കാനാകൂ എന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ ബിൻ ഹമദ് അൽ ബുസൈദി പ്രസ്താവനയിൽ വ്യക്തമാക്കി. സ്വതന്ത്ര ഫലസ്തീൻ രാജ്യം സ്ഥാപിക്കുക എന്നത് ഫലസ്തീനികളുടെ അലംഘനീയമായ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ വൻതോതിലുള്ള പാർപ്പിട സമുച്ചയ നിർമ്മാണവുമായി മുന്നോട്ടുപോകാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ 1,200-ലധികം വീടുകൾ നിർമ്മിക്കുന്നതിനായുള്ള നടപടികൾ ഇസ്രായേൽ ആരംഭിച്ചതിന് പിന്നാലെ ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങൾ സംയുക്തമായി ഇസ്രായേൽ നടപടിയെ ശക്തമായി അപലപിച്ചു.
ഇസ്രായേൽ കഴിഞ്ഞ വർഷം അനുമതി നൽകിയ 'ഇ 1' പദ്ധതി, ഫലസ്തീനികൾ ഭൂരിപക്ഷമുള്ളതും ഇസ്രായേൽ കൈയേറി കൂട്ടിച്ചേർത്തതുമായ കിഴക്കൻ ജറുസലേമിനെ വെസ്റ്റ് ബാങ്കിൽ നിന്ന് കൂടുതൽ ഒറ്റപ്പെടുത്താൻ കാരണമാകും.
വെസ്റ്റ് ബാങ്കിൽ ജനങ്ങൾക്കെതിരെയുള്ള ഇസ്രായേൽ കുടിയേറ്റക്കാരുടെ അക്രമങ്ങൾ വർധിക്കുകയും ഫലസ്തീൻ സമ്പദ്‌വ്യവസ്ഥ കടുത്ത നിയന്ത്രണങ്ങൾ നേരിടുകയും ചെയ്യുന്ന ഈ അസ്ഥിരമായ സാഹചര്യത്തിൽ, ഇസ്രായേലിന്റെ ഈ തീരുമാനം അതീവ ആശങ്കാജനകമാണെന്ന് ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ, ജർമ്മനി രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
നിർമ്മാണ പദ്ധതികളിൽ നിന്ന് ഇസ്രായേൽ സർക്കാർ അടിയന്തരമായി പിന്മാറണമെന്നും വെസ്റ്റ് ബാങ്കിലെ കുടിയേറ്റ വിപുലീകരണം അവസാനിപ്പിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനത്തിന് കാരണമായേക്കാവുന്ന ഈ നിർമ്മാണ ടെൻഡറുകളിൽ പങ്കെടുക്കുന്നതിനെതിരെ സ്വകാര്യ കമ്പനികൾക്കും രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

