ലോക അത്‍ലറ്റിക്സ് ഭൂപടത്തിൽ ഇടംനേടാൻ ഒമാൻ
text_fieldsമസ്കത്ത്: ഒമാന്റെ കായിക ചരിത്രത്തിൽ പുതിയ നാഴികക്കല്ലാവാൻ സുൽത്താനേറ്റ് ആദ്യമായി അന്താരാഷ്ട്ര അത്‍ലറ്റിക്സ് മീറ്റിന് ആതിഥേയത്വം വഹിക്കുന്നു. സെപ്റ്റംബർ അഞ്ചിന് ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലാണ് ‘വേൾഡ് അത്‍ലറ്റിക്സ് കോണ്ടിനെന്റൽ ടൂർ ബ്രോൺസ്‘ പദവിയുള്ള പ്രഥമ ഒമാൻ അത്‍ലറ്റിക്സ് ഗ്രാൻഡ് പ്രീ അരങ്ങേറുക.
40 രാജ്യങ്ങളിൽ നിന്നായി മുന്നൂറോളം പ്രമുഖ അത്‍ലറ്റുകൾ ഈ ചരിത്ര കായിക മേളയിൽ ട്രാക്കിലിറങ്ങും. ഈ കായിക മാമാങ്കം ഒമാനി കായിക രംഗത്തിന് ലഭിച്ച വലിയൊരു കുതിച്ചുചാട്ടമാണെന്നും വരും വർഷങ്ങളിൽ മസ്കത്തിനെ ആഗോള അത്‍ലറ്റിക്സ് കലണ്ടറിലെ സ്ഥിരം വേദിയാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഒമാൻ അത്‍ലറ്റിക്സ് അസോസിയേഷൻ (ഒ.എ.എ) ചെയർമാൻ സഈദ് ബിൻ മുഹമ്മദ് അൽ ഹജ്‌രി തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ മാറ്റുരക്കും.
പുരുഷ വിഭാഗം 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 800 മീറ്റർ, 1500 മീറ്റർ, 3000 മീറ്റർ, 110 മീറ്റർ ഹർഡിൽസ്, 4x100 മീറ്റർ റിലേ, ഹൈജമ്പ്, ലോങ്ജമ്പ്, ഷോട്ട്പുട്ട്, ഹാമർ ത്രോ എന്നീ മൽസരങ്ങളിലും വനിതാ വിഭാഗം 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 800 മീറ്റർ, 4x100 മീറ്റർ റിലേ, ലോങ്ജമ്പ്, ട്രിപ്പിൾ ജമ്പ്, ഹാമർ ത്രോ എന്നീ ഇനങ്ങളിലുമാണ് മൽസരങ്ങൾ. ലോകോത്തര താരങ്ങളോട് നേരിട്ട് മത്സരിക്കാനുള്ള അവസരത്തിന് പുറമെ, അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിലേക്ക് യോഗ്യത നേടുന്നതിന് സഹായിക്കുന്ന വിലയേറിയ റാങ്കിംഗ് പോയിന്റുകളും ഈ മത്സരത്തിലൂടെ സ്വന്തമാക്കാൻ ഒമാനി അത്‍ലറ്റുകൾക്ക് സാധിക്കുമെന്നതാണ് നേട്ടം. അന്താരാഷ്ട്ര അത്‍ലറ്റുകൾക്ക് മത്സര പരിചയം നൽകുന്നതിനൊപ്പം ഒമാനിലെ കോച്ചുമാർ, റഫറിമാർ, സംഘാടകർ എന്നിവർക്ക് മികച്ച സാങ്കേതിക പരിചയം നൽകാനും കായിക ടൂറിസം പ്രോത്സാഹിപ്പിക്കാനും ഈ ടൂർണമെന്റ് ലക്ഷ്യമിടുന്നതായി ഗ്രാൻഡ് പ്രീ ഡയറക്ടർ ഡോ. അലി അൽ മർസൂഖി അറിയിച്ചു. ലോക അത്‍ലറ്റിക്സ് സംഘടനക്ക് ഒമാന്റെ സംഘാടക മികവിലുള്ള വിശ്വാസമാണ് ഈ ടൂറിന് ലഭിച്ച അന്താരാഷ്ട്ര പദവി വ്യക്തമാക്കുന്നത്. ഭാവിയിൽ കൂടുതൽ വലിയ കായിക മേളകൾ ഒമാനിലേക്ക് ആകർഷിക്കാൻ ഇത് അടിത്തറയേകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

