ഒമാൻ സി.ബി.എസ്.ഇ ക്ലസ്റ്റർ ഫുട്‌ബാൾ: സലാല, ഗൂബ്ര, വാദി കബീർ സ്കൂളുകൾ ജേതാക്കൾ
text_fieldsഅണ്ടർ 19 വിഭാഗത്തിൽ വിജയികളായ ഇന്ത്യൻ സ്‌കൂൾ വാദി കബീർ
മസ്കത്ത്: ഒമാൻ സി.ബി.എസ്.ഇ ക്ലസ്റ്റർ ഫുട്‌ബാൾ ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂൾ സലാല, ഇന്ത്യൻ സ്‌കൂൾ ഗൂബ്ര, ഇന്ത്യൻ സ്‌കൂൾ വാദി കബീർ തുടങ്ങിയവർ ജേതാക്കളായി. ഇന്ത്യൻ സ്‌കൂൾ മുലദ്ദയിൽ നടന്ന സമാപന ചടങ്ങിൽ ഒമാൻ ദേശീയ ഫുട്‌ബോൾ ടീം ഗോൾകീപ്പർ ഫായിസ് അൽ റുഷൈദി മുഖ്യാതിഥിയായി. അണ്ടർ 14,17,19 വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂൾ മുലദ്ദ ആതിഥേയരായി.
അണ്ടർ 17 വിഭാഗത്തിൽ വിജയികളായ ഇന്ത്യൻ സ്‌കൂൾ ഗൂബ്ര
അണ്ടർ 14 വിഭാഗം ഫൈനലിൽ ഇന്ത്യൻ സ്‌കൂൾ ദാർസൈത്തിനോട് പൊരുതിയാണ് ഇന്ത്യൻ സ്‌കൂൾ സലാല കിരീടം സ്വന്തമാക്കിയത്. അണ്ടർ 17 വിഭാഗത്തിൽ ആതിഥേയരായ ഇന്ത്യൻ സ്‌കൂൾ മുലദ്ദയെ പരാജയപ്പെടുത്തി ഇന്ത്യൻ സ്‌കൂൾ ഗൂബ്ര കിരീടം ചൂടി. ഉദ്വേഗഭരിതമായ പ്രകടനം പുറത്തെടുത്തത് അണ്ടർ 19 വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ വാദി കബീറിന് നിർണായകമായി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ സ്‌കൂൾ സലാല വാദി കബീറിന് വഴങ്ങുകയായിരുന്നു.
അണ്ടർ 14 വിഭാഗത്തിൽ വിജയികളായ ഇന്ത്യൻ സ്‌കൂൾ സലാല
ടൂർണമെന്റ് വിദ്യാർഥികളിൽ കായികക്ഷമത വർധിപ്പിക്കുകയും ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾക്കിടയിൽ സൗഹൃദം വളർത്തുമെന്നും ഫായിസ് അൽ റുഷൈദി പറഞ്ഞു. ടൂർണമെന്റിൽ പങ്കെടുത്ത വിദ്യാർഥികളുടെ കായിക മികവിനെയും ടീം വർക്കിനെയും മുലദ്ദ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ് അഭിനന്ദിച്ചു. വിജയികൾക്കും റണറപ്പുകൾക്കും ട്രോഫികളും മെഡലുകളും സമ്മാനിച്ചു. മികച്ച കളിക്കാർക്കും ഗോൾകീപ്പർമാർക്കുമുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. മികച്ച സേവനം കാഴ്ചവെച്ച ഒമാനി റഫറിമാരെയും ചടങ്ങിൽ ആദരിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നുള്ള പരിശീലകർ, രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

