സാമൂഹിക വികസന സഹകരണത്തിനായി ഒമാനും തുനീഷ്യയും ധാരണപത്രത്തിൽ ഒപ്പുവെച്ചു
text_fieldsഒമാൻ-തുനീഷ്യൻ മന്ത്രിമാർ ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: സാമൂഹിക വികസനം ഗണ്യമായി വർധിപ്പിക്കാനുള്ള ധാരണപത്രത്തിൽ ഒമാനും തുനീഷ്യയും ഒപ്പുവെച്ചു. ഒമാൻ സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹ്മദ് ബിൻ അവദ് അൽ നജറും തുനീഷ്യയുടെ സാമൂഹികകാര്യ മന്ത്രി മാലിക് അൽ സാഹിയുമാണ് ഒപ്പുവെച്ചത്.
കുടുംബങ്ങളുടെയും കുട്ടികളുടെയും വികസനം, സംരക്ഷണം, പരിചരണം, ഭിന്നശേഷിക്കാരുടെ പുനരധിവാസവും പിന്തുണയുമാണ് ധാരണപത്രത്തിൽ വരുന്നത്. പ്രായമായവരുടെ സംരക്ഷണം, ഉൽപാദനക്ഷമമായ കുടുംബപദ്ധതികൾക്കുള്ള പിന്തുണ, ഈ കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണം എന്നിവയും ഇതിൽപെടും.
സാമൂഹിക, സന്നദ്ധ പ്രവർത്തനങ്ങളുടെ ഓർഗനൈസേഷൻ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുടെ സജീവമാക്കൽ, അറബ്, പ്രാദേശിക, അന്തർദേശീയ സമ്മേളനങ്ങളിലെ സംയുക്ത പങ്കാളിത്തം എന്നിവക്കും ധാരണപത്രം ഊന്നൽ നൽകുന്നുണ്ട്. ഇരു രാജ്യങ്ങളുടെയും സാമൂഹിക വികസന അനുഭവങ്ങൾ ഉയർത്തിക്കാട്ടാനാണ് ഈ സഹകരണ ശ്രമം ലക്ഷ്യമിടുന്നത്. കൂടാതെ, തുടർച്ചയായ സാമൂഹിക പ്രവർത്തക പരിശീലനം, ഗവേഷണം, അനുബന്ധ സന്ദർശനങ്ങൾ എന്നിവയിൽ വൈദഗ്ധ്യം കൈമാറ്റം ചെയ്യാനും കരാർ സഹായിക്കും.
തുനീഷ്യയിലെത്തിയ ഡോ. ലൈല ബിൻത് അഹ്മദ് ബിൻ അവദ് അൽ നജറും പ്രതിനിധി സംഘവും സോഷ്യൽ ബ്രീഫിങ് ആൻഡ് ഗൈഡൻസ് സെൻററും സന്ദർശിച്ചു. കുടുംബമോ ഭൗതിക പിന്തുണയോ ഇല്ലാത്ത വ്യക്തികൾക്ക് താമസം, അടിസ്ഥാന പരിചരണം, മെഡിക്കൽ, മാനസിക സഹായം എന്നിവ നൽകി വരുന്നതാണിത്.
ഈ സന്ദർശനവും ധാരണപത്രം ഒപ്പിടലും സാമൂഹിക വികസനത്തിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണെന്ന് തുനീഷ്യയിലെ ഒമാൻ അംബാസഡർ എഡോ ഹിലാൽ ബിൻ അബ്ദുല്ല അൽ സിനാനി പറഞ്ഞു. ഈ വർഷം ആദ്യം മസ്കത്തിൽ നടന്ന ഒമാനി-തുനീഷ്യൻ കമ്മിറ്റി യോഗത്തിന്റെ ഫലങ്ങളുമായി ഈ സന്ദർശനം യോജിക്കുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

