ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം; ഒമാനും ഇറാനും ഉന്നതതല ചർച്ച നടത്തി
text_fieldsമസ്കത്ത്: പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുരക്ഷിതവും സുഗമവുമാക്കുന്നതിന് ഒമാനും ഇറാനും ഉന്നതതല ചർച്ച നടത്തി. ഇരുരാജ്യങ്ങളിലെയും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിമാരുടെ അധ്യക്ഷതയിൽ യോഗം ചേർന്നതായി ഒമാൻന്യൂസ് ഏജൻസി അറിയിച്ചു.
ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ സഞ്ചാരം സംബന്ധിച്ച് ഒമാനും ഇറാനും തമ്മിൽ പുതിയ നയതന്ത്ര പ്രോട്ടോക്കോളിന്റെ കരട് രൂപീകരിക്കുന്നതിനായി ചർച്ച നടന്നുവരികയാണ്. കടലിടുക്കിലൂടെയുള്ള ഗതാഗതം ഒമാനും ഇറാനും സംയുക്തമായി നിരീക്ഷിക്കാനും ഏകോപിപ്പിക്കാനുമാണ് ഈ പ്രോട്ടോക്കോൾ വിഭാവനം ചെയ്യുന്നത്.
സമുദ്ര സുരക്ഷയും സുഗമമായ കപ്പൽ ഗതാഗതവും സാധ്യമാക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ചയായി. മസ്കത്തിൽ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളിലെയും നയതന്ത്രജ്ഞർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. മേഖലയിലെ വർധിച്ചുവരുന്ന വെല്ലുവിളികളും സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി. ഇരുപക്ഷവും മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും കാഴ്ചപ്പാടുകളും വരും ദിവസങ്ങളിൽ കൂടുതൽ പഠനവിധേയമാക്കാൻ യോഗത്തിൽ തീരുമാനിച്ചു.
ലോകത്തിലെ മൊത്തം എണ്ണ വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് തടസ്സപ്പെടുന്നത് ആഗോള വിപണിയെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ ചർച്ചകൾക്ക് പ്രാധാന്യമേറുന്നത്. ഫെബ്രുവരി 28 മുതൽ ഹുർമുസ് കടലിടുക്കിലൂടെയുള്ള ചരക്കു നീക്കം തടസ്സപ്പെട്ടിരുന്നു. പ്രോട്ടോക്കോൾ നീക്കം കപ്പലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനല്ലെന്നും, മറിച്ച് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പാക്കാനാണെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗരീബാബാദി നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

