ദുകമിലേക്കുള്ള പ്രകൃതിവാതക വിതരണം 2019ൽ ആരംഭിക്കും
text_fieldsമസ്കത്ത്: ദുകം പ്രത്യേക സാമ്പത്തിക മേഖലയിലേക്കുള്ള പ്രകൃതിവാതക വിതരണം 2019ഒാടെ ആരംഭിക്കുമെന്ന് ഒമാൻ ഗ്യാസ് കമ്പനി ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ സുൽത്താൻ ബിൻ ഹമദ് അൽ ബർത്ത്മാനി അറിയിച്ചു. ഗ്യാസ് പൈപ്പുകളുടെ വിതരണവും സെയ്ഹ് നാഹിദയിൽനിന്ന് ദുകമിലേക്ക് പൈപ്പ്ലൈൻ നീട്ടുന്നതിനുള്ളതടക്കം ഇതിനായുള്ള നിരവധി കരാറുകളും ടെൻഡറുകളുമടക്കം ഇതിനകം നൽകിക്കഴിഞ്ഞു. കൂടുതൽ ടെൻഡറുകളും കരാറുകളും ഇൗ വർഷം നൽകും.
ദുകമിൽ പ്രകൃതിവാതകത്തിെൻറ ലഭ്യത ഉറപ്പാക്കുന്നത് സാമ്പത്തിക മേഖലയുടെ മൂല്യം ഉയർത്തും. ഇതു വഴി കൂടുതൽ വ്യവസായങ്ങളും നിക്ഷേപങ്ങളും ആകർഷിക്കാൻ കഴിയും. ചൈനീസ് ഉടമസ്ഥതയിൽ ആരംഭിക്കുന്ന മെതനോൾ പ്ലാൻറടക്കം പ്രകൃതിവാതകത്തിെൻറ ലഭ്യതക്കായി കാത്തിരിക്കുകയാണ്.
സെയ്ഹ് നാഹിദയിൽനിന്ന് പൈപ്പ്ലൈൻ നീട്ടാൻ കരാർ ലഭിച്ചയാൾ ഇതിനകം ജോലി തുടങ്ങിയതായും ഹമദ് അൽ ബർത്മാനി അറിയിച്ചു.
പൈപ്പ്ലൈൻ പൂർത്തിയായ ശേഷം ഗ്യാസ് സപ്ലൈ സ്റ്റേഷന് പ്രതിദിനം 15 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതി വാതകമാണ് ആദ്യ ഘട്ടത്തിൽ ലഭിക്കുക. എണ്ണ പ്രകൃതിവാതക മന്ത്രാലയവും ഒമാൻ ഗ്യാസ് കമ്പനിയും തമ്മിലുള്ള ധാരണ പ്രകാരമാണ് ഇതെന്നും ഹമദ് അൽ ബർത്മാനി പറഞ്ഞു. ദുകം റിഫൈനറി, മറാഫിഖ് കമ്പനി തുടങ്ങി സാമ്പത്തിക മേഖലയിൽ നിലവിൽവരുന്ന മറ്റു വ്യവസായങ്ങൾക്കും മതിയായ അളവാണ് ഇത്. സാമ്പത്തിക മേഖലയിൽ കൂടുതൽ വ്യവസായങ്ങൾ വരുകയും വാതകത്തിെൻറ ആവശ്യം വർധിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ ശേഷി വർധിപ്പിക്കാൻ കഴിയുംവിധമാണ് ഗ്യാസ് സപ്ലൈ സ്റ്റേഷെൻറ രൂപകൽപന.
രണ്ടാം ഘട്ടത്തിൽ പ്രതിദിനം 25 ദശലക്ഷം ക്യുബിക് മീറ്റർ ആയിട്ടാകും ശേഷി വർധിപ്പിക്കുക. സെയ്ഹ് നാഹിദ പ്ലാൻറിന് വേണ്ട വാതകം ബി.പി ഒമാെൻറ ഖസ്സാൻ ഒായിൽ ഫീൽഡിൽനിന്ന് പി.ഡി.ഒയുടെ സെയ്ഹ് നാഹിദ, സെയ്ഹ് റവാൽ ഒായിൽ ഫീൽഡുകളിൽ നിന്നുമാകും ലഭിക്കുക. ഖസ്സാൻ ഗ്യാസ് ഫീൽഡിെൻറ 61ാം നമ്പർ ബ്ലോക്കിൽനിന്നുള്ള വാതക ഉൽപാദനം ഇൗ വർഷം സെപ്റ്റംബറോടെ ആരംഭിക്കുമെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രാലയം അണ്ടർ സെക്രട്ടറി അടുത്തിടെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തിൽ 500 ദശലക്ഷം ക്യുബിക് ഫീറ്റായിരിക്കും ഇവിടെനിന്നുള്ള ഉൽപാദനം. അടുത്ത വർഷത്തോടെ ഉൽപാദനം ഒരു ദശലക്ഷം ക്യുബിക്ക് ഫീറ്റായി വർധിപ്പിക്കാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
