ഒമാൻ ബൊട്ടാണിക് ഗാർഡൻ സന്ദർശകർക്കായൊരുങ്ങുന്നു
text_fieldsഒമാൻ ബൊട്ടാണിക് ഗാർഡന്റെ വിദൂര ദൃശ്യം
മസ്കത്ത്: ഒമാനിലെ ഒമാനിലെ സസ്യജാല വൈവിധ്യത്തെയും ആവാസ വ്യവസ്ഥകളെയും അടുത്തറിയാൻ സഹായിക്കുന്ന ഒമാൻ ബൊട്ടാണിക് ഗാർഡൻ സന്ദർശകർക്കായി ഒരുങ്ങുന്നു. പൂർണമായും പ്രവർത്തന സജ്ജമായ ബൊട്ടാണിക് ഗാർഡന്റെ ചുമതല മസ്കത്ത് മുനിസിപ്പാലിറ്റിക്ക് പൈതൃക ടൂറിസം മന്ത്രാലയം കൈമാറി. മസ്കത്ത് മുനിസിപ്പാലിറ്റിയാണ് ബൊട്ടാണിക്കൽ ഗാർഡന്റെ പ്രവർത്തന മേൽനോട്ടം വഹിക്കുക.
മസ്കത്തിൽനിന്ന് 35 കിലോമീറ്റർ അകലെ ഹജർ പർവത നിരയിൽ 495 ഹെക്ടറിലായാണ് ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ഇതിനോടനുബന്ധിച്ച് 55 ഹെക്ടറിൽ ഗാർഡനും ഒരുക്കിയിട്ടുണ്ട്. മസ്കത്ത് വിലായത്ത് പരിധിയിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. വിസ്തൃതിയുടെയും മറ്റു അനുബന്ധ ഘടകങ്ങളുടെയും കാര്യത്തിൽ മേഖലയിലെ ഏറ്റവും വലിയ ബൊട്ടാനിക്കൽ ഗാർഡനുകളിലൊന്നാണ് ഒമാൻ ബൊട്ടാണിക്കൽ ഗാർഡനെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒമാനിന്റെ ഭൂമിശാസ്ത്രപരവും സസ്യശാസ്ത്രപരവുമായ വൈവിധ്യത്തെ വിദ്യാഭ്യാസ, വിനോദ സഞ്ചാര ലക്ഷ്യങ്ങളുമായി ഏകോപിപ്പിച്ചാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നതെന്ന് പൈതൃക ടൂറിസം മന്ത്രാലയം അധികൃതർ പറഞ്ഞു.
ഒമാൻ ബൊട്ടാണിക് ഗാർഡന്റെ അകത്തുനിന്നുള്ള കാഴ്ച
പദ്ധതിയുടെ പ്രവർത്തനഘട്ടങ്ങളും പൊതുജനങ്ങൾക്കായുള്ള സേവന ഘട്ടങ്ങളും ഇനി മുതൽ മസ്കത്ത് മുനിസിപ്പാലിറ്റി മേൽനോട്ടം വഹിക്കും. ഇതിന്റെ ഭാഗമായി സന്ദർശക സേവനങ്ങൾ, വിദ്യാഭ്യാസ പരിപാടികൾ, ദീർഘകാല പരിപാലനം തുടങ്ങിയവ മസ്കത്ത് മുനിസിപ്പാലിറ്റി കൈകാര്യം ചെയ്യും. അന്തിമ മുന്നൊരുക്കങ്ങൾ കൂടി പൂർത്തിയാവുന്നതോടെ വൈകാതെ ഉദ്യാനം പൂർണമായും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നാണ് വിവരം. ഒമാന്റെ അപൂർവമായ ഭൂപ്രകൃതിയും സമ്പന്നമായ സസ്യവൈവിധ്യവും ആഘോഷിക്കുന്ന വേദിയാണ് ഒമാൻ ബൊട്ടാണിക് ഗാർഡൻ രൂപകൽപന ചെയ്തിട്ടുള്ളത്. ഗ്രിംഷോയുടെ നേതൃത്വത്തിലാണ് പദ്ധതി രൂപകൽപന ചെയ്തത്.
ഒമാനിലെ വിവിധ പരിസ്ഥിതി സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന എട്ട് വ്യത്യസ്ത ഭൂപ്രകൃതി മേഖലകൾ ബൊട്ടാണിക്കൽ ഗാർഡനിൽ സന്ദർശകർക്ക് അനുഭവിക്കാനാകും. ഇതിൽ ആറ് മേഖലകൾ പാതി വരണ്ട പ്രദേശത്തിലൂടെ നീളുന്ന പ്രകൃതിദത്ത താഴ്വരകളെ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ്. ശേഷിക്കുന്ന രണ്ട് വൻ ബയോമുകൾ രാജ്യത്തിന്റെ വടക്കൻ പർവതപ്രദേശങ്ങളിലെ കാലാവസ്ഥയും തെക്കൻ പ്രദേശങ്ങളിലെ കൂടുതൽ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയും പുനരാവിഷ്കരിക്കുന്നു.ഒമാനിലെ വൃക്ഷജാലങ്ങളുടെ ‘ജീവനുള്ള ശേഖരശാല’യായി ഈ പദ്ധതി മാറുമെന്നും പരിസ്ഥിതി വിദ്യാഭ്യാസം, ശാസ്ത്രീയ ഗവേഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവക്ക് ഇത് ശക്തമായ പിന്തുണ നൽകുമെന്നും അധികൃതർ പറഞ്ഞു. അതോടൊപ്പം, രാജ്യത്തിന്റെ പ്രധാന സാംസ്കാരിക-ടൂറിസം ആകർഷണങ്ങളിലൊന്നായി ഒമാൻ ബൊട്ടാനിക് ഗാർഡൻ ഉയർന്നുവരുമെന്നും പൈതൃക- ടൂറിസം മന്ത്രാലയം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

