സംസ്കാരം, യുവജനം, സാമ്പത്തിക വികസന മേഖലകളിൽ ഒമാനും സിംഗപ്പൂരും കൈകോർക്കും
text_fieldsസിംഗപ്പൂർ അധികൃതരുമായി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസഫ് ധാരണപത്രത്തിൽ ഒപ്പുവെച്ചപ്പോൾ
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സന്ദർശനത്തിന്റെ ഭാഗമായി സംസ്കാരം, യുവജനം, സാമ്പത്തിക വികസനം എന്നീ മേഖലകളിൽ ഒമാനും സിംഗപ്പൂരും രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.
സാംസ്കാരിക, കായിക, യുവജന മന്ത്രാലയവും സിംഗപ്പൂരിലെ സാംസ്കാരിക, കമ്മ്യൂണിറ്റി, യുവജന മന്ത്രാലയവുമാണ് ആദ്യ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. പരിപാടികൾ, സാംസ്കാരിക പദ്ധതികൾ, നാടകം, സിനിമാറ്റിക് വർക്ക്ഷോപ്പുകൾ, വിവർത്തനത്തിന്റെയും പ്രസിദ്ധീകരണത്തിന്റെയും സഹായ സംരംഭങ്ങൾ എന്നിവ ധാരണപത്രത്തിലുണ്ട്. സാംസ്കാരിക പൈതൃകം, സാംസ്കാരിക സ്വത്വം, പ്രസാധകരുടെ അവകാശങ്ങൾ എന്നിവയുടെ സംരക്ഷണം സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിനും ധാരണപത്രം വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവും സിംഗപ്പൂർ സഹകരണ എന്റർപ്രൈസുമാണ് രണ്ടാം ധാരണപത്രത്തിൽ ഒപ്പിട്ടത്. നിക്ഷേപ പ്രോത്സാഹനം, ബിസിനസ്, കയറ്റുമതി നടപടിക്രമങ്ങൾ കാര്യക്ഷമമാക്കൽ, എസ്.എം.ഇകൾ, വ്യാവസായിക പദ്ധതികൾ വികസിപ്പിക്കൽ, രാജ്യാന്തര തലത്തിൽ ബിസിനസ് ബ്രാൻഡ് വർധിപ്പിക്കൽ തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കിൽ ഇതിലൂടെ ലക്ഷ്യമിടുന്നു.
ധാരണപത്രങ്ങളിൽ ഒമാന്റെ ഭാഗത്തുനിന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസഫ് , സിംഗപ്പൂരിലെ ഒമാൻ എംബസിയുടെ ചാർജ് ഡി അഫയേഴ്സ് അൻവർ അഹമ്മദ് മുഖൈബൽ, സിംഗപ്പൂരിനെ പ്രതിനിധീകരിച്ച് സാംസ്കാരിക, കമ്മ്യൂണിറ്റി, യുവജന മന്ത്രിയും നിയമ മന്ത്രാലയത്തിന്റെ രണ്ടാം മന്ത്രിയുമായ എഡ്വിൻ ടോങും സിംഗപ്പൂർ കോഓപറേഷൻ എന്റർപ്രൈസ് സി.ഇ.ഒ വൈ മുൻ കോങ്ങുമാണ് ഒപ്പുവെച്ചത്.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് മുഹമ്മദ് അൽ യൂസഫ് സാംസ്കാരിക, കമ്മ്യൂണിറ്റി, യുവജന മന്ത്രിയും സിംഗപ്പൂർ നിയമ മന്ത്രാലയത്തിലെ രണ്ടാമത്തെ മന്ത്രിയുമായ എഡ്വിൻ ടോങുമായി കൂടിക്കാഴ്ചനടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്ന വിധത്തിൽ സംയുക്ത സഹകരണത്തിന്റെ മേഖലകൾ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ യോഗം അവലോകനം ചെയ്തു.
ഊർജ, ധാതു മന്ത്രി എൻജിനീയർ സലിം നാസർ അൽ ഔഫി സിംഗപ്പൂരിലെ വ്യാപാര വ്യവസായ മന്ത്രാലയത്തിന്റെ സ്ഥിരം സെക്രട്ടറി (വികസനം) ഡോ. ബെഹ് സ്വാൻ ഗിനുമായും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു. സമ്പദ്വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, പ്രത്യേകിച്ചും പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ ഉൽപാനം തുടങ്ങിയ മേഖലകളിൽ പരസ്പര താൽപര്യമുള്ള നിരവധി കാര്യങ്ങളിൽ ചർച്ചയും നടത്തി. രണ്ട് യോഗങ്ങളിലും നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

