വിനോദസഞ്ചാര മേഖലയിൽ സംയുക്ത പദ്ധതികളുമായി ഒമാനും ഇറ്റലിയും
text_fieldsമസ്കത്ത്: പൈതൃക സംരക്ഷണത്തിനും ടൂറിസം വികസനത്തിനും സംയുക്ത നീക്കവുമായി ഒമാനും ഇറ്റലിയും. പരസ്പര സഹകരണത്തിന്റെ ഭാഗമായി ഒമാൻ പൈതൃക-ടൂറിസം മന്ത്രി സയ്യിദ് ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദി ഇറ്റലി സന്ദർശിച്ചു. ഇറ്റാലിയൻ വിനോദസഞ്ചാര മേഖലയിലെ പ്രതിനിധികളുമായും മാധ്യമപ്രവർത്തകരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. സാംസ്കാരിക പൈതൃകവും മ്യൂസിയങ്ങളും സംബന്ധിച്ച് ഒമാനും ഇറ്റലിയും ധാരണാപത്രത്തിലും ഒപ്പുവെച്ചു. ഒമാനും ഇറ്റലിയും തമ്മിലുള്ള സാംസ്കാരിക സഹകരണത്തിന് ധാരണാപത്രം പുതിയ അധ്യായമാവുമെന്ന് ഇറ്റാലിയൻ സാംസ്കാരിക മന്ത്രി അലസ്സാൻഡ്രോ ജിയുലി പറഞ്ഞു. പൈതൃക സംരക്ഷണം, പുനരുദ്ധാരണം, ചരിത്രസ്മാരകങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടൽ തുടങ്ങിയ മേഖലകളിൽ സംയുക്ത പദ്ധതികൾക്ക് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുസ്ഥിര ടൂറിസത്തിന് പ്രാധാന്യം
ഒമാൻ പൈതൃക-ടൂറിസം മന്ത്രി സയ്യിദ് ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദിയുടെ സന്ദർശനവേളയിൽ ഒമാന്റെ വിനോദസഞ്ചാര മേഖലയിലെ വികസന പദ്ധതികൾക്കും നിക്ഷേപ സാധ്യതകൾക്കും ഇറ്റാലിയൻ മാധ്യമങ്ങൾ പ്രാധാന്യം നൽകി. താമസസൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര ടൂറിസത്തിനും രാജ്യം പ്രാധാന്യം നൽകുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി.
മലനിരകൾ മുതൽ കടൽത്തീരങ്ങളും ദക്ഷിണ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും വരെ വ്യത്യസ്ത അനുഭവങ്ങൾ സന്ദർശകർക്ക് ലഭ്യമാക്കാനുള്ള പദ്ധതികളും വിശദീകരിച്ചു. ഇറ്റാലിയൻ വിനോദസഞ്ചാര പ്രസിദ്ധീകരണങ്ങളായ ‘ഗൈഡാവിയാജി, ‘ട്രാവൽ ക്വോട്ടിഡിയാനോ’എന്നിവ ഒമാന്റെ ടൂറിസം വികസനവും നിക്ഷേപ പദ്ധതികളും സംബന്ധിച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഒമാൻ വിഷൻ 2040 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിനോദസഞ്ചാര മേഖലക്കുള്ള പങ്കും റിപ്പോർട്ടുകളിൽ പരാമർശിച്ചു .ഇറ്റാലിയൻ വിനോദസഞ്ചാര വിപണിയിൽ ഒമാന്റെ സാന്നിധ്യം വർധിപ്പിക്കാനും അന്താരാഷ്ട്ര പങ്കാളിത്തം ശക്തമാക്കാനും സന്ദർശനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

