Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേഖലയിലെ സമാധാനത്തിന് ചർച്ചകളും നയതന്ത്രവും അനിവാര്യമെന്ന് ഒമാനും പാകിസ്താനും

text_fields
bookmark_border
മേഖലയിലെ സമാധാനത്തിന് ചർച്ചകളും നയതന്ത്രവും അനിവാര്യമെന്ന് ഒമാനും പാകിസ്താനും
cancel

ഇസ്‍ലാമാബാദ്: പ്രാദേശിക വെല്ലുവിളികൾ പരിഹരിക്കാനും സംഘർഷങ്ങൾ ലഘൂകരിക്കാനും ചർച്ചകളും നയതന്ത്രപരമായ ഇടപെടലുകളും അനിവാര്യമാണെന്ന് ഒമാനും പാകിസ്താനും. കൂടുതൽ പ്രകോപനങ്ങളിലേക്ക് നീങ്ങാതെ തർക്കങ്ങൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളും മുൻകൈ എടുക്കുമെന്നും വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി.

ഇസ്‍ലാമാബാദിൽ നടന്ന എട്ടാമത് ഒമാൻ-പാകിസ്താൻ ജോയിന്റ് മിനിസ്റ്റീരിയൽ കമ്മീഷൻ സമ്മേളനത്തിന് ശേഷം ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക തലത്തിൽ സമാധാനം നിലനിർത്താൻ പാകിസ്താൻ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ സയ്യിദ് ബദർ അഭിനന്ദിച്ചു. ഇത്തരം ശ്രമങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസം വർധിപ്പിക്കുന്നതിനും പ്രശ്നങ്ങൾക്ക് സമാധാനപരമായ പരിഹാരം കാണുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്ക-ഇറാൻ സംഘർഷം, ഹുർമുസ് പ്രതിസന്ധി, ബാബ് അൽ മന്ദബിലെ പുതിയ സംഭവവികാസങ്ങൾ, ഗസ്സയിലെ സാഹചര്യം എന്നിവ ഇരുപക്ഷവും വിശദമായി ചർച്ച ചെയ്തതായി ഇഷാഖ് ദാർ അറിയിച്ചു. മേഖലയിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരാൻ സംയുക്ത ശ്രമങ്ങൾ ഊർജിതമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രാദേശിക സമാധാനത്തിന് ദോഷകരമായി ബാധിക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ നയതന്ത്ര ചർച്ചകൾക്ക് തന്നെ മുൻഗണന നൽകണമെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ ആവർത്തിച്ചു.

ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു സുപ്രധാന കരാറിലും നാല് ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഡിപ്ലോമാറ്റിക്, ഒഫീഷ്യൽ, സ്പെഷ്യൽ, സർവീസ് പാസ്‌പോർട്ടുകൾ ഉള്ളവർക്ക് പരസ്പരം വിസ ഒഴിവാക്കുന്നതാണ് ഒപ്പുവെച്ച പ്രധാന കരാർ. വിവരസാങ്കേതികവിദ്യ-ടെലികമ്മ്യൂണിക്കേഷൻ, റേഡിയോ-ടെലിവിഷൻ, വാർത്താ കൈമാറ്റം, ഒമാൻ നാഷണൽ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റിയും പാകിസ്താൻ നാഷണൽ ആർക്കൈവ്സും തമ്മിലുള്ള സഹകരണം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലാണ് മറ്റ് നാല് ധാരണാപത്രങ്ങൾ.

കൂടിക്കാഴ്ചയിൽ ഒമാൻ വിദേശകാര്യ മന്ത്രിയും പാകിസ്താൻ പ്രധാനമന്ത്രിയും ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും ദൃഢവുമായ ബന്ധം ആവർത്തിച്ചു വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സാമ്പത്തിക, നിക്ഷേപ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചർച്ച ചെയ്തു. ഇതോടൊപ്പം പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന വിവിധ അന്താരാഷ്ട്ര വിഷയങ്ങളും പ്രതിസന്ധികൾ പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളും ഇരുനേതാക്കളും അവലോകനം ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman and Pakistan say talks and diplomacy are essential for peace in the region
Next Story