ഉഭയകക്ഷി സഹകരണം വിപുലപ്പെടുത്തി ഒമാനും
text_fieldsമസ്കത്ത്: ഒമാൻ സുൽത്താന്റെ ബെലറൂസ് സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളു ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനായി രണ്ട് പ്രധാന കരാറുകളിലും നാല് ധാരണപത്രങ്ങളിലും ഒപ്പുവെച്ചു. സുൽത്താന്റെയും ബെലറൂസ് പ്രസിഡന്റിന്റെയും സാന്നിധ്യത്തിലായിരുന്നു ഒപ്പിടൽ ചടങ്ങ്.
സാധാരണ പാസ്പോർട്ടുകൾ കൈവശമുള്ളവർക്ക് പരസ്പര വിസയിളവ്, അന്താരാഷ്ട്ര കര ചരക്കിൽ വ്യാപാര, ലോജിസ്റ്റിക് സഹകരണം വികസിപ്പിക്കുന്നതിനുള്ള ഒരു റോഡ്മാപ് എന്നിവ കരാറുകളിൽ ഉൾപ്പെടുന്നു.
ജുഡീഷ്യറി, ആരോഗ്യം, കൃഷി, മത്സ്യബന്ധന മേഖലകളിലെ സഹകരണം, ബെലറൂസിൽ ഒരു പൾപ്പ് ഉൽപാദന സൗകര്യം സ്ഥാപിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും ഉൾപ്പെടെയുള്ള സംയുക്ത നിക്ഷേപ പദ്ധതികൾ ധാരണപത്രത്തിൽ വരുന്നു. സാമ്പത്തിക, വ്യാപാര, നിക്ഷേപമേഖലകളിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പങ്കിട്ട പ്രതിബദ്ധതയെ സന്ദർശനം പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് സുൽത്താൻ പറഞ്ഞു.
പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുമായും ബെലറൂസ് ഗവൺമെന്റിലെ മുതിർന്ന അംഗങ്ങളുമായും നടത്തിയ ഔദ്യോഗിക ചർച്ചകളിൽ അദ്ദേഹം ശുഭാപ്തിവിശ്വാസവും പ്രകടിപ്പിച്ചു. സുസ്ഥിരവികസനത്തിനും പരസ്പരസമൃദ്ധിക്കും പിന്തുണ നൽകുന്ന പങ്കാളിത്തത്തിന്റെ പുതിയ വഴികൾ പര്യവേക്ഷണം ചെയ്യാനുള്ള ഒമാന്റെ താൽപര്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. സുൽത്താൻ ഹൈതം ബിൻ താരിഖ് മിൻസ്കിലെ സ്റ്റേറ്റ് മ്യൂസിയം ഓഫ് ദി ഹിസ്റ്ററി ഓഫ് ദി ഗ്രേറ്റ് പേട്രിയോട്ടിക് വാർ സന്ദർശിച്ചു.
രണ്ടാം ലോകയുദ്ധസമയത്ത് ബെലറൂസ് ജനതയുടെ അനുഭവങ്ങളും ത്യാഗങ്ങളും വിവരിക്കുന്ന മ്യൂസിയത്തിലെ വിവിധ വിഭാഗങ്ങളും പ്രദർശനങ്ങളും അദ്ദേഹം കണ്ടു. ബെലറൂസിന്റെ ആധുനിക ചരിത്രത്തെ രൂപപ്പെടുത്തിയ നിർണായക സംഭവങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നേടിക്കൊണ്ട് അദ്ദേഹം നിരവധി പുരാവസ്തുക്കൾ, ചരിത്ര രേഖകൾ, ആയുധങ്ങൾ, സംവേദനാത്മക പ്രദർശനങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്തു.
സുൽത്താന്റെ സന്ദർശനത്തോടനുബന്ധിച്ച് ഉഭയകക്ഷി സാമ്പത്തിക, നിക്ഷേപസഹകരണം അവലോകനം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഒമാനി, ബെലറൂസ് ഉദ്യോഗസ്ഥരും ബിസിനസുകാരും യോഗം ചേർന്നു. രണ്ട് സൗഹൃദ രാജ്യങ്ങൾക്കിടയിൽ വ്യാപാരം വികസിപ്പിക്കുന്നതിനും ആഴത്തിലുള്ള സാമ്പത്തിക പങ്കാളിത്തം വളർത്തുന്നതിനുമുള്ള പുതിയ സാധ്യതകൾ തിരിച്ചറിയുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്.
അതേസമയം, രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ബെലറൂസിൽനിന്ന് ചൊവ്വാഴ്ച മടങ്ങി. ഒമാൻ-ബെലറൂസ് ബന്ധങ്ങളിൽ പുതിയ അധ്യായം കുറിച്ചാണ് സുൽത്താന്റെ സന്ദർശനം പൂർത്തിയായത്. മിൻസ്ക് വിമാനത്താവളത്തിൽ പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുടെ നേതൃത്വത്തിൽ സുൽത്താനും ഔദ്യോഗിക പ്രതിനിധിസംഘത്തിനും യാത്രയയപ്പ് നൽകി.
മസ്കത്തിലും മിൻസ്കിലും എംബസികൾ തുറക്കും
മസ്കത്ത്: നയതന്ത്ര, സാമ്പത്തികബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഒമാനും ബെലറൂസും തലസ്ഥാനങ്ങളിൽ എംബസികൾ തുറക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖും പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയും തമ്മിൽ മിൻസ്കിൽ നടന്ന ഉന്നതതല ചർച്ചകളിലാണ് ഈ തീരുമാനം.
സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രായോഗികനീക്കമെന്ന നിലയിൽ ഇരുനേതാക്കളും ഈ സംരംഭത്തെ സ്വാഗതം ചെയ്തു. മസ്കത്തിലും മിൻസ്കിലും നയതന്ത്രദൗത്യങ്ങൾ സ്ഥാപിക്കുന്നത് ഉഭയകക്ഷി ഇടപെടലിൽ ഒരു നല്ല സംഭവവികാസമാണെന്ന് സുൽത്താൻ പറഞ്ഞു. വ്യാപാര, സാമ്പത്തിക സഹകരണത്തിലെ വർധിച്ചുവരുന്ന വേഗത്തെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രായോഗിക നീക്കമാണിതെന്ന് പ്രസിഡന്റ് ലുകാഷെങ്കോയും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

