അത്യാധുനിക സൗകര്യങ്ങളോടെ ഒമാൻ ചേംബറിന് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു
text_fieldsഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ‘പാർട്ണേഴ്സ് ഓഫ് അച്ചീവ്മെന്റ്’ ഫോറത്തിൽ ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് സംസാരിക്കുന്നു
മസ്കത്ത്: ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിക്ക് (ഒ.സി.സി.ഐ) പുതിയ ആസ്ഥാന മന്ദിരമൊരുങ്ങുന്നു. മസ്കത്തിലെ മദീനത്തുൽ ഇർഫാനിൽ അത്യാധുനിക രീതിയിൽ നിർമിക്കുന്ന മന്ദിരത്തിന്റെ രൂപരേഖ പുറത്തുവിട്ടു. ഒ.സി.സി.ഐയുടെ 2022-2026 ഭരണസമിതിയുടെ കാലാവധിയിലെ പുരോഗതി വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച ‘പാർട്ണേഴ്സ് ഓഫ് അച്ചീവ്മെന്റ്’ ഫോറത്തിലാണ് രൂപരേഖ പുറത്തുവിട്ടത്.
അന്താരാഷ്ട്ര ബിസിനസ് പ്രതിനിധികൾക്കും സാമ്പത്തിക പരിപാടികൾക്കും ആതിഥേയത്വം വഹിക്കാൻ അനുയോജ്യമായ സ്മാർട്ട് വർക്ക്‌സ്‌പേസുകൾ, അത്യാധുനിക കോൺഫറൻസ്-ഇവന്റ് സൗകര്യങ്ങൾ എന്നിവ ഇവിടെയുണ്ടാകും. ഒമാനിലെ സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ നാല് വർഷ ഭരണകാലയളവിലെ പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും നേട്ടങ്ങളും ഫോറത്തിൽ പങ്കുവെച്ചു.
നാല് വർഷത്തെ പ്രവർത്തനങ്ങൾ സ്വകാര്യ മേഖലയുടെ മത്സരശേഷി ഉയർത്താനും ഒമാന്റെ സാമ്പത്തിക വികസനത്തിൽ കമ്പനികളെ പ്രധാന പങ്കാളികളാക്കാനും സഹായിച്ചതായി ഒ.സി.സി.ഐ ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് പറഞ്ഞു. 2025 അവസാനത്തോടെ ചേംബറിന്റെ നിക്ഷേപ പോർട്ട്‌ഫോളിയോ 45 ശതമാനം വർധനവോടെ 67.1 മില്യൺ റിയാലായി ഉയർന്നു. 2022 ൽ ഇത് 46.4 മില്യൺ റിയാലായിരുന്നു. നാല് വർഷത്തിനിടെ നിക്ഷേപത്തിൽ മാത്രം 20.7 മില്യൺ റിയാലിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. മസ്കത്തിന് പുറത്തുള്ള മേഖലകളിലും ബിസിനസ് സജീവമാക്കാൻ ഒ.സി.സി.ഐ ബ്രാഞ്ചുകൾക്ക് സാധിച്ചതായി ചെയർമാൻ ചൂണ്ടിക്കാട്ടി.
2023 മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ ചേംബർ ശാഖകൾ വൈവിധ്യമാർന്ന പരിപാടികൾ നടത്തി. 2024-ലും 2026-ലും സംഘടിപ്പിച്ച ‘സോഹാർ ഇൻവെസ്റ്റ്‌മെന്റ് ഫോറം’ വഴി 32 രാജ്യങ്ങളിൽ നിന്നായി 1,750-ലധികം പങ്കാളികളെ ആകർഷിക്കാനും 1.3 ബില്യൺ റിയാൽ മൂല്യമുള്ള 145 നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കാനും സാധിച്ചു. ഇതിലൂടെ 127 മില്യൺ റിയാലിന്റെ കരാറുകൾ ഒപ്പുവെച്ചു.
ഒമാനി ഉൽപന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്താനും അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കാനുമുള്ള വിപുലമായ ശ്രമങ്ങൾ നടന്നു. 2023 മുതൽ 2026 ജൂൺ വരെ 169 വിദേശ വ്യാപാര പ്രതിനിധി സംഘങ്ങളെ ഒ.സി.സി.ഐ സ്വീകരിക്കുകയും 58 ഒമാനി ബിസിനസ് പ്രതിനിധി സംഘങ്ങളെ വിദേശത്തേക്ക് അയക്കുകയും ചെയ്തു. 76 പ്രാദേശിക-അന്താരാഷ്ട്ര പ്രദർശനങ്ങളിൽ പങ്കെടുത്തു.
തായ്‌പേയ്, യു.എസ് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വാണിജ്യ ഓഫിസുകൾ വഴി ഒമാന്റെ സാമ്പത്തിക സാന്നിധ്യം ആഗോളതലത്തിൽ ശക്തമാക്കി. 2021-ൽ സ്ഥാപിതമായ ഒമാൻ കൊമേഴ്സ്യൽ ആർബിട്രേഷൻ സെന്റർ ഇതുവരെ ഏകദേശം 138.5 മില്യൺ റിയാലിന്റെ തർക്കപരിഹാര ക്ലെയിമുകൾ കൈകാര്യം ചെയ്തതായും ചെയർമാൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

