ബഹിരാകാശ കുതിപ്പിന് ഒമാനും ഫ്രാൻസും കൈകോർക്കുന്നു; ഉഭയകക്ഷി സഹകരണം ശക്തമാക്കും
text_fieldsമസ്കത്ത്: ബഹിരാകാശ മേഖലയിലെ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനായി ഒമാനും ഫ്രാൻസും തമ്മിൽ താല്പര്യപത്രത്തിൽ (ലെറ്റർ ഓഫ് ഇന്റന്റ്) ഒപ്പുവെച്ചു. ശാസ്ത്രീയ ഗവേഷണം, സാങ്കേതികവിദ്യ, വ്യവസായ വികസനം എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വ്യാപിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. ഒമാന്റെ വളർന്നു വരുന്ന ബഹിരാകാശ മേഖലയുടെ പുരോഗതിക്കും ഇരുരാജ്യങ്ങളുടെയും പരസ്പര താൽര്യങ്ങൾക്കും പിന്തുണ നൽകുന്നതാണ് ഈ പുതിയ കരാറെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.
ശാസ്ത്രീയ-സാങ്കേതിക-വ്യവസായ സഹകരണം മെച്ചപ്പെടുത്തുക, ബഹിരാകാശ മേഖലയിലെ വൈദഗ്ധ്യം കൈമാറുക, ഒമാന്റെ ബഹിരാകാശ വ്യവസായ വികസനത്തെ പിന്തുണക്കുക, വിവിധ മേഖലകളിൽ ബഹിരാകാശ ആപ്ലിക്കേഷനുകളുടെ ഉപയോഗം വ്യാപിപ്പിക്കുക എന്നിവയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഈ പങ്കാളിത്തം ഒമാൻ-ഫ്രാൻസ് സാമ്പത്തിക ബന്ധത്തെ കൂടുതൽ ദൃഢമാക്കുമെന്നും വിലയിരുത്തപ്പെടുന്നു. ബഹിരാകാശ മേഖലയിൽ ഒമാനും ഫ്രാൻസും തമ്മിലുള്ള മുൻകാല സംയുക്ത പദ്ധതികളുടെ തുടർച്ചയായാണ് ഈ പുതിയ കരാർ.
ഒമാന്റെ ദേശീയ ബഹിരാകാശ നയവും എക്സിക്യൂട്ടീവ് പ്രോഗ്രാമും വികസിപ്പിക്കുന്നതിനായി ഫ്രഞ്ച് കൺസൾട്ടൻസിയായ നൊവാസ്പേസുമായി 2023ൽ ഒമാൻ സർക്കാർ പങ്കാളിത്ത കരാറിലേർപ്പെട്ടിരുന്നു. 2024 ലും 2026 ലും മസ്കത്തിൽ നടന്ന മിഡിൽ ഈസ്റ്റ് സ്പേസ് കോൺഫറൻസുകളുടെ വിജയകരമായ നടത്തിപ്പിനായി ഫ്രാൻസ് ഒമാനുമായി സഹകരിക്കുകയും ചെയ്തിരുന്നു. ഒമാന്റെ സ്വന്തം വാർത്താവിനിമയ ഉപഗ്രഹം രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും വിക്ഷേപിക്കുന്നതിനുമായി പ്രമുഖ ഫ്രഞ്ച് കമ്പനിയായ എയർബസുമായി ഒമാൻ കരാർ ഒപ്പിട്ടത് കഴിഞ്ഞ വർഷമാണ്. ഈ വർഷം ആദ്യത്തിൽ ഒമാനി ബഹിരാകാശ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ‘ഇത്‍ലാഖ്’, ഫ്രഞ്ച് വിക്ഷേപണ സേവന കമ്പനിയായ ‘ലാറ്റിറ്റ്യൂഡു’മായി ബഹിരാകാശ വ്യവസായത്തിലെ സഹകരണ സാധ്യതകൾ തേടി താൽപര്യപത്രം ഒപ്പുവെച്ചിരുന്നു.
ഒമാനും കാനഡയും തമ്മിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കും
- ഇരുരാജ്യങ്ങളും തമ്മിൽ വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തി
മസ്കത്ത്: ഒമാനും കാനഡയും തമ്മിലുള്ള പരസ്പര നയതന്ത്ര-സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. മേഖലയിലെ സുരക്ഷ, സുസ്ഥിരത, സാമ്പത്തിക പുരോഗതി എന്നിവ മുൻനിർത്തി ഇരുരാജ്യങ്ങളും നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും കാനഡ വിദേശകാര്യമന്ത്രി അനിത ആനന്ദും തമ്മിൽ നടത്തിയ ടെലിഫോൺ ചർച്ചയിലാണ് സുപ്രധാന തീരുമാനം. കനേഡിയൻ വിദേശകാര്യമന്ത്രി അടുത്തിടെ ഒമാനിൽ നടത്തിയ സന്ദർശനത്തിന്റെ തുടർച്ചയായാണ് ചർച്ച നടന്നത്.
സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ രൂപപ്പെടുത്തിയ ധാരണകൾ വേഗം യാഥാർഥ്യമാക്കാനും, ഉഭയകക്ഷി സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ചർച്ചയിൽ തീരുമാനമായി. രാഷ്ട്രീയ കൂടിയാലോചനകൾ ശക്തമാക്കുന്നതിനൊപ്പം ഇരുപക്ഷത്തിനും താൽപര്യമുള്ള വാണിജ്യ, നിക്ഷേപ മേഖലകളിൽ പുതിയ പങ്കാളിത്തത്തിനുള്ള സാധ്യതകൾ കണ്ടെത്താനും ചർച്ചയിൽ ഊന്നൽ നൽകി.
ഏറ്റവും പുതിയ അന്താരാഷ്ട്ര, പ്രാദേശിക സംഭവവികാസങ്ങളും ഫോൺ സംഭാഷണത്തിൽ അവലോകനം ചെയ്തു. ആഗോളതലത്തിലും പശ്ചിമേഷ്യയിലും സമാധാനവും സുസ്ഥിരതയും നിലനിർത്താൻ രാഷ്ട്രീയ-നയതന്ത്ര ഇടപെടലുകൾ ഊർജ്ജിതമാക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. ഒമാനും കാനഡയും തമ്മിലുള്ള ദീർഘകാല സൗഹൃദം പുതിയ തലങ്ങളിലേക്ക് ഉയർത്താൻ ഈ ചർച്ചകൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

