ഗ്രാമീണ വനിതദിനം ആഘോഷിച്ച് ഒമാൻ
text_fieldsമസ്കത്ത്: ലോക രാജ്യങ്ങളോടൊപ്പം അന്താരാഷ്ട്ര ഗ്രാമീണ വനിതദിനം ആചരിച്ച് ഒമാനും. ഗ്രാമീണ മേഖലയിൽ, ‘ഗ്രാമീണ സ്ത്രീകൾ എല്ലാവർക്കും നല്ല ആഹാരം കൃഷി ചെയ്യുന്നു’ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ മുദ്രാവാക്യം. ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷ്യോൽപാദനത്തിൽ ഗ്രാമീണ സ്ത്രീകളുടെ പങ്കും കാർഷിക മേഖലയിലും വികസന രംഗങ്ങളിലുമുള്ള അവരുടെ സംഭാവനകളെയും ഉയർത്തിക്കാട്ടുന്നതിനാണ് ഈ വർഷത്തെ അന്താരാഷ്ട്ര ഗ്രാമീണ വനിതദിനം പ്രാധാന്യം നൽകുന്നത്.
ബുധനാഴ്ച നടന്ന ദിനാചരണത്തിന് കൃഷി, മത്സ്യ, ജല വിഭവ മന്ത്രാലയം നേതൃത്വം നൽകി. ഗ്രാമീണ സ്ത്രീകൾ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കൃഷി, മൃഗസംരക്ഷണം, കരകൗശല വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ ഗ്രാമീണ സ്ത്രീകൾ സജീവ പങ്കാളികളാണ്. കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യപ്രവർത്തന മേഖലകളിലായി 10,148 ഒമാനി സ്ത്രീകൾ നിലവിൽ പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്. ഇതിൽ 89 ശതമാനം സ്ത്രീകൾ മൃഗസംരക്ഷണ, ഉൽപാദന മേഖലയിലാണ് പ്രവർത്തിക്കുന്നത്.
68.2 ശതമാനം പേർ കാർഷികവും കന്നുകാലികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും 37 ശതമാനം പേർ കരകൗശല വ്യവസായങ്ങളിലുമാണ് ഏർപ്പെട്ടിരിക്കുന്നത്. ഈ കണക്കുകൾ ഗ്രാമീണ സ്ത്രീകൾ പ്രവർത്തിക്കുന്ന മേഖലകളുടെ വൈവിധ്യവും വ്യാപ്തിയും കാണിക്കുന്നതിനൊപ്പം ദേശീയ വികസനത്തിലെ അവരുടെ പങ്കിന്റെ പ്രാധാന്യത്തെയും ഉയർത്തിക്കാട്ടുന്നുവെന്ന് മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

