പുരോഗതിയുടെ ചിറകിൽ ദേശീയദിനാഘോഷത്തിലേക്ക് ഒമാൻ
text_fieldsസുൽത്താൻഹൈതം ബിൻ താരിഖ്
മസ്കത്ത്: നവംബർ 20ന് 55ാമത് ദേശീയദിനം ആചരിക്കുന്ന സുൽത്താനേറ്റ് ഓഫ് ഒമാൻ പുരോഗതിയുടെ ചുവടുവെപ്പിലാണ്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ രാജ്യം പുതുപ്രതിജ്ഞയോടെ മുന്നോട്ടുനീങ്ങുകയാണ്. ഭരണാധികാരിയും ജനങ്ങളും തമ്മിലുള്ള ഐക്യം തന്നെയാണ് രാജ്യപുരോഗതിയുടെ കരുത്ത്. ദേശീയദിനാഘോഷത്തിനൊരുങ്ങുന്ന ഒമാന്റെ സമഗ്രമേഖലകളിലെയും വികസനകണക്കുകളും രാജ്യപുരോഗതിയുടെ വിവരങ്ങളും ഔദ്യോഗിക വാർത്താ ഏജൻസിയായ ഒമാൻ ന്യൂസ് ഏജൻസി പുറത്തുവിട്ടു.
വിദ്യാഭ്യാസരംഗം
അതിവേഗ മുന്നേറ്റമായിരുന്നു വിദ്യാഭ്യാസരംഗത്തുണ്ടായത്. സാധാരണ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ശാസ്ത്രീയ ഗവേഷണം തുടങ്ങി ‘ഒമാൻ വിഷൻ 2040’ ലൂടെ മുൻഗണനയായി ഉയർത്തിക്കൊണ്ടുവന്ന മേഖലകളിൽ കഴിഞ്ഞ ഒരുവർഷം മുന്നേറ്റങ്ങളുണ്ടായി.
സാങ്കേതികവിദ്യയും പഠനരീതികളും ഏകോപിപ്പിക്കേണ്ടതിന്റെ നിർണായകതയെക്കുറിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് സൂചിപ്പിച്ചിരുന്നു. രാജ്യത്ത് 1303 സ്കൂളുകളിലായി 66,379 അധ്യാപകർ ജോലിചെയ്തുവരുന്നുണ്ട്. ഈ വർഷം മാത്രം 16 പുതിയ സ്കൂളുകൾ ആരംഭിച്ചു. ക്യൂഎസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ് 2026ല് ഒമാനിലെ അഞ്ച് ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇടംപിടിച്ചു. സുൽത്താൻ ഖാബൂസ് സർവകലാശാല 28 സ്ഥാനങ്ങൾ ഉയർന്ന് ലോകതലത്തിൽ 334ാം സ്ഥാനം നേടി. ഗൾഫ് രാജ്യങ്ങളിൽ മുൻനിരയിലുമെത്തി. ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡെക്സിൽ കഴിഞ്ഞ നാല് വർഷത്തിനിടെ ഒമാൻ 10 സ്ഥാനങ്ങൾ ഉയർന്നു. ഇന്നവേഷൻ രംഗത്തും മുന്നേറി. 2018 മുതൽ 2024 വരെ കാലയളവിൽ 2228 ഗവേഷണപദ്ധതികൾക്ക് പിന്തുണ നൽകി. 2024ല് മാത്രം 475 പദ്ധതികൾ.13 പുതിയ പുതുപദ്ധതികൾ രാജ്യത്ത് നിലവിൽ.
സാമൂഹികം
ഒമാന്റെ സാമൂഹികസംരക്ഷണനിയമം പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികർവരെ ഉൾക്കൊള്ളുന്ന സമഗ്രപദ്ധതിയാക്കി പുതുക്കി. വിരമിക്കൽ, മാതൃത്വാനുകൂല്യം, വൈകല്യസഹായം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് നേരിട്ട് നൽകുന്ന ധനസഹായം എല്ലാം ഈ നിയമത്തിന് കീഴിൽ വരുന്നു.
പദ്ധതി ആരംഭിച്ചശേഷം ഇതുവരെ ആകെ ലക്ഷ്യമിട്ടതിന്റെ 63.6 ശതമാനം ജനങ്ങളിലേക്ക് പദ്ധതിയുടെ ഫലം എത്തിച്ചു. 2025 സെപ്റ്റംബറിൽ പുറപ്പെടുവിച്ച കണക്കനുസരിച്ച്, പൊതുമേഖലയിലെ 92 സ്ഥാപനങ്ങളും സ്വകാര്യമേഖലയിലെ 29,370 സ്ഥാപനങ്ങളും പദ്ധതിയിൽ സജീവമാണ്. പെൻഷൻ ഫണ്ട് പുനഃസംഘടനയിൽ 90 ശതമാനത്തിൽ കൂടുതൽ പുരോഗതി രേഖപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറിൽ 6.04 ലക്ഷത്തിലേറെ ഒമാനി തൊഴിലാളികൾ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. 1.21 ലക്ഷത്തിലേറെ പേർക്ക് സജീവ പെൻഷൻ ലഭ്യത ഉറപ്പുവരുത്തി. ഭിന്നശേഷിക്കാരുടെ വികസനത്തിനായി കഴിഞ്ഞ ഒക്ടോബറിൽ പുതിയ നിയമം (92/2025) കൊണ്ടുവന്നു. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ കേന്ദ്രം എന്ന പേരിലുള്ള ഓട്ടിസം സെന്ററിന് ഏഴ് മില്യൺ ഒമാനി റിയാൽ അനുവദിക്കുകയുംചെയ്തു.
ആരോഗ്യം
സുൽത്താനേറ്റിൽ 2024-25 കാലഘട്ടത്തിൽ ആരോഗ്യസംരക്ഷണ സൂചികകളിൽ കാര്യമായ പുരോഗതി കൈവരിച്ചു. ലെഗാറ്റം പ്രോസ്പെറിറ്റി ഇൻഡക്സ് ആരോഗ്യവിഭാഗത്തിൽ ഒമാൻ ലോകത്ത് 55ാം സ്ഥാനവും മെന മേഖലയിൽ (മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖല) ആറാം സ്ഥാനവും നേടി. ദേശീയ ആരോഗ്യനയം പ്രഖ്യാപിച്ചതോടെ ഒമാൻ ആരോഗ്യസംവിധാനത്തിന് വ്യക്തമായ റോഡ്മാപ്പ് സൃഷ്ടിക്കപ്പെട്ടു. പ്രാഥമിക ചികിത്സ, മാതൃ-ശിശുസംരക്ഷണം, ഡയബറ്റിസ് പരിചരണം, കാൻസർ ചികിത്സ, ഹൃദ്രോഗനിയന്ത്രണം തുടങ്ങി എല്ലാ മേഖലയിലും സേവനങ്ങൾ സജീവമായി. 2024ൽ 10 പുതിയ ആരോഗ്യ സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങി. ഇതിനൊപ്പം ഏഴ് ആശുപത്രികളും 21 ആരോഗ്യകേന്ദ്രങ്ങളും വികസിപ്പിച്ചു.
അവയവമാറ്റ ശസ്ത്രക്രിയകളിൽ രാജ്യം ഗുണനിലവാരത്തിലുള്ള നേട്ടങ്ങൾ കൈവരിച്ചു. ദേശീയ ട്രാൻസ്പ്ലാന്റേഷൻ സെന്ററിന് കീഴിൽ ഒമാനിൽ ആദ്യമായി ഒമാനി പൗരനിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തി. അഞ്ചുവർഷത്തിനുള്ളിൽ പൂർണ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള ഐ ബാങ്ക് പദ്ധതിയും പുരോഗമിക്കുന്നു. കുഞ്ഞുങ്ങളുടെ അടിസ്ഥാന വാക്സിൻ കവറേജിൽ രാജ്യം 99 ശതമാനത്തിന് മുകളിലാണ് നിൽക്കുന്നത്.
പരിസ്ഥിതി
പരിസ്ഥിതിസംരക്ഷണപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ ഒമാൻ മുന്നിലാണെന്ന് കണക്കുകൾ പറയുന്നു. 2025 ഗ്ലോബൽ പൊല്യൂഷൻ ഇൻഡക്സ് പ്രകാരം അറബ് ലോകത്തിലെ ഏറ്റവും കുറവ് മലിനീകരണമുള്ള രാജ്യം എന്ന ബഹുമതി ഒമാൻ നേടി. ഈയിനത്തിൽ ലോകത്ത് 22ാം സ്ഥാനമാണ് ഒമാന്. അൽ വുസ്തയിലെ വെറ്റ്ലാൻഡ് റിസർവ് റംസാർ പട്ടികയിൽ ഉൾപ്പെട്ടു. ജബൽ അഖ്ദർ സീനിക് റിസർവും അൽ സലീൽ നാച്ചുറൽ പാർക്കും യുനെസ്കോ ബയോസ്ഫിയർ റിസർവ് ശൃംഖലയിൽ ഉൾപ്പെട്ടതും പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളിൽ ഒമാന്റെ മികവ് എടുത്തുകാണിക്കുന്നതാണ്.
രാജ്യത്ത് വിവിധ ഗവർണറേറ്റുകളിൽ 56 വായുഗുണനിലവാര നിരീക്ഷണ സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. സമുദ്രവുമായി ബന്ധപ്പെട്ട പരിസ്ഥിതി സംരക്ഷണത്തിനും തീരദേശസമ്പത്ത് മാനേജ്മെന്റിനുമായി വിവിധ പദ്ധതികളും നടപ്പിലുണ്ട്.
കാർഷികം
മിഷൻ 2040 ലക്ഷ്യങ്ങളെ മുൻനിർത്തി ഭക്ഷ്യസുരക്ഷയും ജലസുരക്ഷയും ശക്തിപ്പെടുത്തുന്നതിന് ഒമാൻ വിപുലമായ പദ്ധതികൾ നടപ്പാക്കുന്നു. 2025 ഒക്ടോബർ വരെ 449 കാർഷികപദ്ധതികൾക്കായി 1.853 ബില്യൺ റിയാലിന്റെ നിക്ഷേപമാണ് രാജ്യത്ത് നടന്നത്. 2024ൽ മത്സ്യ ഉൽപാദനം ഒമ്പതുലക്ഷം ടൺ കടന്നു. 13.5 ശതമാനം വളർച്ചയും രേഖപ്പെടുത്തി. മത്സ്യസംസ്കരണ-ആക്വാകൾച്ചർ പദ്ധതികളിൽ നിക്ഷേപം ഒരു ബില്യൺ റിയാൽ കവിഞ്ഞു.
ജലസംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്. നിലവിൽ 82 ഡാമുകൾ, 117 ഉപരിതല സംഭരണ ഡാമുകൾ, ഏഴ് പ്രളയനിർമാർജന ഡാമുകൾ, ജലസേചനം സുഗമമാക്കാൻ 4173 ഫലജുകളും (3050 പ്രവർത്തനക്ഷമം) 3480 ഹൈഡ്രോ മെട്രിക് സ്റ്റേഷനുകളും പ്രവർത്തനസജ്ജമാണ്.
സാമ്പത്തികം
2025ൽ ഒമാൻ സമ്പദ് വ്യവസ്ഥ സ്ഥിരതയോടെ മുന്നേറി. പൊതുകടം 14.4 ബില്യൻ ഒമാൻ റിയാലിൽനിന്ന് 14.1 ബില്യൺ ആയി കുറഞ്ഞു. 2025 ജൂലൈയിൽ 3.55 ബില്യൺ റിയാൽ അധികവ്യാപാരം നടന്നു. നോൺ-ഓയിൽ കയറ്റുമതിയിൽ 11.3 ശതമാനം വളർച്ച പിന്നിട്ടു. 2025 രണ്ടാംപാദത്തിൽ ജി.ഡി.പി 0.6 ശതമാനം ഉയർന്നു (10.171 ബില്യൺ റിയാൽ). രണ്ടാംപാദത്തോടെ 30.279 ബില്യൺ റിയാലിന്റെ നിക്ഷേപമാണുണ്ടായത്. സ്വതന്ത്ര സാമ്പത്തികമേഖലകളിലും ഇൻഡസ്ട്രിയൽ സിറ്റികളിലും നിക്ഷേപം 14 ബില്യണിൽ നിന്ന് 22 ബില്യണായി അഞ്ച് വർഷത്തിൽ ഇരട്ടിയായി.
വിദേശനയം
സമാധാനത്തിന്റെ വഴിയിലാണ് ഒമാൻ സുൽത്താനേറ്റിന്റെ സഞ്ചാരം. നയതന്ത്രതത്ത്വമായ സമാധാനവും സംഭാഷണവും ലോകരാജ്യങ്ങൾക്കിടയിൽ ഒമാൻ പ്രതിഫലിപ്പിക്കുന്നു. 2025ൽ സുൽത്താൻ ഹൈതം തുർക്കി, ബെൽജിയം, നെതർലൻഡ്സ്, റഷ്യ, ബെലറൂസ്, അൾജീരിയ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് സന്ദർശനം നടത്തി. ബ്രിട്ടീഷ് രാജാവുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. ഒമാന്റെ മധ്യസ്ഥതയിലാണ് ഏപ്രിൽ 12ന് ഇറാൻ-അമേരിക്ക ആണവചർച്ചകൾ നടന്നത്.
യമനിൽ യു.എസ്-അൻസാറുല്ല ഇടവേള കരാറും ഒമാന്റെ നേതൃത്വത്തിൽ സാധ്യമായി. ഫലസ്തീൻ വിഷയത്തിൽ ഒമാൻ ഉറച്ച നിലപാട് കൈക്കൊണ്ടു. ഗസ്സയിലെ ഇസ്രയേൽ ആക്രമണം ശക്തമായി അപലപിച്ചു. ഫലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ഒമാൻ ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ സുരക്ഷാകാര്യത്തിലും ഒമാൻ ജാഗ്രത പുലർത്തുന്നുണ്ട്.
ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചിരുന്നു. ആക്രമണം അന്താരാഷ്ട്ര നിയമലംഘനമാണെന്നും മേഖലയുടെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നുവെന്നുമായിരുന്നു ഒമാന്റെ പ്രസ്താവന. സിറിയയിൽ യുനൈറ്റഡ് നേഷൻസ് പ്രമേയം അനുസരിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

