ആരോഗ്യ മേഖലയിൽ സഹകരണത്തിന് ഒമാനും ഫിലിപ്പീൻസും
text_fieldsഒമാൻ ആരോഗ്യ മന്ത്രി ഡോ. ഹിലാൽ ബിൻ അലി ആൽ സബ്തി, ഫിലിപ്പീൻസ് ആരോഗ്യമന്ത്രി തിയോഡോറോ ഹെർബോസ എന്നിവർ ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: സാങ്കേതികവിദ്യ, വൈദഗ്ധ്യം, മാനവ വിഭവശേഷി വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യ സംരക്ഷണ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനായി ഒമാനും ഫിലിപ്പീൻസും ധാരണപത്രത്തിൽ ഒപ്പുവെച്ചു.വൈദ്യശാസ്ത്ര മേഖലയിലെ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും ആരോഗ്യ മന്ത്രാലങ്ങളാണ് ജനീവയിൽ സുപ്രധാന ധാരണപത്രത്തിൽ ഒപ്പിട്ടത്.
ആരോഗ്യ സംബന്ധിയായ വിവരങ്ങൾ, മികച്ച രീതികൾ, വൈദഗ്ദ്ധ്യം, ആരോഗ്യ സാങ്കേതികവിദ്യ, പ്രാഥമിക പരിചരണ സംവിധാനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കൈമാറ്റം ചെയ്യുന്നതും കരാറിൽ ഉൾപ്പെടുന്നു. ഇരു രാജ്യങ്ങളിലെയും ആരോഗ്യ സംരക്ഷണ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയ ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും കൈമാറ്റവും ഇതിൽ വരും.
പങ്കിട്ട അറിവിലൂടെയും സംയുക്ത വികസന പ്രവർത്തനങ്ങളിലൂടെയും മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിലുള്ള ശ്രദ്ധയാണ് ധാരണപത്രത്തിന്റെ ഒരു പ്രധാന ആകർഷണം. ഇത് ഇരു രാജ്യങ്ങളുടെയും ആരോഗ്യ തന്ത്രങ്ങളിൽ നിന്നും സംവിധാനങ്ങളിൽനിന്നും പരസ്പരം പ്രയോജനം നേടാൻ പ്രാപ്തമാക്കുകയും, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും വിതരണവും വർധിപ്പിക്കുകയും ചെയ്യും. ഒമാൻ ആരോഗ്യ മന്ത്രി ഡോ. ഹിലാൽ ബിൻ അലി ആൽ സബ്തി, ഫിലിപ്പീൻസ് ആരോഗ്യമന്ത്രി തിയോഡോറോ ഹെർബോസ എന്നിവരാണ് ധാരണ പത്രത്തിൽ ഒപ്പിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

