സുരക്ഷാ വെല്ലുവിളികൾ നേരിടാൻ സഹകരണം ശക്തമാക്കാൻ ഒമാനും ബഹ്റൈനും
text_fieldsബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയും ഒമാൻ
ആഭ്യന്തര മന്ത്രിയും കൂടിക്കാഴ്ചക്കിടെ
മസ്കത്ത്: വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ബഹ്റൈനും ഒമാനും തങ്ങളുടെ സഹകരണം ശക്തമാക്കാൻ നിർദേശം. ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുമായി മനാമയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച ചർച്ചനടന്നു.
ഇരുരാജ്യങ്ങളുടെയും സർക്കാറുകൾ തമ്മിലുള്ള സുരക്ഷാ സഹകരണ കരാർ അനുസരിച്ച് സംയുക്ത സംവിധാനങ്ങളും സുരക്ഷാ പങ്കാളിത്തവും മെച്ചപ്പെടുത്താൻ ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ആഹ്വാനം ചെയ്തു. അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങൾ നേരിടുന്നതിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉയർന്നതലത്തിലുള്ള ഏകോപനത്തെ ജനറൽ ശൈഖ് റാശിദ് പ്രശംസിച്ചു.
പോലീസ് ഫോർട്ടിൽ എത്തിയ ഒമാൻ മന്ത്രി അൽ ബുസൈദിയെ ബഹ്റൈൻ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി, പബ്ലിക് സെക്യൂരിറ്റി ചീഫ്, മറ്റ് മുതിർന്ന ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെ ഒമാൻ മന്ത്രി പ്രശംസിച്ചു. എല്ലാ മേഖലകളിലും, പ്രത്യേകിച്ച് സുരക്ഷാരംഗത്തെ സഹകരണം വികസിപ്പിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. സുരക്ഷാ ഏകോപനം മെച്ചപ്പെടുത്തുന്നതിനും നിലവിലുള്ളതും ഭാവിയിലുള്ളതുമായ സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും പരസ്പര സന്ദർശനങ്ങളുടെ പ്രാധാന്യം ഒമാൻ മന്ത്രി അടിവരയിട്ടു.
വിവിധതരം കുറ്റകൃത്യങ്ങളിൽ നിന്ന് ഉണ്ടാകുന്ന എല്ലാ പ്രതികൂല പ്രതിഭാസങ്ങളെയും ചെറുക്കാൻ സംയുക്ത ശ്രമങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയം സന്ദർശിക്കാനും കൗണ്ടർപാർട്ടുമായി കൂടിക്കാഴ്ച നടത്താനും സാധിച്ചതിൽ സന്തോഷം രേഖപ്പെടുത്തിക്കൊണ്ട് ഒമാൻ മന്ത്രി സന്ദർശക പുസ്തകത്തിൽ ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

