അധിനിവേശം അവസാനിപ്പിച്ച് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണം -ഒമാൻ
text_fieldsയു.എൻ ജനറൽ അസംബ്ലിയിൽ ഒമാൻ വിദേശകാര്യ മന്ത്രി
സയ്യിദ് ബദർ ഹമദ് അൽബുസൈദി സംസാരിക്കുന്നു
മസ്കത്ത്: അധിനിവേശം അവസാനിപ്പിച്ച് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയാണ് നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള വഴിയെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി.
ഐക്യരാഷ്ട്രസഭയുടെ 80ാമത് പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്വിരാഷ്ട്ര പരിഹാരമാണ് നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ഏക വഴി.
അന്താരാഷ്ട്രനിയമങ്ങൾ ലംഘിച്ച് മുന്നോട്ട് പോകുന്ന ഇസ്രായേലിന് തടയിടാൻ അന്താരാഷ്ട്ര നടപടികൾ ഉണ്ടാകണം. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുക എന്നത് ഈ നിർണായക ഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള തീരുമാനമാണെന്നും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങളെ ഒമാൻ അഭിനന്ദിക്കുന്നതായും ബുസൈദി പറഞ്ഞു. ഖത്തറിനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഒമാൻ ഖത്തറിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന് ഉചിതമെന്ന് തോന്നുന്ന ഏത് നടപടികളും സ്വീകരിക്കാൻ ഖത്തറിന് അവകാശമുണ്ട്.
ഇറാൻ, യമൻ, സിറിയ, ലബനാൻ എന്നിവക്കെതിരായ ഇസ്രായേലിന്റെ ആക്രമണത്തെ ഒമാൻ ശക്തമായി അപലപിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങൾക്കും രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നിയമവിരുദ്ധമായ കടന്നുകയറ്റത്തിനും ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും ബദർ അൽ ബുസൈദി തുറന്നടിച്ചു.
മനുഷ്യ മനസ്സാക്ഷിയെ അസ്വസ്ഥപ്പെടുത്തുന്ന നിരവധി നിർണായക പ്രശ്നങ്ങളെ ഇന്ന് അന്താരാഷ്ട്ര സമൂഹം അഭിമുഖീകരിക്കുന്നു. അവ ഫലപ്രദമായി പരിഹരിക്കുന്നതിന് യഥാർഥ സഹകരണവും കൂട്ടായ ഉത്തരവാദിത്തവും ആവശ്യമാണ്. നമ്മുടെ ചർച്ചകളിലും തീരുമാനങ്ങളിലും മുൻഗണന നൽകേണ്ടത് പലസ്തീൻ പ്രശ്നത്തിനാണ്.
വളരെക്കാലമായി ഈ സംഘർഷം നിലനിൽക്കുന്നു. അധിനിവേശം അവസാനിപ്പിക്കാനും അനീതി നീക്കം ചെയ്യാനും പതിറ്റാണ്ടുകളുടെ സംഘർഷത്തിനും ദാരിദ്ര്യത്തിനും അറുതി വരുത്തുന്ന ശാശ്വതവും സമഗ്രവുമായ സമാധാനത്തിലേക്കുള്ള ഏക നീതിയുക്തവും പ്രായോഗികവുമായ പാതയായ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സുസ്ഥിര സുരക്ഷ, സ്ഥിരത, വികസനം എന്നിവക്കുള്ള അടിസ്ഥാന സ്തംഭമാണ് നീതിപൂർവകമായ സമാധാനം. ഈ വീക്ഷണകോണിൽ നിന്ന്, കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് മധ്യപൂർവദേശത്ത് നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള തന്ത്രപരമായ മുൻഗണനകളിൽ മുൻപന്തിയിലായിരിക്കണം. അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യർഥന അവഗണിച്ച് ഗൗരവമേറിയ സംഭാഷണത്തിൽ ഏർപ്പെടാൻ ഇസ്രായേൽ തുടർച്ചയായി വിസമ്മതിക്കുകയാണ്.
അതിനാൽ നമ്മുടെ പങ്കിട്ട ഉത്തരവാദിത്തം, നമ്മുടെ ശ്രമങ്ങൾ ശക്തമാക്കുകയും ഇസ്രായേലിനെ ചർച്ചാമേശയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഫലപ്രദമായ സമ്മർദം ചെലുത്തുകയും വേണം. കൂടാതെ സമാധാനത്തിലേക്കുള്ള പാത ബലപ്രയോഗത്തിലൂടെയോ വസ്തുതകൾ അടിച്ചേൽപ്പിക്കുന്നതിലൂടെയോ കെട്ടിപ്പടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയും വേണം.
വംശഹത്യ, നാശം, ഫലസ്തീൻ ഭൂമിയിലെ നിയമവിരുദ്ധമായ അധിനിവേശം തുടങ്ങിയ ഇസ്രായേൽ നടപടികൾ ഇല്ലാതാക്കാൻ അന്താരാഷ്ട്ര സമൂഹം തയാറാകണം. ഫലസ്തീൻ ജനതക്കെതിരായ പട്ടിണി, ഉപരോധം, മാനുഷികസഹായം തടസ്സപ്പെടുത്തൽ തുടങ്ങിയ ഇസ്രായേൽ ഗവൺമെന്റിന്റെ നയങ്ങളും പരിമിതപ്പെടുത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ഒമാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

