ഒമാനി ഹൽവ കേന്ദ്രങ്ങളിൽ റീജനൽ നഗരസഭാധികൃതരുടെ പരിശോധന
text_fieldsമസ്കത്ത്: ഒമാനി ഹൽവ നിർമാണകേന്ദ്രങ്ങളിൽ റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് മന്ത്രാലയം അധികൃതർ പരിശോധന നടത്തി. ചൂടുള്ള ഹലുവ മിശ്രിതം പ്ലാസ്റ്റിക് ബക്കറ്റ് ഉപയോഗിച്ച് പ്ലാസ്റ്റിക് പാത്രത്തിലേക്ക് കോരി മാറ്റുന്ന വിഡിയോ കഴിഞ്ഞദിവസം സാമൂഹമാധ്യമങ്ങളിൽ വൈറലായതിെൻറ പശ്ചാത്തലത്തിലാണ് പരിശോധന. വൈറലായ വിഡിയോയിലുള്ള നിർമാണ കേന്ദ്രം അധികൃതർ പൂട്ടിച്ചിരുന്നു.
തിങ്കളാഴ്ച വിവിധ ഗവർണറേറ്റുകളിലെ നിർമാണ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ചിലയിടങ്ങളിൽനിന്ന് പാത്രങ്ങളും ഉപയോഗിക്കാൻ പാടില്ലാത്ത ഉപകരണങ്ങളും പിടിച്ചെടുത്തു. നിർദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചാണ് ഉപയോഗമെന്ന് ഉറപ്പാക്കുന്നതിനും നിയമലംഘകർക്കെതിരെ നടപടിയെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിശോധന നടത്തിയതെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യകരമായ രീതികൾ പിന്തുടരേണ്ടതിെൻറ ആവശ്യകത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർക്ക് ബോധ്യപ്പെടുത്തുകയും പരിശോധനയുടെ ലക്ഷ്യമായിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടിയെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഹൽവ നിർമാണ സ്ഥാപനത്തിൽ പ്ലാസ്റ്റിക് പാത്രം ഉപയോഗിച്ച സംഭവം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്ന് വ്യവസായ, വാണിജ്യ മന്ത്രാലയവും അറിയിച്ചു. ബോയിലറിൽനിന്ന് ചൂടുള്ള മിശ്രിതം പ്ലാസ്റ്റിക് പാത്രത്തിലേക്ക് മാറ്റുന്നത് നിയമപരമായി അനുവദനീയമല്ല. ഭക്ഷ്യസുരക്ഷ, ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെ ലംഘനമായ ഇത് ശിക്ഷാർഹമായ കുറ്റമാണെന്ന് അധികൃതർ അറിയിച്ചു. മൺപാത്രങ്ങൾ, ഗ്ലാസ്, സംസ്കരിച്ച മരം തുടങ്ങിയവകൊണ്ടുള്ള കണ്ടെയിനറുകൾ മാത്രമാണ് പലഹാര നിർമാണ ഫാക്ടറികളിൽ ഉപയോഗിക്കാൻ പാടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
