ഒമാൻ–ബ്രിട്ടൻ സൗഹൃദം ശക്തിപ്പെടുത്താൻ ധാരണ
text_fieldsമസ്കത്ത്: ഒമാനും ബ്രിട്ടനും തമ്മിലുള്ള ദീർഘകാല സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്താൻ ധാരണ. ബ്രിട്ടീഷ് പാർലമെന്റ് സ്പീക്കർ സർ ലിൻഡ്സെ ഹോയ്‌ലുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ലണ്ടനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ പ്രാധാന്യം ചർച്ചയായത്.ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയവും പരസ്പര ധാരണയും വർധിപ്പിച്ച് ഉഭയകക്ഷി പങ്കാളിത്തം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത കൂടിക്കാഴ്ചയിൽ ഉയർന്നു.
വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതും ചർച്ചയായി.ബ്രിട്ടീഷ് പാർലമെന്റിന്റെ ആസ്ഥാനവും ഒമാൻ വിദേശകാര്യ മന്ത്രി സന്ദർശിച്ചു. വിദേശകാര്യ സമിതി അധ്യക്ഷ എമിലി തോൺബെറിയുടെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം. കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിങ് പ്രതിനിധികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ കഴിഞ്ഞയാഴ്ചത്തെ ബ്രിട്ടൻ സന്ദർശനത്തിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ. രാഷ്ട്രീയ, സ്ഥാപനതലങ്ങളിലെ ആശയവിനിമയം വർധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ അഭിപ്രായ ഐക്യം വളർത്താനും സന്ദർശനം സഹായിക്കുമെന്നാണ് പ്രതീക്ഷ .

