ഒമാൻ -സോമാലിയ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി; പ്രാദേശിക സുരക്ഷ ചർച്ചയായി
text_fieldsമസ്‌കത്ത്: ഒമാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും സോമാലിയയുടെ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി അബ്ദുൽ സലാം അബ്ദി അലിയും മസ്കത്തിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും ദ്വികക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും നിലവിലെ പ്രാദേശിക സാഹചര്യങ്ങളും ചർച്ചയിൽ പ്രധാന വിഷയങ്ങളായി. മസ്‌കത്തിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ദിവാൻ ഹാളിലായിരുന്നു കൂടിക്കാഴ്ച. വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാനുള്ള മാർഗങ്ങൾ ഇരുപക്ഷവും പരിശോധിച്ചു.
ആഫ്രിക്കൻ മുനമ്പ് മേഖലയിലെ സമകാലീന രാഷ്ട്രീയ സാഹചര്യം ഉൾപ്പെടെ പ്രാദേശിക വികസനങ്ങളും മന്ത്രിമാർ അവലോകനം ചെയ്തു. സുരക്ഷ, രാഷ്ട്രീയ സ്ഥിരത, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാദേശികവും അന്താരാഷ്ട്രവുമായ ശ്രമങ്ങൾക്ക് പിന്തുണ നൽകേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. സോമാലിയയുടെ ഐക്യം, സ്വയംഭരണം, അഖണ്ഡത എന്നിവക്കുമുള്ള പിന്തുണ ഒമാൻ തുടരുമെന്ന് ബുസൈദി ആവർത്തിച്ചു. സോമാലിയൻ രാഷ്ട്രത്തിന്റെ ചട്ടക്കൂടിന് പുറത്തുള്ള ഒരു ഘടകങ്ങളെയും അംഗീകരിക്കില്ലെന്ന നിലപാടും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മേഖലയിൽ സംഭാഷണം, സുസ്ഥിരത, സൗഹൃദപരമായ പരിഹാരങ്ങൾ എന്നിവക്ക് ഒമാൻ നൽകുന്ന പിന്തുണക്കും നയതന്ത്ര ഇടപെടലുകൾക്കും സോമാലിയൻ വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു. അറബ് വകുപ്പ് മേധാവി ഷെയ്ഖ് ഫൈസൽ ബിൻ ഒമർ അൽ മർഹൂൺ, ഒമാനിലെ സോമാലിയൻ അംബാസഡർ ബഷീർ ഹസൻ ഹാജി എന്നിവരടക്കം ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
‘സോമാലിലാൻഡ്’ എന്നറിയപ്പെടുന്ന പ്രദേശത്തേക്ക് നയതന്ത്ര പ്രതിനിധിയെ നിയമിക്കുമെന്ന ഇസ്രായേൽ പ്രഖ്യാപനത്തെ ഒമാൻ ഉൾപ്പെടെ 15 രാജ്യങ്ങൾ ശക്തമായി അപലപിച്ചിരുന്നു. ഒമാൻ സുൽത്താനേറ്റിന് പുറമെ, കുവൈത്ത്, സൗദി അറേബ്യ, ഈജിപ്ത്, സോമാലിയ, സുഡാൻ, ലിബിയ, ബംഗ്ലാദേശ്, അൾജീരിയ, ഫലസ്തീൻ, തുർക്കിയ, ഇന്തോനേഷ്യ, പാകിസ്താൻ, മൗറിത്താനിയ, ജോർഡൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് അപലപിച്ചത്. ഇസ്രായേൽ നീക്കം സോമാലിയയുടെ പരമാധികാരത്തെയും ദേശീയ ഐക്യത്തെയും ലംഘിക്കുന്നതാണെന്നാണ് ഒമാന്റെ നിലപാട്. രാജ്യങ്ങളുടെ ഐക്യത്തെ ദുർബലപ്പെടുത്തുകയോ പരമാധികാരത്തെ ബാധിക്കുകയോ ചെയ്യുന്ന ഏകപക്ഷീയ നടപടികളെ പൂർണ്ണമായും തള്ളിക്കളയുന്നതായും സോമാലിയക്ക് പിന്തുണ അറിയിക്കുന്നതായും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇസ്രായേലിന്റെ നീക്കം ആഫ്രിക്കൻ മുനമ്പ് മേഖലയിലെ ഭരണസ്ഥിരത തകർക്കാൻ ഇടയാക്കുന്ന അപകടകരമായ മാതൃകയായിതീരുമെന്നും, പ്രദേശിക സമാധാനത്തിനും സുരക്ഷക്കും പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഒമാനടക്കമുള്ള രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

