ഗസ്സയിൽ ഭക്ഷണം കാത്തിരുന്നവർക്കുനേരെ ആക്രമണം: ഒമാൻ അപലപിച്ചു
text_fieldsമസ്കത്ത്: വടക്കൻ ഗസ്സയിൽ ഭക്ഷ്യസാധനങ്ങൾ സ്വീകരിക്കാൻ കാത്തുനിന്ന നിരായുധരായ ഫലസ്തീൻ പൗരന്മാർക്ക് നേരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ ഒമാൻ അപലപിച്ചു. അധിനിവേശ സേനയുടെ ഈ പ്രവൃത്തികൾ എല്ലാ അന്താരാഷ്ട്ര, മാനുഷിക മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ അധിനിവേശ സേന പിന്തുടരുന്ന ഉന്മൂലന നയത്തിന്റെ തുടർച്ചയാണിത്. ഗസ്സ മുനമ്പിലെ ദാരുണമായ മാനുഷിക സാഹചര്യങ്ങൾ അവസാനിപ്പിക്കാൻ അടിയന്തിരമായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഒമാൻ ആവശ്യപ്പെട്ടു. ഭക്ഷണ വിതരണത്തിനായി കാത്തുനിന്നവർക്കു നേരെയുണ്ടായ ആക്രമണത്തിൽ നൂറിന് മുകളിൽ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അൽറാഷിദ് സ്ട്രീറ്റിലെ നാബിലിസി റൗണ്ടബൗട്ടിൽ സഹായ ട്രക്കുകളിൽ ഭക്ഷണമെത്തുന്നത് കാത്തുനിന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് നേരെയായിരുന്നു ഇസ്രായേൽ സേനയുടെ വെടിവെപ്പ്. 700പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

