ദേശീയ ദിനാഘോഷ നിറവിൽ ഒമാൻ
text_fieldsഅൽഖൊയ്റിൽ ദേശീയപതാകയുമായി സൈക്കിളിൽ അഭ്യാസം നടത്തുന്ന ഒമാൻ പൗരൻ അദ്നാൻ, വർണപ്രഭയിൽ അൽഖൊയ്റിലെ കൊടിമരം, ദേശീയ ദിനഘോഷ വിപണി സജീവമായ മത്ര സൂക്കിൽനിന്നുള്ള
മസ്കത്ത്: വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച വികസനങ്ങളെ അടയാളപ്പെടുത്തി ഒമാൻ വ്യാഴാഴ്ച ദേശീയ ദിനം ആഘോഷിക്കും.
ദേശീയ ദിനാഘോഷ ചടങ്ങുകൾക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകും. മസ്കത്തിലെ അൽ ഫത്ഹ് സ്ക്വയറിൽ വ്യാഴാഴ്ച നടക്കുന്ന സൈനിക പരേഡോടെയാണ് ഒമാനിൽ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമാവുക. സുൽത്താൻ ഹൈതം ബിൻ താരിഖ് സല്യൂട്ട് സ്വീകരിക്കും. സുൽത്താൻ അധികാരമേറ്റതിനുശേഷമുള്ള അഞ്ചാമത്തെ സൈനിക പരേഡാണ് വ്യാഴാഴ്ച നടക്കാൻ പോകുന്നത്. റോയൽ ഒമാൻ എയർഫോഴ്സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താന്റെ പ്രത്യേക സേന, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ തുടങ്ങിയ വിഭാഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും.
വെള്ളിയാഴ്ച വൈകീട്ട് ഖുറം ബീച്ചിൽ നടക്കുന്ന റോയൽ നേവി ഓഫ് ഒമാൻ ഫ്ലീറ്റിന്റെ നാവികസേനാ റിവ്യൂവിനും സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകും. റോയൽ നേവി ഓഫ് ഒമാനിന്റെയും ജി.സി.സി കപ്പലുകളുടെയും പ്രദർശനമാണ് ഖുറം തീരക്കടലിൽ അരങ്ങേറുക. ഒമാനിന്റെ നാവിക കരുത്തും മേഖലയിലെ സൗഹൃദ രാജ്യങ്ങളുമായുള്ള സഹകരണവും തെളിയിച്ച് 41 കപ്പലുകൾ പ്രദർശനത്തിന്റെ ഭാഗമാകും. റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഒമാൻ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവയുടെ കപ്പലുകൾക്കും യൂനിറ്റുകൾക്കും പുറമെ, സുൽത്താന്റെ യാട്ടും പ്രദർശനത്തിലെത്തും. ജി.സി.സി അംഗരാജ്യങ്ങളുടെ യുദ്ധക്കപ്പലുകളും ഒമാൻ തീരത്ത് അണിനിരക്കും. വൈകീട്ട് നാലു മുതൽ 10 വരെ പൊതുജനങ്ങൾക്ക് പ്രദർശനം കാണാം. ഇതോടനുബന്ധിച്ച് ലേസർ ഷോകൾ, വെടിക്കെട്ട്, സ്കൗട്ട്, തുടങ്ങിയ വിവിധ പരിപാടികളും ഖുറം ബീച്ചിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കും. വ്യാഴാഴ്ച മസ്കത്തിലും ദോഫാറിലും കരിമരുന്ന് പ്രയോഗം നടക്കും. മസ്കത്തിൽ സീബിലെ ഖൂദ് ഡാമിന് സമീപവും ദോഫാറിൽ സലാലയിലെ അതീൻ പ്രദേശത്തുമാണ് കരിമരുന്ന് പ്രയോഗം നടക്കുക. നവംബർ 23ന് മുസന്ദമിലെ കസബിൽ സ്പെഷൽ ടാസ്ക് യൂനിറ്റിന് സമീപവും വർണവിസ്മയക്കാഴ്ചയൊരുക്കും. മൂന്നിടങ്ങളിലും രാത്രി എട്ടിനാണ് പ്രദർശനം.
അതേസമയം, ദേശീയ ദിനത്തിനാഘോഷത്തിന്റെ ഭാഗമായുള്ള പൊതുഅവധി നവംബര്‍ 26, 27 തീയതികളിലായാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വാരാന്ത്യ ദിനങ്ങൾ ഉൾപ്പെടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. നവംബർ 30ന് പ്രവൃത്തി ദിവസം ആരംഭിക്കും.
വവേൽക്കാൻ നാടൊരുങ്ങി
ദേശീയ ദിനാഘോഷത്തെ വരവേൽക്കാൻ ദിവസങ്ങൾക്ക് മുമ്പേതന്നെ നാടും നഗരവും ഒരുങ്ങിയിരുന്നു. ദേശീയ ചിഹ്നങ്ങളും കൊടിതോരണങ്ങളും വൈദ്യുതി വിളക്കുകളും കൊണ്ട് വീടുകളും ഓഫിസുകളും പാതയോരങ്ങളും അലങ്കരിച്ചിട്ടുണ്ട്.
മസ്കത്ത് അടക്കമുള്ള നിരവധി നഗരങ്ങളിലെ പ്രധാന കെട്ടിടങ്ങൾ വർണ പ്രഭയിൽ മുങ്ങിനിൽക്കുകയാണ്.
പതിവിലും മനോഹരമാണ് സുൽത്താനേറ്റിലെ തെരുവുകളും നഗരവീഥികളും. ഒമാൻ ദേശീയ പതാകയുടെ നിറമായ പച്ച, വെള്ള, ചുവപ്പ് എന്നീ വർണത്തിലുള്ള വിളക്കുകളാണ് അലങ്കാരത്തിന് ഉപയോഗിക്കുന്നത്. പ്രവാസികളും സ്വദേശികളും രാജ്യത്താകെ ആഘോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന കാഴ്ചയാണെങ്ങും. ഉൾപ്രദേശങ്ങളിലെ കാഴ്ചകളും വ്യത്യസ്തമല്ല.
സുൽത്താനേറ്റിലെ ഓരോ പ്രദേശങ്ങളും രാഷ്ട്രത്തിന്റെ സന്തോഷ ദിനത്തിൽ പങ്കുചേരാനൊരുങ്ങുകയാണ്. മുനിസിപ്പാലിറ്റി കെട്ടിടം, അൽ ഖുവൈറിലെ കൊടിമരം, റോയൽ ഓപ്പറ ഹൗസ് തുടങ്ങിയ തലസ്ഥാന നഗരിയിലെ സുപ്രധാന കേന്ദ്രങ്ങൾ മൂവർണ ശോഭയിൽ മിന്നിത്തിളങ്ങുന്നു. വിവിധ മന്ത്രാലയങ്ങളുടെ സമീപത്തും അവിടേക്കുള്ള റോഡുകളുടെ വശങ്ങളിലുമാണ് കൂടുതൽ അലങ്കരിച്ചിട്ടുള്ളത്.
മസ്കത്തിലെ സൂഖുകളും ആഘോഷപ്പൊലിമയിലാണ്. പതാകകളും ബാഡ്ജുകളും സ്കാർഫുകളും വിളക്കുകളും പന്തലിച്ച് വിൽപനക്കെത്തിയിട്ടുണ്ട്.
വാഹനങ്ങളിൽ ദേശീയ ദിന സ്റ്റിക്കറുകളും ചിത്രങ്ങളും മെക്കാനിക്കുകൾ ശ്രദ്ധാപൂർവം പതിപ്പിക്കുന്നു. അതേസമയം, അലങ്കാര വസ്തുക്കളിൽ ദേശീയ ചിഹ്നങ്ങളും മറ്റും അനുമതി ഇല്ലാതെ ഉപയോഗിക്കുന്നതിന് മന്ത്രാലയത്തിന്റെ വിലക്കുണ്ട്. ഇത്തരം വസ്തുക്കളുടെ വിൽപനക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിൽ വ്യത്യസ്തവും ആകർഷകവുമായ രീതിയിൽ അലങ്കരിച്ച് നിരത്തിലിരുന്നവർക്കും റോയൽ ഒമാൻ പൊലീസിന്റെ മാർഗനിർദേശങ്ങളുണ്ടായിരുന്നു.
പാർക്കിങ് ക്രമീകരണം
ഒമാൻ ദേശീയ ദിന നാവിക പ്രദർശനത്തിന്റെ ഭാഗമായി ഖുറമിൽ പൊതുഗതാഗത പാർക്കിങ് ക്രമീകരണങ്ങള്‍ പ്രഖ്യാപിച്ചു. അൽ അറൈമി കോംപ്ലക്സ്, ഖുറം പാർക്ക്, ചിൽഡ്രൻസ് മ്യൂസിയം എന്നിവിടങ്ങളിൽ പാർക്കിങ് സൗകര്യമൊരുക്കും.
മൂന്ന് സ്ഥലങ്ങളിൽനിന്നും ഷട്ടിൽ ഗതാഗത സംവിധാനം ഒരുക്കുമെന്നും അധികൃതർ വിശദമാക്കി. പ്രദേശത്ത് ചൊവ്വാഴ്ച മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് റൗണ്ട് എബൗട്ടിൽനിന്ന് ഖുറം ബീച്ച് റൗണ്ട് എബൗട്ടിലേക്കുള്ള റോഡ് പൂർണമായും അടച്ചിട്ടു. നവംബർ 22 ന് വൈകീട്ട് മൂന്നുവരെയാണ് ഗതാഗത നിയന്ത്രണം തുടരുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

