ഒമാനിൽ ഫുഡ് ഡെലിവറി ബൈക്കുകൾക്ക് പ്രധാന റോഡുകളിൽ വിലക്ക്
text_fieldsമസ്കത്ത്: ഒമാനിൽ ഫുഡ് ഡെലിവറി നടത്തുന്ന ഇരുചക്ര വാഹനങ്ങൾക്ക് പ്രധാന റോഡുകളിൽ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം പൂർണ വിലക്കേർപ്പെടുത്തി. ലോജിസ്റ്റിക്സ് മേഖലയിലെ ലേബർ മാർക്കറ്റ് റെഗുലേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം പുറപ്പെടുവിച്ച പുതിയ മിനിസ്റ്റീരിയൽ സർക്കുലർ വഴിയാണ് ഉത്തരവ്. ഡെലിവറി ബൈക്ക് യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വർധിച്ചുവരുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഈ അടിയന്തര നടപടി.റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് ആർട്ടിക്കിൾ (39) പ്രകാരമാണ് ഈ നിരോധനം.
പ്രധാന ഹൈവേകളിലെ അമിതവേഗത കാരണം ഡെലിവറി ബൈക്കുകൾ ഗുരുതരമായ അപകടങ്ങളിൽ പെടുന്നത് തടയാനാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി. ഇനി മുതൽ ഫുഡ് ഡെലിവറി ബൈക്കുകൾ സർവീസിനായി ഇന്നർ റോഡുകളും സെക്കൻഡറി റോഡുകളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തുകയും ബൈക്കുകൾ പിടിച്ചെടുക്കുകയും ചെയ്യും. ഫുഡ് ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും റസ്റ്റോറന്റ് ഉടമകളും തങ്ങളുടെ ഡ്രൈവർമാരെ ഈ നിയമത്തെക്കുറിച്ച് ബോധവൽക്കരിക്കണമെന്ന് മന്ത്രാലയം കർശനമായി നിർദ്ദേശിച്ചു. ഒമാനിൽ ഡെലിവറി ജീവനക്കാർക്ക് നേരത്തെ തന്നെ പ്രത്യേക പ്രഫഷനൽ ലൈസൻസ് നിർബന്ധമാക്കിയിരുന്നു. ലൈസൻസില്ലാതെ ഡെലിവറി നടത്തുന്നതും ഈ പുതിയ ഉത്തരവ് ലംഘിക്കുന്നതും കടുത്ത നിയമനടപടികൾക്ക് കാരണമാകും.
ഒമാനിൽ അതിവേഗം വളരുന്ന ഓൺലൈൻ ഫുഡ് ഡെലിവറി മേഖലയിൽ നിലവിൽ ആയിരക്കണക്കിന് യുവാക്കളാണ് ജോലി ചെയ്യുന്നത്. തൊഴിൽ വിപണിയിലെ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ഈ മേഖലയിലെ ഡെലിവറി തസ്തികകൾ ഒമാനി പൗരന്മാർക്ക് മാത്രമായി മന്ത്രാലയം പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അയ്യായിരത്തിലധികം ഒമാനി യുവാക്കൾ ഈ മേഖലയെ പൂർണസമയ തൊഴിലായോ പാർട്ട് ടൈം തൊഴിലായോ ആശ്രയിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. തലാബത്, ടിപ് ടോപ്, എന്നിവ കൂടാതെ, തദ്ദേശീയമായി വികസിപ്പിച്ചെടുത്തതും നിരവധി സ്വദേശികൾക്ക് തൊഴിൽ നൽകുന്നതുമായ പ്രാദേശിക ആപ്പുകളും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ലോജിസ്റ്റിക്സ് മേഖലയുടെ വികസനവും നൂതന സാങ്കേതികവിദ്യകളുടെ കടന്നുവരവും വഴി ഒമാനിലെ ഫുഡ് ഡെലിവറി രംഗം കൂടുതൽ വിപുലമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

