ബിസിനസ് സഹകരണം വർധിപ്പിക്കാൻ ഒമാനും റഷ്യയും
text_fieldsമോസ്കോയിൽ നടന്ന ‘മോസ്കോ-ഒമാൻ’ ബിസിനസ് ഫോറത്തിൽനിന്ന്
മസ്കത്ത്: മോസ്കോയിൽ നടന്ന ‘മോസ്കോ-ഒമാൻ’ ബിസിനസ് ഫോറത്തിൽ ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധിസംഘം പങ്കെടുത്തു. മോസ്കോ ഇന്റർനാഷനൽ ബിസിനസ് സെന്ററാണ് ഫോറം സംഘടിപ്പിച്ചത്. സ്വകാര്യമേഖലയിലെ സഹകരണം ലക്ഷ്യമിട്ട് ഒമാനി, റഷ്യൻ ബിസിനസ് നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. സാമ്പത്തിക സാങ്കേതികവിദ്യ, ഖനനം, എണ്ണ, വാതകം, സൈബർ സുരക്ഷ, ലോജിസ്റ്റിക്സ് എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ചർച്ചകൾ നടന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 40ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഈ പരിപാടി പ്രാധാന്യമർഹിക്കുന്നതാണെന്ന് റഷ്യയിലെ ഒമാൻ അംബാസഡർ ഹമൗദ് ബിൻ സലേം അൽ തൊവൈഹ് പറഞ്ഞു. വൈവിധ്യമാർന്ന മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധതയാണ് ഈ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏപ്രിലിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് റഷ്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽനിന്നുള്ള സംഘത്തിന്റെ സന്ദർശനം. സംയുക്ത നിക്ഷേപം വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇത് അടിവരയിടുന്നു. സാമ്പത്തിക പങ്കാളിത്തത്തിന്റെ വ്യാപ്തി വിശാലമാക്കാനുള്ള ചേംബറിന്റെ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്നു ണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ പരിവർത്തനം, നിർമിതബുദ്ധി, സൈബർ സുരക്ഷ, ഫിൻടെക് എന്നിവയിലെ പരസ്പര താൽപര്യം അൽ ഹൊസ്നി ഊന്നിപ്പറഞ്ഞു. അത്തരം സഹകരണങ്ങൾ ബിസിനസ് അന്തരീക്ഷം വികസിപ്പിക്കുന്നതിനും ഒന്നിലധികം വ്യവസായങ്ങളിൽ നൂതനമായ പരിഹാരങ്ങൾ അവതരിപ്പിക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളിലെയും സ്റ്റാർട്ടപ്പുകൾക്കിടയിൽ, പ്രത്യേകിച്ച് നൂതന പരിഹാരങ്ങൾ, ഡിജിറ്റൽ ആരോഗ്യസംരക്ഷണം, ഗതാഗതം, ഭക്ഷ്യവ്യവസായം എന്നിവയിൽ സഹകരണത്തിനുള്ള വിശാലമായ അവസരങ്ങളുണ്ടെന്ന് മോസ്കോ എക്സ്പോർട്ട് സെന്റർ ഡയറക്ടർ ജനറൽ വിറ്റാലി സ്റ്റെപനോവും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

