ദേശീയ കാർഷിക പദ്ധതി ചട്ടക്കൂട്; ഒമാനും ഐക്യരാഷ്ട്രസഭ ഭക്ഷ്യ-കാർഷിക സംഘടനയും കരാർ ഒപ്പിട്ടു
text_fieldsമസ്കത്തിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രാലയ പ്രതിനിധിയും എഫ്.എ.ഒ പ്രതിനിധിയും കരാറിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: ഒമാനും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയും (എഫ്.എ.ഒ) തമ്മിൽ പുതിയ ദേശീയ കാർഷിക പദ്ധതി ചട്ടക്കൂടിനായി (സി.പി.എഫ്) കരാർ ഒപ്പിട്ടു. 2026 മുതൽ 2030 വരെയുള്ള കാലയളവിലേക്കാണ് ഈ പുതിയ വികസന രൂപരേഖ തയാറാക്കിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, സുസ്ഥിര വികസനം, കാലാവസ്ഥാ പ്രതിരോധം, മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണനം തുടങ്ങിയവയാണ് കരാറിൽ പ്രധാനമായുമുള്ളത്. കാർഷിക രംഗത്തെ ഉൽപാദന ക്ഷമത വർധിപ്പിക്കുകയും ഒമാന്റെ ദേശീയ ഭക്ഷ്യസുരക്ഷാ സംവിധാനം കൂടുതൽ ശക്തമാക്കുകയും കരാർ ലക്ഷ്യമിടുന്നു.
കൃഷി, പശുവളർത്തൽ, മത്സ്യബന്ധനം എന്നീ മേഖലകളിൽ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക, പ്രകൃതിവിഭവങ്ങളുടെ കാര്യക്ഷമമായ മാനേജ്‌മെന്റിലൂടെ കാർഷിക ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക, പ്രകൃതിക്ഷോഭങ്ങളെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും പ്രതിരോധിക്കുകയും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കഴിയുന്ന കൃഷിരീതികൾ ആവിഷ്കരിക്കുകയും ചെയ്യുക, .
കാർഷിക വിപണന ശൃംഖലകൾ മെച്ചപ്പെടുത്തി ഉൽപന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കുക തുടങ്ങിയവയും കരാറിന്റെ ഭാഗമാണ്.
മസ്കറ്റിൽ എഫ്.എ.ഒയുടെ ഒരു സ്ഥിരം പ്രതിനിധി ഓഫീസ് സ്ഥാപിക്കുന്നതിനുള്ള കരാറിലും ഒമാനും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയും കഴിഞ്ഞവർഷം ജൂണിൽ ഒപ്പുവെച്ചിരുന്നു. മസ്കത്തിൽ നടന്ന ചടങ്ങിൽ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയ വകുപ്പ് അണ്ടർസെക്രട്ടറി ഡോ. അഹമ്മദ് നാസർ അൽ ബക്രിയും എഫ്.എ.ഒ അസിസ്റ്റന്റ് ഡയറക്ടർ ജനറലും നിയർ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക പ്രാദേശിക പ്രതിനിധിയുമായ ഡോ. അബ്ദുൽ ഹകീം എൽവയറും കരാറിൽ ഒപ്പുവച്ചു. ദേശീയ വികസന മുൻഗണനകൾക്ക് പിന്തുണ നൽകുകയും ഭക്ഷ്യസുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

