ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനൽ: ആവേശം കെടുത്തി അപ്രതീക്ഷിത ‘വില്ലെൻറ’ അരങ്ങേറ്റം
text_fieldsമസ്കത്ത്: ഇന്ത്യ-പാക് പോരാട്ടങ്ങൾ കായിക ചരിത്രത്തിൽ എന്നും ഇടം പിടിക്കാറുള്ളത ാണ്. കളിക്കപ്പുറം എന്തൊക്കെയോ ഉള്ളതിനാലാകും ഇരു രാജ്യങ്ങളും തമ്മിൽ ക്രിക്കറ്റിൽ മാത്രമല്ല, ഏതു കായിക ഇനത്തിൽ ഏറ്റുമുട്ടിയാലും സ്റ്റേഡിയം കാണികളെ കൊണ്ട് നിറയും. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ ശനിയാഴ്ച രാത്രി കണ്ടതും ഇൗ ആവേശമാണ്.
എന്നാൽ, ഇൗ ആവേശം കെടുത്തി മത്സരം ആരംഭിക്കുന്നതിന് മുേമ്പ മഴ അരങ്ങേറി.
പരമ്പരാഗത വൈരികൾ തമ്മിലുള്ള മത്സരം കാണാൻ സന്ധ്യ മുതലേ ആരാധകർ കൊടി തോരണങ്ങളും കൊട്ടും പാട്ടുകളുമായി സ്റ്റേഡിയത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ജപ്പാനും മലേഷ്യയും തമ്മിലുള്ള മൂന്നാം സ്ഥാന നിർണയ മത്സരം നടക്കുന്ന സമയത്ത് തന്നെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. ടിക്കറ്റുകൾ നേരത്തേ വിറ്റു തീർന്നു. നിറഞ്ഞുകവിഞ്ഞ ഇരിപ്പിടങ്ങളിൽനിന്നും ‘വന്ദേമാതരവും’ ‘ഭാരത്മാതാ കീ ജയും’ ‘പാകിസ്താൻ സിന്ദാബാദും’ ഒക്കെ മുഴങ്ങിത്തുടങ്ങി. ടീമുകൾ പരിശീലനത്തിനായി സ്റ്റേഡിയത്തിൽ പ്രവേശിച്ചതോടെ ആവേശം ഉച്ചത്തിലായി.
പ്രാഥമിക റൗണ്ടിലെ പ്രകടനം ആവർത്തിക്കുമെന്ന് ഇന്ത്യൻ ആരാധകരും അട്ടിമറി നടക്കാൻ പോകുന്നുവെന്ന് പാകിസ്താൻ ആരാധകരും ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. മത്സരം തുടങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ മഴ എത്തിയതോടെ ആരാധകർ നടുങ്ങി. ഒമാൻ പോലുള്ള രാജ്യത്ത് വല്ലപ്പോഴും വിരുന്നുകാരനായി എത്താറുള്ള മഴ ഇങ്ങനെ ഒരു രസംകൊല്ലിയായി അവതരിക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും വിശ്വസിച്ചില്ല. തുടക്കത്തിലെ ചാറ്റൽ മഴ പെെട്ടന്ന് തന്നെ നിൽക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, വൈകാതെ ഹോക്കി ആരാധകരുടെ നെഞ്ചിൽ തീ കോരിയിട്ട് മഴ അതിശക്തമായി. ഇതോടെ മേൽക്കൂരയില്ലാത്ത സ്റ്റേഡിയത്തിൽനിന്ന് ആളുകൾ ഒാടിമാറി. ഗ്രൗണ്ടിലെ ടർഫ് ശക്തമായ മഴയിൽ പൊങ്ങിവന്നതോടെ മിക്കവാറും മത്സരം ഉപേക്ഷിക്കും എന്ന നിലയിലായി.
എന്നാൽ, പത്തു മിനിറ്റുകൾ വീതമുള്ള പകുതികൾ ആയി മത്സരം പേരിനെങ്കിലും നടത്തുമെന്ന് അവശേഷിച്ച ആരാധകർ കരുതി. പത്തരയോടെ മത്സരം ഉപേക്ഷിക്കുകയും ഇന്ത്യയെയും പാകിസ്താനെയും സംയുകത ജേതാക്കളായി പ്രഖ്യാപിക്കുകയുമായിരുന്നു. ആ സമയത്ത് മഴക്ക് ശമനമായിരുന്നെങ്കിലും മൈതാനത്ത് മത്സരം നടത്താൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. കളിക്കാർ ഇൗ സമയം ഗ്രൗണ്ടിൽ ഇറങ്ങി. അവശേഷിച്ച ആരാധകർ ഗ്രൗണ്ടിൽ ഇറങ്ങി ഇവർക്കൊപ്പം സെൽഫിയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും സമയം കണ്ടെത്തി.
കളിക്കളത്തിലെ പോരാട്ടവീര്യം മറന്ന് ഇരു രാജ്യങ്ങളുടെയും കളിക്കാർ സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. മലയാളി താരം ശ്രീജേഷ് ആയിരുന്നു എല്ലാവരുടെയും പ്രിയങ്കരൻ. ടൂർണമെൻറിലെ ഏറ്റവും മികച്ച ഗോൾ കീപ്പർ ആയി തെരഞ്ഞെടുക്കപ്പെട്ടതും ശ്രീജേഷ് ആയിരുന്നു. സംയുക്ത ജേതാക്കളായാണ് പ്രഖ്യാപിച്ചത് എങ്കിലും ടോസിലൂടെ കപ്പ് ഇന്ത്യക്കാണ് ലഭിച്ചത്. പാകിസ്താൻ താരങ്ങൾക്ക് സ്വർണ മെഡലും ലഭിച്ചു. ഇരുടീമുകളും ചേർന്നുള്ള ഗ്രൂപ് ഫോട്ടോയും എടുത്തു. രാത്രി പതിനൊന്നിനാണ് ശേഷിക്കുന്ന കാണികളും പിരിഞ്ഞുപോയത്. കളി തടസ്സപ്പെട്ടതിെൻറ അമർഷം ചില കാണികൾ മറച്ചുവെച്ചില്ല. കളി തുടങ്ങാൻ ഇത്രയും താമസിച്ചതും അതോടൊപ്പം സാധാരണ രാജ്യാന്തര ടൂർണമെൻറുകളിൽ ഫൈനൽ ഉൾെപ്പടെ പ്രധാന മത്സരങ്ങൾക്ക് അനുവദിക്കാറുള്ള റിസർവ് ദിനം ഇല്ലാതിരുന്നതുമാണ് രോഷത്തിന് കാരണം. അതേസമയം, ഫൈനലിന് പണം മുടക്കി ടിക്കറ്റ് എടുത്തവർക്കുള്ള പണം തിരികെ ലഭിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഒന്നുമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
