കേരളത്തിൽനിന്നുള്ള പക്ഷികളുടെ ഇറക്കുമതി ഒമാൻ നിരോധിച്ചു
text_fieldsമസ്കത്ത്: കേരളത്തിൽ നിന്നുള്ള ജീവനുള്ള പക്ഷികളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഇറക്കുമതി ഒമാൻ നിരോധിച്ചു. കേരളത്തിൽ വിവിധ ജില്ലകളിലായി പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
ഇതുസംബന്ധിച്ച് കൃഷി- മത്സ്യ ബന്ധന- ജലവിഭവ മന്ത്രാലയം തിങ്കളാഴ്ച ഉത്തരവ് (നമ്പർ 13/2026 ) പുറത്തിറക്കി. നിലവിലുള്ള വെറ്ററിനറി ക്വാറന്റൈൻ നിയമം, അതിന്റെ നിർവഹണ ചട്ടങ്ങൾ, ബന്ധപ്പെട്ട വെറ്ററിനറി അധികൃതരുടെ ശിപാർശകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊതുതാൽപര്യം മുൻനിർത്തിയാണ് ഇറക്കുമതി നിരോധനം ഏർപ്പെടുത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഉത്തരവ് പ്രകാരം, കേരളത്തിൽ നിന്നുള്ള ജീവനുള്ള പക്ഷികൾ, അവയുടെ ഉൽപന്നങ്ങൾ, ഉപോൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതി നിരോധിക്കും. നിരോധനത്തിന് കാരണമായ സാഹചര്യങ്ങൾ അവസാനിക്കുകയും പുതിയ തീരുമാനം പുറത്തിറക്കുകയും ചെയ്യുന്നതുവരെ വിലക്ക് തുടരും. കേരളത്തിലെ പക്ഷിപ്പനി സാഹചര്യം പൂർണമായി ഒഴിവാകുന്നതുവരെ നിരോധനം തുടരുമെന്നാണ് മന്ത്രാലയം നൽകുന്ന സൂചന. അതേസമയം, ലോക മൃഗാരോഗ്യ സംഘടന (ഒ.ഐ.ഇ) പുറത്തിറക്കിയ ടെറസ്ട്രിയൽ അനിമൽ ഹെൽത്ത് കോഡ് മാനദണ്ഡങ്ങൾ പാലിച്ച് ആവശ്യമായ താപസംസ്കരണത്തിനോ പ്രോസസിങ്ങിനോ വിധേയമാക്കിയ ഉൽപന്നങ്ങൾക്ക് ഈ നിരോധനം ബാധകമല്ലെന്ന് മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ട എല്ലാ അധികാരികളും അവരുടെ അധികാരപരിധിക്കുള്ളിൽ തീരുമാനം കർശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ഉത്തരവ് ഉടൻ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും പ്രാബല്യത്തിൽ വരികയും ചെയ്യും.
ഏതാനും മാസങ്ങൾക്ക് മുമ്പും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള പക്ഷി, കോഴി ഉൽപന്ന ഇറക്കുമതി ഒമാൻ നിരോധിച്ചിരുന്നു, എന്നാൽ പിന്നീട് കഴിഞ്ഞ ഒക്ടോബർ അവസാനത്തോടെ നിരോധനം നീക്കി. നിലവിൽ, കേരളത്തിൽ വിവിധ ജില്ലകളിൽ പക്ഷിപ്പനി (എച്ച്5എൻ 1) സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ കാക്കകളിൽ പക്ഷിപ്പനി വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വളർത്തു പക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞമാസം ആലപ്പുഴയിലെ എട്ടു പഞ്ചായത്തുകളിലും കോട്ടയത്തെ നാല് ഗ്രാമങ്ങളിലുമുള്ള ഫാമുകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളിൽ 80,000ത്തിലധികം പക്ഷികളെ (പ്രധാനമായും താറാവുകൾ) കൊന്നൊടുക്കുകയോ രോഗം കാരണം ചാവുകയോ ചെയ്തിരുന്നു. കൊല്ലം ജില്ലയിലെ ആയൂരിലുള്ള ഒരു ഹാച്ചറിയിൽ താരതമ്യേന അപകടം കുറഞ്ഞ എച്ച് 9 എൻ 2 എന്നയിനം പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

