വ്യാവസായിക സഹകരണം വർധിപ്പിക്കാൻ ഒമാനും സൗദിയും
text_fieldsവാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ്
സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽ ഖുറൈഫിയുമായി
നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: വ്യാവസായിക സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഒമാനും സൗദിയും തമ്മിലുള്ള വ്യാവസായിക സംയോജന സംരംഭങ്ങളുടെ രണ്ടാം ഘട്ടം റിയാദിൽ ആരംഭിച്ചു.
ഒമാനി-സൗദി ഏകോപന കൗൺസിലിന്റെ സാമ്പത്തിക, വ്യാപാര, വ്യവസായ സമിതിയുടെ പ്രവർത്തനത്തിന്റെ ഭാഗമായാണിത്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫിന്റെ അധ്യക്ഷതയിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽ ഖുറൈഫി സംബന്ധിച്ചു. സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ സയ്യിദ് നജീബ് ബിൻ ഹിലാൽ ബിൻ സൗദ് അൽ ബുസൈദി, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷനിലെ സ്ഥിരം പ്രതിനിധി, റിയാദിലെ ഡിജിറ്റൽ കോ-ഓപറേഷൻ ഓർഗനൈസേഷനിലെ സ്ഥിരം പ്രതിനിധി, ഇരു രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന നിരവധി ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇരു രാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക സംരംഭങ്ങളും സംയുക്ത വ്യാവസായിക സംയോജനത്തിന്റെ പാതകളിലെ ഭാവി പദ്ധതികളും എടുത്തുകാണിക്കുന്ന ദൃശ്യ അവതരണവും അരങ്ങേറി. വ്യാവസായിക സഹകരണം വർധി പ്പിക്കുക, പരസ്പര നിക്ഷേപങ്ങളുടെ വ്യാപ്തി വികസിപ്പിക്കുക, ഇരു രാജ്യങ്ങൾക്കുമിടയിൽ വിതരണ ശൃംഖലകളെയും ഉൽപാദനത്തെയും പിന്തുണക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നിരവധി ഭാവി സംരംഭങ്ങൾ ചർച്ച ചെയ്തു.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ്, സൗദി ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഫണ്ട് സി.ഇ.ഒ സുൽത്താൻ ബിൻ ഖാലിദ് അൽ സൗദുമായി കൂടിക്കാഴ്ച നടത്തി. സംയുക്ത വ്യാവസായിക പദ്ധതികൾക്കുള്ള ധനസഹായ അവസരങ്ങളും സാമ്പത്തിക സഹായവും, വ്യാവസായിക മേഖല വികസനം, വ്യാവസായിക മേഖലയെ പിന്തുണക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ വൈദഗ്ധ്യം കൈമാറുന്നതിനുള്ള വഴികളും ചർച്ചയിൽ ആരാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

