Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് തെരഞ്ഞെടുപ്പ്: ഡിജിറ്റൽ, റിമോട്ട് വോട്ടിങ് സംവിധാനങ്ങളൊരുങ്ങുന്നു

text_fields
bookmark_border
ഒ.സി.സി.ഐ തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ചേർന്നു
ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് തെരഞ്ഞെടുപ്പ്: ഡിജിറ്റൽ, റിമോട്ട് വോട്ടിങ് സംവിധാനങ്ങളൊരുങ്ങുന്നു
cancel

മസ്‌കത്ത്: ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നടപടികൾക്കായി ഡിജിറ്റൽ വോട്ടിങ് സംവിധാനങ്ങൾ സജ്ജമാക്കുന്നു. ഇത് സംബന്ധിച്ച മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഒ.സി.സി.ഐ തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ചേർന്നു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടർസെക്രട്ടറിയും തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനുമായ എൻജി. ഗാലിബ് സഈദ് അൽ മാമരിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

ഒ.സി.സി.ഐ തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ കാര്യക്ഷമമായി സംഘടിപ്പിക്കുന്നതിനും അതുമായി ബന്ധപ്പെട്ട സാങ്കേതിക, സംഘടനാപരമായ നടപടിക്രമങ്ങൾ വിലയിരുത്തുന്നതിനുമാണ് യോഗം ചേർന്നത്. വാണിജ്യ-വ്യവസായ മേഖലയിലുള്ളവർക്ക് തങ്ങളുടെ പ്രതിനിധികളെ സുതാര്യമായി തെരഞ്ഞെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള ശക്തമായ നിയമ-നിയന്ത്രണ ചട്ടക്കൂട് യോഗം ചർച്ച ചെയ്തു. ഡിജിറ്റൽ സേവനങ്ങളിലെ ദ്രുതഗതിയിലുള്ള വികസനം കണക്കിലെടുത്ത്, ഇലക്ട്രോണിക് വോട്ടിങ് ഉപകരണങ്ങളും റിമോട്ട് വോട്ടിങ് സംവിധാനവും ഏർപ്പെടുത്താൻ സമിതിക്ക് അടുത്തിടെ അംഗീകാരം ലഭിച്ചിരുന്നു.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വോട്ടിങ് നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കാനും എളുപ്പമാക്കാനും യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ, സമയക്രമം, അപേക്ഷകൾ സമർപ്പിക്കേണ്ട തീയതികൾ എന്നിവ കൃത്യമായ നടപടിക്രമങ്ങളോടെ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് എൻജി. ഗാലിബ് സഈദ് അൽ മാമരി അറിയിച്ചു. ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി ചേർന്നുകൊണ്ട് പൂർണമായും ഡിജിറ്റലൈസ്ഡ് ആയതും വോട്ടർമാർക്ക് ലളിതമായി ഉപയോഗിക്കാൻ സാധിക്കുന്നതുമായ ഒരു തെരഞ്ഞെടുപ്പ് അന്തരീക്ഷം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരും ഘട്ടങ്ങളിൽ ഈ വോട്ടിങ് സംവിധാനം പൂർണ സജ്ജമാക്കുന്നതിനുള്ള സംയുക്ത പ്രവർത്തനങ്ങൾ നടക്കും. ആധുനിക ഡിജിറ്റൽ പരിഹാരങ്ങൾ പ്രയോജനപ്പെടുത്തുന്നത് വഴി ബിസിനസ് സമൂഹത്തിന് തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസ്യത വർധിക്കുമെന്നും സമിതി വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman Chamber of Commerce Elections
Next Story