ഒമാൻ ചൈൽഡ്ഹുഡ് കോൺഫറൻസ് ആരംഭിച്ചു
text_fieldsചിൽഡ്രൻ ഫസ്റ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് ഒമാൻ ചൈൽഡ്ഹുഡ്
കോൺഫറൻസ് ആൻഡ് എക്സിബിഷനിൽനിന്ന്
മസ്കത്ത്: ചിൽഡ്രൻ ഫസ്റ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് ഒമാൻ ചൈൽഡ്ഹുഡ് കോൺഫറൻസ് ആൻഡ് എക്സിബിഷന് ഒമാൻ കൺവെൻഷൻ സെന്ററിൽ തുടക്കമായി. ‘നവീന സാങ്കേതികതയുടെ കാലത്ത് ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനും ശാക്തീകരണത്തിനുമായി തുറക്കുന്ന വഴികൾ’ എന്ന പ്രമേയവുമായി മൂന്നുദിവസം നീളുന്ന സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധർ ഒന്നിക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസവും സാമൂഹികമായ ചേർത്തുപിടിക്കലും പ്രോത്സാഹിപ്പിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യകളുടെ സഹായം ഉപയോഗപ്പെടുത്തുന്നതിലാണ് സമ്മേളനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പുതിയ അവസരങ്ങൾ തുറന്ന ആദ്യ കോൺഫറൻസിൽ പ്രതിഭാശാലികളായ കുട്ടികളുടെ വളർച്ചയും ഒമാന്റെ ഭാവിയിൽ അവരുടെ വിഭവശേഷിയെ പ്രയോജനകരമായി ഉപയോഗപ്പെടുത്തലും ചർച്ച ചെയ്തിരുന്നു.
രണ്ടാം പതിപ്പിൽ ഭിന്നശേഷിക്കാരായ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുകയും ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ അവരുടെ വിദ്യാഭ്യാസം, പുനരധിവാസം, സാമൂഹിക പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ എങ്ങനെ സൃഷ്ടിക്കാമെന്ന് അന്വേഷിക്കുകയാണ് ലക്ഷ്യമിടുന്നത്.
സമഗ്ര അവബോധവും പരിശീലന പരിപാടികളും സംഘടിപ്പിക്കുക, ഭിന്നശേഷിക്കാരായ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സമൂഹത്തിൽ ബോധവത്കരണം നടത്തുക, അവരെ സമൂഹത്തിൽ ഉൾപ്പെടുത്താനുള്ള ശാസ്ത്രീയവും പ്രായോഗികവുമായ മാർഗങ്ങൾ അവതരിപ്പിക്കുക, സർക്കാർ, സ്വകാര്യമേഖല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ ചെയ്യുന്ന പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുക എന്നിവയാണ് ചൈൽഡ്ഹുഡ് കോൺഫറൻസിന്റെ പ്രധാന ലക്ഷ്യങ്ങൾ.
വിദഗ്ധർ ഉൾപ്പെടുന്ന പാനൽ ചർച്ചകൾക്കുപുറമെ, കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹിക സേവന രംഗങ്ങളിലെ പ്രഫഷനലുകൾക്കും പ്രത്യേക പരിശീലന ശിൽപശാലകളും ഒരുക്കിയിട്ടുണ്ട്.
സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രദർശനത്തിൽ മെഡിക്കൽ സെന്ററുകൾ, പുനരധിവാസ-വിദ്യാഭ്യാസ ഉപദേശക കേന്ദ്രങ്ങൾ, മാനസികാരോഗ്യ സേവനങ്ങൾ, സാങ്കേതിക സേവന ദാതാക്കൾ തുടങ്ങി കുട്ടികളുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളും കമ്പനികളും പങ്കാളികളാണ്.
കുട്ടികൾക്കായി സംവേദനാത്മക പ്രവർത്തനങ്ങൾ, വിനോദങ്ങൾ, നാടകാവിഷ്കാരങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അക്കാദമിക് സ്ഥാപനങ്ങളും ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളും പരിസ്ഥിതിസംഘടനകളും ബാങ്കുകളും ബാല-സൗഹൃദ സാങ്കേതിക സേവന രംഗത്തെ സ്റ്റാർട്ടപ്പുകളും ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

