ഒമാനിൽ കിങ് ഫിഷ് പിടിക്കുന്നതിനും വിൽക്കുന്നതിനും ആഗസ്റ്റ് 15 മുതൽ നിരോധനം
text_fieldsമസ്കത്ത്: ഒമാൻ തീരങ്ങളിൽ കിങ് ഫിഷ് പിടിക്കുന്നതിനും കൈവശം വെക്കുന്നതിനും വിൽക്കുന്നതിനും രണ്ടു മാസത്തെ നിരോധനം ഏർപ്പെടുത്തുന്നു. ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് നിരോധനമെന്ന് അധികൃതർ അറിയിച്ചു. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും മത്സ്യബന്ധന മേഖലയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം.
മിനിസ്റ്റീരിയൽ ഡിസിഷൻ നമ്പർ 70/2026 പ്രകാരം പുറപ്പെടുവിച്ച, സജീവ ജലവിഭവ നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസിലെ ആർട്ടിക്കിൾ 178 അനുസരിച്ചാണ് ഈ താൽക്കാലിക നിരോധനം നടപ്പാക്കുന്നതെന്ന് കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ മൽസ്യം സ്റ്റോക്ക് ഉള്ള വ്യക്തികളും കമ്പനികളും ബാധകമായ ചട്ടങ്ങൾക്ക് അനുസൃതമായി തങ്ങളുടെ പക്കലുള്ള മത്സ്യത്തിന്റെ അളവ് ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് രജിസ്റ്റർ ചെയ്യണം.
മത്സ്യബന്ധന സമ്മർദം കുറക്കുക, പ്രജനന കാലയളവിൽ മത്സ്യസമ്പത്ത് സംരക്ഷിക്കുക, അയിലച്ചൂരയുടെ സ്വാഭാവിക പുനരുൽപാദനം വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ മത്സ്യബന്ധന മാനേജ്മെന്റ് നടപടികളുടെ ഭാഗമാണ് ഈ താൽക്കാലിക നിരോധനം. ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിൽ വലിയ ഡിമാൻഡുള്ള ഒമാനിലെ ഒരു പ്രധാന മത്സ്യയിനമാണ് കിങ്ഫിഷ്.
മന്ത്രാലയത്തിന്റെ 2025-ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഒമാൻ 44.422 ദശലക്ഷം ഒമാനി റിയാൽ മൂല്യമുള്ള 19,743 ടൺ കിങ് ഫിഷാണ് വിപണിയിലെത്തിച്ചത്. അതായത് ഒരു കിലോഗ്രാമിന് ശരാശരി 2.25 ഒമാനി റിയാൽ വരും. രാജ്യത്തെ ആകെ ഉൽപാദനത്തിന്റെ 41.74 ശതമാനവും അൽ വുസ്ത ഗവർണറേറ്റിൽ നിന്നാണ്. തൊട്ടു പിന്നിൽ തെക്കൻ ശർഖിയയാണുള്ളത്; 41.73 ശതമാനം. ഈ രണ്ട് ഗവർണറേറ്റുകൾ മാത്രം ആകെ ഉൽപാദനത്തിന്റെ 83.47 ശതമാനവും കൈകാര്യം ചെയ്യുന്നു.
ബാക്കിയുള്ള തീരദേശ ഗവർണറേറ്റുകൾ ഏകദേശം 3,263 ടൺ (16.53 ശതമാനം) ഉൽപാദിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെയും മത്സ്യബന്ധന വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും ഉപജീവനമാർഗത്തെ സ്വാധീനിക്കുന്നതിനാൽ ഇതിന് വലിയ സാമ്പത്തിക പ്രാധാന്യമുണ്ട്. നിയന്ത്രണങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശനമായ നിയമനടപടികളും പിഴയും നേരിടേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

