ബജറ്റ് കമ്മി കുതിക്കുന്നു; ആഗസ്റ്റ് അവസാനം വരെ 4.37 ശതകോടി റിയാല്‍
text_fieldsമസ്കത്ത്: എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള വരുമാനനഷ്ടത്തിന്‍െറ ഫലമായി രാജ്യത്തിന്‍െറ ബജറ്റ് കമ്മി കുതിക്കുന്നു. ഈ വര്‍ഷത്തെ ആദ്യ എട്ടുമാസം പിന്നിട്ടപ്പോള്‍ കമ്മി 4.37 ശതകോടി റിയാലായതായി ദേശീയ സ്ഥിതിവിവര മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 63 ശതമാനത്തിന്‍െറ വര്‍ധനയാണ് കമ്മിയിലുണ്ടായത്. കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ 2.68 ശതകോടി റിയാലായിരുന്നു കമ്മിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണവിലയിടിവ് സാമ്പത്തിക സന്തുലനാവസ്ഥയെ ബാധിക്കുന്നതിന്‍െറ സൂചനകള്‍ നല്‍കി സൗദിയടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളുടെ ബജറ്റ് കമ്മി ഓരോ മാസവും ഉയരുകയാണ്. ഒമാന്‍െറ ക്രൂഡോയില്‍ കയറ്റുമതിയില്‍നിന്നുള്ള വരുമാനത്തില്‍ ആദ്യ എട്ടുമാസ കാലയളവില്‍ 43.6 ശതമാനത്തിന്‍െറ കുറവാണുണ്ടായത്. 3770 ദശലക്ഷം റിയാലിന്‍െറ സ്ഥാനത്ത് 2126 ദശലക്ഷം റിയാലാണ് ഈ വര്‍ഷം എണ്ണവരുമാനമായി ലഭിച്ചത്. ഒമാന്‍ ക്രൂഡിന്‍െറ വില ഇക്കാലയളവില്‍ 36 ശതമാനം കുറഞ്ഞ് 38.3 ഡോളറായി.
ജനുവരിയില്‍ ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ ബാരലിന് 45 ഡോളറായിരുന്നു ഒമാന്‍ എണ്ണയുടെ പ്രതീക്ഷിത വില. ആഗസ്റ്റ് അവസാനം വരെയുള്ള ആകെ വരുമാനത്തില്‍ 28.3 ശതമാനത്തിന്‍െറ കുറവാണ് രാജ്യം നേരിട്ടത്. മൊത്തം 4.26 ശതകോടി റിയാലാണ് ഇക്കാലയളവിലെ വരുമാനം. കര്‍ശന ചെലവുചുരുക്കല്‍ നടപടികളുടെ ഫലമായി പൊതുചെലവ് അഞ്ചുശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 7.83 ശതകോടി റിയാലായിരുന്ന പൊതുചെലവ്, ഇക്കുറി 7.43 ശതകോടി റിയാലാണ്. ക്രൂഡോയില്‍ ഉല്‍പാദനത്തിന്‍െറ കണക്കെടുക്കുമ്പോള്‍ 2.9 ശതമാനത്തിന്‍െറ വര്‍ധനയാണ് ഈ വര്‍ഷമുണ്ടായത്. പ്രതിദിനം 10,03200 ബാരല്‍ എന്ന തോതില്‍ 274.89 ദശലക്ഷം ബാരല്‍ ക്രൂഡോയിലാണ് ഇക്കുറി ഉല്‍പാദിപ്പിച്ചത്.
മൊത്തം 8.6 ശതകോടി റിയാല്‍ വരുമാനവും 11.9 ശതകോടി റിയാല്‍ ചെലവും 3.3 ശതകോടി റിയാല്‍ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജനുവരിയില്‍ അവതരിപ്പിച്ചത്.
പ്രതീക്ഷിത കമ്മി മറികടന്ന സാഹചര്യത്തിലാണ് സബ്സിഡികളും ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കുന്നതും സേവനമേഖലയിലെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതുമടക്കമുള്ള കര്‍ശനമായ ചെലവുചുരുക്കല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കാനിടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു. വര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ ക്രൂഡോയില്‍ വില താഴ്ചയില്‍ തുടര്‍ന്നതാണ് കമ്മി വര്‍ധിക്കാന്‍ കാരണം.
ഉല്‍പാദനം കുറക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഒപെക് നീങ്ങിയതിന്‍െറ ഫലമായി ക്രൂഡോയില്‍ വില 50 ഡോളറിന് അടുത്തേക്ക് എത്തിയിട്ടുണ്ട്. ഇതുവഴി അടുത്തവര്‍ഷത്തെ കമ്മിയില്‍ കുറവ് ദൃശ്യമാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
